ജൈവവൈവിധ്യ രജിസ്റ്റര്‍ സമര്‍പ്പിക്കാതെ 179 തദ്ദേശ സ്ഥാപനങ്ങള്‍

Thursday 8 June 2017 10:08 pm IST

കൊച്ചി: സംസ്ഥാനത്തെ 179 തദ്ദേശ സ്ഥാപനങ്ങള്‍ ജൈവവൈവിധ്യങ്ങളുടെ ആധികാരിക രേഖയായ ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ (പിബിആര്‍) സമര്‍പ്പിച്ചില്ല. പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നായി കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിലേക്കാണ് രജിസ്റ്റര്‍ തയാറാക്കി സമര്‍പ്പിക്കേണ്ടത്. 2002ലെ ദേശീയ ജൈവവൈവിധ്യ സംരക്ഷണ നിയമം, 2008ലെ സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ നിയമം എന്നിവ കണക്കിലെടുത്താണ് കേരളത്തില്‍ രജിസ്റ്റര്‍ തയാറാക്കാന്‍ തീരുമാനിച്ചത്. മാര്‍ച്ചിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഓരോ പ്രദേശത്തെയും വിവിധതരം ജീവികളുടെയും, സസ്യങ്ങളുടെയും പൂര്‍ണ വിവരങ്ങളാണ് വേണ്ടത്. പൈതൃക കേന്ദ്രങ്ങള്‍, പരിസ്ഥിതി ലോല പ്രദേശങ്ങള്‍ എന്നിവയുടെ പഠനത്തിനും, പട്ടിക തയാറാക്കാനും ജൈവവൈവിധ്യ രജിസ്റ്ററുകളെയാണ് പ്രാഥമികമായി പരിഗണിക്കുന്നത്. കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകളിലും, 48 നഗരസഭകളിലും, 127 പഞ്ചായത്തുകളിലുമാണ് തയാറാക്കാനുള്ളത്. കോര്‍പ്പറേഷന്‍ അഞ്ച് ലക്ഷം, നഗരസഭ 2.5 ലക്ഷം, പഞ്ചായത്ത് 1.25 ലക്ഷം എന്നിങ്ങനെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി തുകയും വകയിരുത്തി. ഇതിന് പുറമേ കൊച്ചി, തൃശൂര്‍ കോര്‍പ്പറേഷനിലും, പതിമൂന്ന് നഗരസഭകളിലും, ഏഴ് പഞ്ചായത്തുകളിലും ജൈവവൈവിധ്യ പരിപാലന സമിതികളും രൂപീകരിച്ചിട്ടില്ല. 2015ല്‍ അധികാരമേറ്റ പുതിയ തദ്ദേശ ഭരണസമിതികളാണ് പരിപാലന സമിതികള്‍ രൂപീകരിക്കേണ്ടിയിരുന്നത്. ജൈവവൈവിധ്യങ്ങളുടെ സംരക്ഷണം, പരിപാലനം തുടങ്ങിയവ അതത് പ്രദേശത്തെ പരിപാലന സമിതികളുടെ നേതൃത്വത്തിലാണ് നടപ്പാക്കേണ്ടത്. തദ്ദേശസ്ഥാപനങ്ങളിലെ ചെയര്‍മാന്‍, സെക്രട്ടറി, രണ്ട് വനിതാ പ്രതിനിധികള്‍, ഒരു പട്ടിക വിഭാഗം പ്രതിനിധി, മറ്റ് മൂന്ന് അംഗങ്ങള്‍ ഉള്‍പ്പടെ എട്ട് പേരാണ് സമിതിയിലുണ്ടാകേണ്ടത്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് കോടികള്‍ മുടക്കി പ്രചാരണം നടത്തുന്നെങ്കിലും സംരക്ഷണത്തിനായി സര്‍ക്കാര്‍ വേണ്ട രീതിയില്‍ ഇടപെടുന്നില്ലെന്നതിന്റെ സൂചനയാണിതെന്ന് വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.