ജസ്റ്റിസ് കര്‍ണനെ തേടി പോലീസ് അലയുന്നു

Thursday 8 June 2017 9:29 pm IST

കൊല്‍ക്കത്ത: ഒരുമാസം മുമ്പ് അറസ്റ്റ് ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവിട്ട കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണനെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പോലീസിന്റെ രണ്ടു സംഘങ്ങളാണ് കര്‍ണനെ തേടി അലയുന്നത്. നാലു ദിവസത്തിനുളളില്‍ പിടികൂടിയാല്‍ സര്‍വീസിലിരിക്കെ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ ഹൈക്കോടതി ജഡ്ജിയെന്ന ദുഷ്‌പേര് കര്‍ണന് സ്വന്തമാകും. ജൂണ്‍ 12ന് കര്‍ണന്‍ സര്‍വീസില്‍ നിന്ന് വിരമിക്കും. മുതിര്‍ന്ന ജഡ്ജിമാരുമായുളള കലഹത്തെ തുടര്‍ന്നാണ് സുപ്രീംകോടതി മെയ് 9ന് കര്‍ണന് ആറുമാസം ജയില്‍ ശിക്ഷ വിധിച്ചത്. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ണന്റെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസവും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി വാദം കേള്‍ക്കാന്‍ തയ്യാറായില്ല. ദളിതനായതിനാലാണ് മുതിര്‍ന്ന ജഡ്ജിമാര്‍ തന്നെ ലക്ഷ്യമിടുന്നതെന്നാണ് കര്‍ണന്റെ ആരോപണം. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ബംഗാള്‍ ഡിജിപി രാജ് കനോജിയ തലവനായ രണ്ട് പോലീസ് സംഘങ്ങള്‍ കര്‍ണനെ തേടി അദ്ദേഹത്തിന്റെ നാടായ തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ ഗ്രാമത്തിലെത്തി. എന്നാല്‍ പോലീസിനെ വെട്ടിച്ച് കര്‍ണന്‍ കടന്നു. മൊബൈല്‍ ഫോണ്‍ ഓഫും ചെയ്തു. കര്‍ണന്റെ ഗ്രാമത്തിലെത്തിയ തങ്ങള്‍ക്ക് അദ്ദേഹം എവിടെയാണെന്ന് കണ്ടെത്തുന്നതിനുളള വിവരങ്ങളൊന്നും ഗ്രാമവാസികള്‍ നല്‍കിയില്ലെന്ന് ഡിജിപി കനോജിയ പറഞ്ഞു. പോലീസ് സംഘം ചെന്നൈയിലും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനെത്തുടര്‍ന്ന് കര്‍ണന്‍ നേപ്പാളിലേക്കോ ബംഗ്ലാദേശിലേക്കോ കടന്നതായി അഭ്യൂഹം ഉയര്‍ന്നു. അതിനിടെ, കര്‍ണന്‍ വിരമിക്കുന്ന ജൂണ്‍ 12നു ശേഷം പോലീസ് തെരച്ചില്‍ ശക്തിപ്പെടുത്തണമെന്ന് ഒരു വിഭാഗം നിയമവിദ്ഗധര്‍ അഭിപ്രായപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.