നുണപ്രചാരണം പൊളിയുന്നു; യെച്ചൂരിയെ ആക്രമിച്ചിട്ടില്ലെന്ന് ദല്‍ഹി പോലീസ്

Thursday 8 June 2017 9:55 pm IST

ന്യൂദല്‍ഹി: സിപിഎം ആസ്ഥാനമായ എകെജി ഭവനിലെ പ്രതിഷേധത്തിനിടെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിച്ചിട്ടില്ലെന്ന് പോലീസ്. ഓഫീസിനുള്ളില്‍ അതിക്രമിച്ച് കയറുക മാത്രമാണ് ഉണ്ടായതെന്നും പ്രതികള്‍ ഹിന്ദുസേനയെന്ന സംഘടനയുടെ അനുഭാവികളാണെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. പ്രതികളായ പവന്‍കുമാര്‍ കൗള്‍ (30), ഉപേന്ദര്‍ കുമാര്‍ (24) എന്നിവര്‍ക്കെതിരെ അതിക്രമിച്ച് കയറി, അധിക്ഷേപിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. യെച്ചൂരിയെ ആക്രമിച്ചെന്നും പ്രതികള്‍ ആര്‍എസ്എസ്സുകാരാണെന്നുമുള്ള സിപിഎമ്മിന്റെയും ഒരു വിഭാഗം മാധ്യമങ്ങളുടെയും നുണപ്രചാരണമാണ് ഇതോടെ പൊളിഞ്ഞത്. സിപിഎം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്റെയും പ്രകാശ് കാരാട്ടിന്റെയും സൈന്യത്തിനെതിരായ അവഹേളനങ്ങളിലാണ് ഹിന്ദു സേനാ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. രാജ്യത്തെയും സൈന്യത്തെയും അപമാനിച്ചാല്‍ യെച്ചൂരിയെ ഇനിയും ആക്രമിക്കുമെന്ന് ഹിന്ദു സേനാ തലവന്‍ വിഷ്ണു ഗുപ്ത പറഞ്ഞു. പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കും. അതേസമയം, നിസ്സാര വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തതെന്ന് സിപിഎം ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ദല്‍ഹി പോലീസിന്റെ നടപടിയില്‍ ആശ്ചര്യമില്ലെന്ന് യെച്ചൂരി പറഞ്ഞു. രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകാന്‍ പാര്‍ട്ടിയിലെ പിന്തുണ ആര്‍ജ്ജിക്കുന്നതിനായി ഈ സംഭവത്തെ യെച്ചൂരി ഉപയോഗപ്പെടുത്തിയതാണെന്ന ആരോപണവും ഉയരുന്നുണ്ട്. കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനെ കാരാട്ട് പക്ഷം എതിര്‍ക്കുന്നുണ്ട്. യച്ചൂരി സ്ഥാനാര്‍ത്ഥിയാകേണ്ടെന്ന് രണ്ട് തവണ പോളിറ്റ് ബ്യൂറോ തീരുമാനിക്കുകയും ചെയ്തു. അടുത്ത കേന്ദ്ര കമ്മറ്റിയാണ് ഇതില്‍ അന്തിമ തീരുമാനമെടുക്കുക. ആര്‍എസ്എസ്സിന്റെയും ബിജെപിയുടെയും പ്രഖ്യാപിത ശത്രുവാണ് താനെന്ന് വരുത്തിത്തീര്‍ത്ത് കേന്ദ്രകമ്മിറ്റിയില്‍ അനുകൂല തീരുമാനം നേടാനുള്ള ശ്രമമെന്നും വിലയിരുത്തലുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.