കേന്ദ്രം സഹായിക്കുന്നു; കേരളം വഞ്ചിക്കുന്നു

Thursday 8 June 2017 8:47 pm IST

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ കേരളത്തിനുവേണ്ടി എന്തുചെയ്തുവെന്ന് ചോദിക്കുന്ന ഭരണ പ്രതിപക്ഷ നേതാക്കളുണ്ട്. കേരളത്തെ അവഗണിക്കുന്നുവെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ഇടക്കിടെ ഉരുവിടുന്നുമുണ്ട്. ഇതിനുള്ള മറുപടി കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ബിജെപി അധ്യക്ഷന്‍ അമിത് ഷാ കണക്കുകള്‍ നിരത്തി പറഞ്ഞിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ധനകാര്യകമ്മിഷന്‍ ശുപാര്‍ശ പ്രകാരം കേന്ദ്ര നികുതി വിഹിതമായി കേരളത്തിന് കിട്ടിയത് 33368 കോടിയാണ്. ബിജെപി സര്‍ക്കാരിന്റെ കാലത്ത് 98932 കോടിയും. ആദ്യ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രസഹായം 5476 കോടിയായിരുന്നു. ബിജെപി സര്‍ക്കാര്‍ നല്‍കിയത് 70960 കോടിയും. കോണ്‍ഗ്രസ് സര്‍ക്കാര്‍ ധനകാര്യ കമ്മി നികത്താന്‍ നയാപൈസ നല്‍കിയില്ല. മോദി സര്‍ക്കാര്‍ 9519 കോടി നല്‍കി. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് 2732 കോടിയില്‍ നിന്ന് 7683 കോടിയായി ഉയര്‍ത്തി. വിവിധ ഗ്രാന്റുകളിലായി 70000 കോടിയുടെ വര്‍ദ്ധനയാണ് ഉണ്ടായത്. കേരളത്തിന് വികസന പദ്ധതികള്‍ക്കായി 150000 കോടിയുടെ ധനസഹായം നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കി. കൊച്ചി സ്മാര്‍ട്ട് സിറ്റിക്ക് 194 കോടി, അമൃത നഗരങ്ങള്‍ക്ക് 2359 കോടി, കൊച്ചി മെട്രോയ്ക്ക് 1257 കോടി, മൈക്രോ ഇറിഗേഷന് 180 കോടി, മത്സ്യത്തൊഴിലാളി ക്ഷേമത്തിന് 130 കോടി, ആഴക്കടല്‍ തുറമുഖ വികസനത്തിന് 2500 കോടി എന്നിങ്ങനെ അനുവദിച്ചു. റെയില്‍വേ വികസനത്തിന് 25000 കോടിയും ദേശീയ പാത വികസനത്തിന് 64000 കോടിയും നല്‍കി. 100 കോടിയിലധികം ചെലവ് വരുന്ന പദ്ധതികളാണ് ഇവ. ഇതിനുപുറമെ വിവിധ ചെറിയ പദ്ധതികള്‍ക്ക് കോടികള്‍ അനുവദിച്ചിട്ടുണ്ട്. കേരളത്തില്‍ 32 ലക്ഷം ജന്‍ധന്‍ അക്കൗണ്ടുകള്‍ തുടങ്ങി. മുദ്രാ ബാങ്കിലൂടെ 19.59 ലക്ഷം പേര്‍ക്ക് 11655 കോടി വായ്പ നല്‍കി. ഒരു കോടി എല്‍ഇഡി ബള്‍ബ് നല്‍കി. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേരളത്തിനു കിട്ടിയ ധനസഹായത്തിന്റെ കണക്ക് വെളിപ്പെടുത്താന്‍ അമിത് ഷാ കേരള മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തു. വെല്ലുവിളി സ്വീകരിക്കുകയോ കണക്ക് അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. കേന്ദ്ര പദ്ധതികള്‍ ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അത് പ്രതീക്ഷിക്കുകയും വേണ്ട. