കൊച്ചി മെട്രോ അതുക്കും മേലെ

Wednesday 7 June 2017 11:51 pm IST

കൊച്ചി: പാലാരിവട്ടം മെട്രോ സ്‌റ്റേഷന്‍. രാവിലെ 10.15. വെല്‍ക്കം ടു കൊച്ചി മെട്രോ........അനൗണ്‍സ്‌മെന്റ് മുഴങ്ങിയപ്പോള്‍ അതുവരെ പതുങ്ങിക്കിടന്ന മെട്രോ ട്രെയിന്‍ കുതിച്ചു പാഞ്ഞു. അടുത്ത സ്റ്റേഷന്റെ പേര് യാത്രക്കാരെ ഓര്‍മപ്പെടുത്തിയായിരുന്നു ആ കുതിച്ചു പായല്‍. ചങ്ങമ്പുഴ പാര്‍ക്ക്....ചങ്ങമ്പുഴ പാര്‍ക്ക് എന്ന് പലതവണ ട്രെയിനില്‍ നിന്ന് ശബ്ദമുയര്‍ന്നു. യാത്രക്കാര്‍ക്ക് ഇറങ്ങേണ്ട സ്ഥലം കൃത്യമായി നല്‍കാനായിരുന്നു ഈ വിളിച്ചുകൂവല്‍. ട്രെയിനിലെ സ്‌ക്രീനില്‍ അടുത്ത സ്‌റ്റേഷന്റെ വിവരങ്ങള്‍ കൃത്യമായി തെളിഞ്ഞു. എന്നാല്‍, യാത്രക്കിടെ ഇത് ശ്രദ്ധിക്കാന്‍ കഴിയാത്തവര്‍ക്കും കാഴ്ചശക്തിയില്ലാത്തവര്‍ക്കുമായിട്ടായിരുന്നു അനൗണ്‍സ്‌മെന്റ്. ജൂണ്‍ 17ന് പ്രധാനമന്ത്രി മെട്രോ ഉദ്ഘാടനം ചെയ്യാനിരിക്കെയുള്ള പരീക്ഷണ ഓട്ടത്തിന്റ സീനാണ് കണ്ടത്. 1984ല്‍ കൊല്‍ക്കത്തയിലാണ് രാജ്യത്തെ ആദ്യത്തെ മെട്രോ തുടങ്ങിയത്. തുടര്‍ന്ന് ദല്‍ഹി, ബെംഗളൂരു, ജയ്പൂര്‍, ഗുര്‍ഗാവ്, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലും മെട്രോ എത്തി. ഈ മെട്രോകള്‍ക്കൊന്നും അവകാശപ്പെടാന്‍ കഴിയാത്ത സംവിധാനങ്ങളാണ് രാജ്യത്തെ എട്ടാമത്തെ മെട്രോയായ കൊച്ചിയിലുള്ളത്. കമ്മ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ (സിബിടിസി) സംവിധാനമുള്ള രാജ്യത്തെ ആദ്യ മെട്രോയാണ് കൊച്ചിയിലേത്. ഡ്രൈവര്‍ ഇല്ലാതെ ട്രെയിന്‍ ഓടിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍, ആദ്യഘട്ടത്തില്‍ ഡ്രൈവറോടുകൂടിയായിരിക്കും മെട്രോ സര്‍വീസ് നടത്തുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.