കന്നുകാലി കശാപ്പ്; വിജ്ഞാപനം സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി

Wednesday 7 June 2017 9:24 pm IST

കൊച്ചി : കന്നുകാലികളെ കശാപ്പിനായി ചന്തകളില്‍ വില്‍ക്കരുതെന്ന കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി തയ്യാറായില്ല. വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഹര്‍ജികള്‍ ജൂണ്‍ 28 ന് അന്തിമ വാദം കേള്‍ക്കാനായി മാറ്റി. ഹൈബി ഈഡന്‍ എംഎല്‍എ, കെ. യു കുഞ്ഞുമുഹമ്മദ് , ടി. പി. സാദിക്ക്, ടി.പി. സാഹിദ് എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. ചട്ടം നിയമത്തിന് വിരുദ്ധമാണെങ്കില്‍ അസാധുവാക്കാന്‍ കഴിയുമെന്നും പരോക്ഷമായാണ് നിയമത്തെ ബാധിക്കുന്നതെങ്കില്‍ കോടതി ജാഗ്രത പാലിക്കണമെന്നും വ്യക്തമാക്കി സുപ്രീം കോടതിയുടെ ഉത്തരവുണ്ട്. പരോക്ഷമായി കശാപ്പിനെ ചട്ടം ബാധിക്കുമെന്നതാണ് ഹര്‍ജിക്കാരുടെ വാദം. ഇതു പ്രഥമദൃഷ്ട്യാ ശരിയാണെങ്കിലും സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഈ ഘട്ടത്തില്‍ ഇടപെടുന്നില്ല. കന്നുകാലി സംരക്ഷണം സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍പ്പെട്ട വിഷയമാണെന്നിരിക്കെ കശാപ്പിനായി കാലികളെ വില്‍ക്കുന്നതു നിയന്ത്രിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടത്തിന്റെ സാധുതയാണ് ഹൈക്കോടതി പരിശോധിക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിയമ നിര്‍മ്മാണം നടത്തിയിരുന്നു. ഇതില്‍ ഭക്ഷണത്തിനായി കന്നുകാലികളെ കൊല്ലുന്നത് ഉള്‍പ്പെടില്ല. ഇതിനു വിരുദ്ധമായി കന്നുകാലി ചന്തയും കശാപ്പും ഉള്‍പ്പെടുത്തി ചട്ടം കൊണ്ടുവന്നാല്‍ നിലനില്‍ക്കില്ലെന്ന ഹര്‍ജിക്കാരുടെ വാദത്തില്‍ കഴമ്പുണ്ടെന്നും ചട്ടത്തിന്റെ ലക്ഷ്യവും സ്വഭാവവും പരിശോധിക്കേണ്ടതുണ്ടെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.