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കേന്ദ്ര പദ്ധതികള്‍ കേരളം തുരങ്കം വെയ്ക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ). ഭവനരഹിതര്‍ക്കുളള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പിഎംഎവൈ കേരളം അട്ടിമറിച്ചത് ഏറെ ഗൗരവത്തില്‍ ചിന്തിക്കേണ്ട വിഷയമാണ്. പദ്ധതി പ്രകാരം 60 ശതമാനം തുക കേന്ദ്രവും ബാക്കി 40 ശതമാനം സംസ്ഥാനത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിഹിതമാണ്. വീടില്ലാത്തവരുടെ എണ്ണം സംസ്ഥാനത്ത് കൂടിവരുമ്പോള്‍ കേന്ദ്ര പദ്ധതി പ്രകാരം കിട്ടുമായിരുന്ന 19,768 വീടുകള്‍ നഷ്ടമായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയും പിടിപ്പുകേടും മൂലമാണിതെന്നത് ശ്രദ്ധേയമാണ്. പല കേന്ദ്ര പദ്ധതികളേയും തുരങ്കംവയ്ക്കാന്‍ കേരളം ശ്രമിച്ചതിന്റെ വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ട്. നല്ല ചില കേന്ദ്ര പദ്ധതികള്‍ സ്വന്തം പദ്ധതികളായി അവതരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ പാവങ്ങള്‍ക്ക്് വീടുനല്‍കുന്ന പദ്ധതി രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ നഷ്ടപ്പെടുത്തുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. പിഎംഎവൈ പ്രകാരം ഇതുവരെ കേരളത്തില്‍ പൂര്‍ത്തിയായത് 313 വീടുകള്‍ മാത്രമാണ്. ഇത് കേരളത്തിന്റെ അലസതയുടേയും അവഗണനയുടേയും നേര്‍ചിത്രമാണ്. കഴിഞ്ഞ വര്‍ഷം കേരളം ലക്ഷ്യമിട്ടത് 32,559 വീടുകളായിരുന്നു എന്നുകൂടി അറിയുമ്പോഴാണ് 313 എവിടെ എന്നറിയുന്നത്. ലക്ഷ്യം 32,559 വീടുകളായിരുന്നു എങ്കിലും 12,791 വീടുകള്‍ക്ക് മാത്രമാണ് സംസ്ഥാനം അനുമതി നല്‍കിയത്. ഇതുമൂലം സംസ്ഥാനത്തിന് ലഭിക്കുമായിരുന്ന 19,768 വീടുകളാണ് നഷ്ടമായത്. സാങ്കേതിക കുരുക്കുകളും അധികൃതരുടെ പിടിപ്പുകേടുമാണ് ഇത്രയധികം വീടുകള്‍ നഷ്ടപ്പെടാന്‍ കാരണം. സംസ്ഥാന സര്‍ക്കാര്‍ ഭവനരഹിതര്‍ക്കായി 'ലൈഫ്' എന്ന പദ്ധതി തുടങ്ങിയതോടെ പിഎംഎവൈയ്ക്ക് വിഹിതം മാറ്റിവയ്ക്കാന്‍ താല്‍പര്യം കാണിക്കാത്തതും പദ്ധതിയുടെ നടത്തിപ്പിനെ ബാധിച്ചു. അര്‍ഹരായവരെ കേന്ദ്രസര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്നതിലും വീഴ്ചയുണ്ടായി. സംസ്ഥാനത്തെ മുഴുവന്‍ അര്‍ഹരായ ഗുണഭോക്താക്കളെയും കണ്ടെത്തനായില്ല. 32,559 ഗുണഭോക്താക്കളുടെ സ്ഥാനത്ത് 21,679 പേരെ മാത്രമാണ് കണ്ടെത്തിയത്. വീടുകള്‍ നഷ്ടപ്പെടുന്നവയില്‍ കൂടുതലും പട്ടികവിഭാഗത്തില്‍പ്പെട്ടവരുടേതാണ്. ഇതിന് കാരണം സ്വന്തമായി രണ്ട് സെന്റ് സ്ഥലമില്ലാത്തതാണ്. രണ്ട് സെന്റ് സ്വന്തം പേരില്‍ ഉണ്ടെങ്കില്‍ മാത്രമേ വീട് വയ്ക്കാന്‍ സാമ്പത്തിക സഹായം ലഭിക്കുകയുള്ളൂ.വീടില്ലാത്തവരുടെ പട്ടിക തദ്ദേശസ്ഥാപനങ്ങളിലെ ഗ്രാമസഭ കൂടി അംഗീകരിക്കണം. വീട് ലഭിക്കണമെങ്കില്‍ ഗുണഭോക്താക്കള്‍ കേന്ദ്ര ഗ്രാമീണ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍ വഴിയാണ് വീടുകള്‍ അനുവദിക്കുന്നത്. ഇതൊന്നും ചെയ്യാതിരുന്നതാണ് പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കിട്ടേണ്ട വീടുകള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കിയത്്. പാവങ്ങളുടെ പേരില്‍ കണ്ണീര്‍ വാര്‍ക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ കേന്ദ്ര വിരോധം മൂലം പട്ടികജാതിക്കാര്‍ക്ക് കിട്ടേണ്ട വീടുകള്‍ ഇല്ലാതാക്കിയത് ക്ഷമിക്കാനാവില്ല. അതിനു പിന്നില്‍ ആരായാലും അവരെ ജനമധ്യത്തില്‍ തുറന്നുകാട്ടണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.