പനിച്ചുവിറച്ച് ഇതുവരെ മരിച്ചത് 80 പേര്‍

Thursday 8 June 2017 12:01 am IST

കൊച്ചി: സംസ്ഥാനത്ത് പനി വ്യാപകമാകുന്നു. ഇക്കൊല്ലം ഇതുവരെ 10ലക്ഷത്തിലധികം പേര്‍ക്ക് പനി പിടിപെട്ടു. 80 മരണവുമുണ്ടായി. എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചാണ് ഇതിലേറെയും മരണം. 49 പേരാണ് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരിച്ചത്. ഡെങ്കിപ്പനി പിടിപെട്ട് 10 പേരും വൈറല്‍ പനി ബാധിച്ച് 15 പേരും മരിച്ചു. എലിപ്പനി ബാധിച്ച് ആറുമരണവുമുണ്ടായി. സംസ്ഥാനത്ത് ദിവസം ശരാശരി 900 പേരാണ് ഡെങ്കിപ്പനിക്ക് ചികിത്സ തേടുന്നത്. ഇതില്‍ 400 ഓളം പേര്‍ തിരുവനന്തപുരത്തുകാരാണ്. പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, മലപ്പുറം, കൊല്ലം, പാലക്കാട്, തുടങ്ങിയ ജില്ലകളിലും ഡെങ്കിപ്പനി വ്യാപകമാണ്. 674 പേര്‍ക്കാണ് സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ സ്ഥിരീകരിച്ചത്. ഇതില്‍ 49 പേര്‍ മരിച്ചു. എറണാകുളം, കൊല്ലം, കോഴിക്കോട് ജില്ലകളിലാണ് എച്ച് വണ്‍ എന്‍ വണ്‍ വ്യാപകമായിട്ടുള്ളത്. വേനല്‍ക്കാലത്ത് മാത്രം കണ്ടിരുന്ന ചിക്കന്‍ പോക്‌സ് മഴക്കാലത്തും പടരുകയാണ്. സംസ്ഥാനമൊട്ടാകെ ഇതുവരെ 17,283 പേര്‍ക്കാണ് ചിക്കന്‍പോക്‌സ് പിടിപെട്ടത്. ഇതില്‍ ആറുപേര്‍ മരിച്ചു. മഞ്ഞപ്പിത്തം പിടിപെട്ട 322 പേരില്‍ മൂന്നുപേരും എലിപ്പനി പിടിപെട്ട 567 പേരില്‍ ആറുപേരും മരിച്ചു. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകാതിരുന്നതാണ് പകര്‍ച്ചവ്യാധിയും പനിയും വ്യാപകമാകാന്‍ കാരണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിയതോടെ കൊതുകും പെരുകി. പനിബാധിച്ചുള്ള മരണങ്ങളേറിയിട്ടും സര്‍ക്കാര്‍ അലംഭാവം തുടരുകയാണെന്നാണ് ആരോപണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.