മോദി- പിങ് കൂടിക്കാഴ്ച ഇന്ന്

Thursday 8 June 2017 9:52 pm IST

ന്യൂദല്‍ഹി: ദ്വിദിന ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കസാക്കിസ്ഥാന്റെ തലസ്ഥാനമായ അസ്താനയിലെത്തി. ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ് അടക്കമുള്ള വിവിധ രാഷ്ട്രത്തലവന്മാരുമായി മോദി കൂടിക്കാഴ്ച നടത്തും. ചൈനീസ് പ്രസിഡന്റുമായുള്ള മോദിയുടെ കൂടിക്കാഴ്ച ഇന്നാണ്. ദക്ഷിണേഷ്യയിലെ ചൈനയുടെ പ്രധാന പദ്ധതിയായ വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതി സംബന്ധിച്ച് ഇരു രാഷ്ട്രത്തലവന്മാരും തമ്മില്‍ ചര്‍ച്ച ഉണ്ടായേക്കും. ഇന്ത്യയുടെ ആണവ വിതരണ ഗ്രൂപ്പ് അംഗത്വ വിഷയവും ചര്‍ച്ചയില്‍ വരും. അസ്താനയില്‍ കസാക്ക് പ്രസിഡന്റ് നുര്‍സുല്‍ത്താന്‍ നസര്‍ബയേവുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയ പ്രധാനമന്ത്രി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനാവശ്യമായ സഹകരണം വാഗ്ദാനം ചെയ്തു. ആഗോള ജിഡിപിയുടെ 20 ശതമാനവും ലോകജനസംഖ്യയുടെ 40 ശതമാനവും ഉള്‍ക്കൊള്ളുന്ന രാജ്യങ്ങള്‍ അംഗങ്ങളായ ഷാങ്ഹായ് സഹകരണ സംഘടന(എസ്‌സിഒ)യിലെ സ്ഥിരം അംഗമായി ഉടന്‍ തന്നെ ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫേസ്ബുക്കില്‍ കുറിച്ചു. വാണിജ്യം, സാമ്പത്തികം, ഊര്‍ജ്ജം, ഗതാഗതം, ബാങ്കിംഗ്, കണക്ടിവിറ്റി തുടങ്ങിയ വിവിധ മേഖലകളില്‍ പരസ്പരം സഹകരിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് എസ്‌സിഒ. ചൈന, റഷ്യ, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും പാക്കിസ്ഥാനും യോഗത്തില്‍ ക്ഷണിതാക്കളാണ്. യൂറേഷ്യന്‍ മേഖലയെ ഭീകരവാദ വിമുക്തമാക്കിത്തീര്‍ക്കുന്നതിനുള്ള ഉത്തരവാദിത്വം ഷാങ്ഹായ് അംഗരാജ്യങ്ങളായ എട്ടു രാജ്യങ്ങള്‍ക്കുമുണ്ട്. 1996മുതല്‍ ഷാങ്ഹായ് ഉച്ചകോടിയുടെ നിരീക്ഷണ പദവി ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ പാക്കിസ്ഥാനുമായി ഷാങ്ഹായ് ഉച്ചകോടിക്കിടെ യാതൊരുവിധ ചര്‍ച്ചകളുമുണ്ടാകില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി. സമാധാന ചര്‍ച്ചയും ഭീകരവാദവും ഒരേസമയം പോകില്ലെന്നും സുഷമ പറഞ്ഞു. എന്നാല്‍ കസാക്ക് പ്രസിഡന്റ് വിളിച്ചു ചേര്‍ത്ത അത്താഴ വിരുന്നില്‍ മോദിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും ഒരേ സമയം പങ്കെടുക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.