ചെല്ലാനത്ത് കടല്‍ക്ഷോഭം

Thursday 8 June 2017 12:06 am IST

പള്ളുരുത്തി: ചെല്ലാനം തീരത്ത് കടല്‍ കയറി. ചൊവ്വാഴ്ച രാത്രി വേലിയേറ്റ സമയത്താണ് അതിശക്തമായി കടല്‍ കരയിലേക്ക് കയറിയത്. വേളാങ്കണ്ണി, മറുവക്കാട്, കമ്പിനിപ്പടിപടിഞ്ഞാറ് ആലുങ്കല്‍ കടപ്പുറം, ബസ്സാര്‍, പുത്തന്‍തോട് കടപ്പുറം തുടങ്ങിയ സ്ഥലങ്ങളിലാണ് രൂക്ഷമായ കടല്‍കയറ്റമുണ്ടായത്. ബുധനാഴ്ച പകല്‍ വേലിയേറ്റ സമയത്തും കടല്‍ വെള്ളം കരയിലേക്ക് ഇരച്ചുകയറി. അറുപതോളം വീടുകളില്‍ കടല്‍വെള്ളം കയറിയിട്ടുണ്ട്. കടല്‍ഭിത്തി ഇല്ലാത്തിടങ്ങളിലാണ് ജനം ഏറെ വലഞ്ഞത്. രാവും പകലും ശക്തമായ കടലിരമ്പമാണ്. കൊച്ചി തഹസില്‍ദാര്‍ ജോയി മാത്യു സ്ഥലം സന്ദര്‍ശിച്ചു. കടല്‍ഭിത്തി ഇല്ലാത്തിടത്ത് മണല്‍ വാടകള്‍ തീര്‍ക്കുന്നതിന് ആദ്യഘട്ടം ആറായിരം ചാക്കുകള്‍ നല്‍കിയതായി ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോയി പറഞ്ഞു. കമ്പിനിപ്പടി ഭാഗത്ത് നാല്പതു മീറ്റര്‍ ഭാഗത്ത് ആദ്യഘട്ടം മണല്‍ വാട തീര്‍ക്കും. സാധാരണ ഗതിയില്‍ വാവ് പക്കം വരുന്ന നാളുകളിലാണ് ശക്തമായ കടല്‍ക്ഷോഭം ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ വെളുത്തവാവിന് മൂന്നു ദിവസം മുന്‍പ് ഉണ്ടായ കടല്‍കയറ്റം നാട്ടുകാരെ ആശങ്കയിലാഴ്ത്തി. വാവ് വരുന്ന ദിനത്തില്‍ വേലിയേറ്റവും, കടലാക്രമണവും രൂക്ഷമാകുമെന്നതിനാല്‍ അധികൃതര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടറേയും എഡിഎംനേയും സന്ദര്‍ശിച്ച് കടല്‍കയറ്റം തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെ.ന്ന് ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.