യാത്രക്കാര്‍ ദുരിതത്തില്‍; മേലില വഴി കെഎസ്ആര്‍ടിസി സര്‍വ്വീസില്ല

Thursday 8 June 2017 1:32 pm IST

പത്തനാപുരം: യാത്രക്കാരെ ദുരിതത്തിലാക്കി കെഎസ്ആര്‍ടിസിയുടെ നടപടി. മേലില ക്ഷേത്രം വഴി കൊട്ടാരക്കരയിലേക്കും പുനലൂരിലേക്കുമുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസുകള്‍ മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കി. ഇതോടെ നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ജനോപകാരപ്രദമായ ബസ്‌സര്‍വ്വീസ് നിര്‍ത്തിയതിനെതിരെ പ്രതിഷേധം ശക്തമാണ്. യാത്രക്കാരോടുളള കെഎസ്ആര്‍ടിസിയുടെ അവഗണനക്കെതിരെ വകുപ്പ് മന്ത്രിക്കും എംഎല്‍എയ്ക്കും പരാതി നല്‍കാനാണ് ബിജെപി തീരുമാനം. ഇതിനായി ജനകീയ ഒപ്പ് ശേഖരണം നടത്തുമെന്ന് ബിജെപി മേലില പഞ്ചായത്ത് സമിതി പ്രസിഡന്റ് രമേശ് മേലില പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ പെരുവഴിയിലായ സാഹചര്യത്തിലാണ് ബിജെപിയുടെ തീരുമാനം. കാലങ്ങളായി ഇതുവഴി സര്‍വീസ് നടത്തിയിരുന്ന ബസുകളാണ് മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കിയത്. സ്വകാര്യസര്‍വീസുകള്‍ നിര്‍ത്തലാക്കിയാണ് കെഎസ്ആര്‍ടിസി ഇതുവഴി സര്‍വീസുകള്‍ ആരംഭിച്ചത്. സര്‍വ്വീസുകള്‍ നിര്‍ത്തലാക്കി യാത്രക്കാരെ ബുദ്ധിമുട്ടിക്കരുതെന്ന കോടതിവിധി നിലനില്‍ക്കെയാണ് അധികൃതരുടെ മിന്നല്‍ നടപടി. ഗ്രാമപ്രദേശത്തെ സാധാരണക്കാര്‍ക്ക് ആശ്രയമായ സര്‍വീസുകള്‍ സമയക്രമം പാലിക്കാതെ സര്‍വ്വീസ് നടത്തുന്നതാണ് ദിവസവരുമാനം കുറയാന്‍ കാരണം. ജനങ്ങളുടെ യാത്രദുരിതത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറായില്ലങ്കില്‍ സമരം ശക്തമാക്കാനാണ് ബിജെപി തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.