യു എന്‍ മുന്നറിയിപ്പ് അവഗണിച്ച് വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം

Thursday 8 June 2017 12:31 pm IST

സിയോള്‍: ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ് വകവെയ്ക്കാതെ ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. കിഴക്കന്‍ തീരദേശ നഗരമായ വൊന്‍സണില്‍ നിന്നാണ് മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചത്. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് ദക്ഷിണ കൊറിയന്‍ സൈന്യമാണ് വിവരം നല്‍കിയത്. 200 കിലോമീറ്റര്‍ സഞ്ചരിച്ച് യുദ്ധക്കപ്പലുകളടക്കം തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്ചയാണ് ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമിതി മിസൈല്‍ പരീക്ഷണം നടത്തരുതെന്ന് ഉത്തരകൊറിയയ്ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കിയത്. ഉത്തരകൊറിയയ്ക്ക് മേല്‍ രക്ഷാസമിതി ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു. ഇതെല്ലാം കാറ്റില്‍പ്പറത്തിയാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം നടന്നിട്ടുള്ളത്. മെയ് 10 ന് ശേഷം ഉത്തരകൊറിയ നടത്തുന്ന നാലാമത്തെ മിസൈല്‍ പരീക്ഷണമാണ് വ്യാഴാഴ്ച നടന്നത്. നേരത്തെ വ്യോമാക്രമണ പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോങ് ഉന്‍ പ്രഖ്യാപിച്ചിരുന്നു. കിംഗ് ജോങ് ഉന്നിനെ ഉദ്ധരിച്ച് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎന്‍എയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഉന്‍ നേരിട്ടെത്തി പരീക്ഷണം വിലയിരുത്തിയെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യോമാക്രമണ പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചതോടെ കൂടുതല്‍ ഉല്‍പ്പാദിപ്പിച്ച് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സ്ഥാപിക്കാനും ഉന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഏത് തരത്തിലുള്ള ഉപകരണമാണ് ഉത്തരകൊറിയ വികസിപ്പിച്ചത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. ഉത്തരകൊറിയയ്ക്ക് വേണ്ടി ആണവായുധങ്ങളും മിസൈലുകളും നിര്‍മിക്കുന്ന അക്കാദമി ഓഫ് നാഷണല്‍ ഡിഫന്‍സ് സയന്‍സാണ് വ്യോമാക്രമണ പ്രതിരോധ സംവിധാനവും വികസിപ്പിച്ചെടുത്തിട്ടുള്ളത്. രാജ്യത്തെ ലക്ഷ്യം വച്ച് ഏത് ഭാഗത്തുനിന്നുള്ള വ്യോമാക്രമണങ്ങളെയും നിര്‍വീര്യമാക്കാന്‍ ഉതകുന്നതാണ് പ്രതിരോധസംവിധാനമെന്നാണ് ഉത്തരകൊറിയയുടെ അവകാശവാദം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.