അക്രമം വ്യാപിപ്പിക്കുന്നു

Thursday 8 June 2017 10:25 pm IST

ജില്ലയില്‍ സിപിഎം കോഴിക്കോട്: ജില്ലയിലുടനീളം വ്യാപക സിപിഎം അക്രമം. ബിജെപി, ആര്‍എസ്എസ് ഓഫീസുകള്‍ക്ക് നേരെ വ്യാപക അക്രമമാണ് ഉണ്ടായത്. ആര്‍എസ്എസ് വടകര ജില്ലാ കാര്യാലയം, ബിജെപി ചെറുവണ്ണൂര്‍ ഏരിയ കമ്മിറ്റി ഓഫീസ്, മണക്കടവ് ബൂത്ത് കമ്മിറ്റി ഓഫീസ്, വടകര മണ്ഡലം കമ്മിറ്റി ഓഫീസ് എന്നിവക്ക് നേരെ അക്രമം ഉണ്ടായി. ജില്ലയിലുടനീളം ബിജെപിയുടെയും ബിഎംഎസിന്റെയും കൊടിമരങ്ങളും പ്രചരണ ബോര്‍ഡുകളും നശിപ്പിക്കപ്പെട്ടു. ന്യൂദല്‍ഹിയിലെ എകെജി ഭവനിലുണ്ടായ സംഭവത്തിന്റെ മറവില്‍ ആരംഭിച്ച അക്രമം സിപിഎം ജില്ലയിലുടനീളം വ്യാപിപ്പിക്കുകയായിരുന്നു. സിപിഎമ്മും പോഷക സംഘടനകളും വിവിധ ഭാഗങ്ങളില്‍ അക്രമം അഴിച്ചുവിട്ടു. ബിജെപി ചെറുവണ്ണൂര്‍ ഏരിയ കമ്മിറ്റി ഓഫീസ്, സിപിഎമ്മുകാര്‍ അടിച്ചു തകര്‍ത്തു. ബുധനാഴ്ച രാത്രി 8.30 ഓടുകൂടിയാണ് പ്രകടനമായെത്തിയ ഒരു സംഘം സിപിഎമ്മുകാര്‍ ലോക്കല്‍ കമ്മിറ്റി നേതാക്കളുടെ നേതൃത്വത്തില്‍ ഓഫീസ് അടിച്ചു തകര്‍ത്തത്. ചെറുവണ്ണൂര്‍ ജംഗ്ഷനില്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ വാതില്‍ ചവിട്ടി തുറന്നാണ് അക്രമികള്‍ അകത്ത് കടന്നത്. വാതില്‍ ദേശീയ പാതയിലേക്ക് വലിച്ചെറിഞ്ഞു. ഓഫീസിലെ ഫര്‍ണിച്ചര്‍, ഫോട്ടോകള്‍, എന്നിവ നശിപ്പിച്ചു. ശ്രീനാരായണ ഗുരുദേവന്റെ ഫോട്ടോ ഉള്‍പ്പെടെയുള്ളവ എറിഞ്ഞുടച്ചു. ഫാനിന്റെ ലീഫുകള്‍ ഒടിച്ചുകളഞ്ഞു. ഓഫീസിലുണ്ടായിരുന്ന 16500 രൂപയും ഫണ്ട് പിരിവിന്റെ റസീറ്റുകളും അക്രമികള്‍ എടുത്തുകൊണ്ടുപോയി. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നല്ലളം പോലീസില്‍ പരാതി നല്‍കി. അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്നലെ ബേപ്പൂര്‍ മണ്ഡലത്തില്‍ ഹര്‍ത്താല്‍ നടത്തി. ബിജെപി മണക്കടവ് ബൂത്ത് കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭനനു നേരെയും സിപിഎം അക്രമമുണ്ടായി. ബുധനാഴ്ച രാത്രി 10.20 ഓടെയാണ് പത്തു ബൈക്കുകളിലായെത്തിയ ഇരുപതോളം അക്രമികള്‍ ഓഫീസിനു നേരെ കല്ലെറിഞ്ഞത്. ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ ചില്ലുകള്‍ പൂര്‍ണ്ണമായും കല്ലേറില്‍ തകര്‍ന്നു. ഓഫീസിനകത്തുണ്ടായിരുന്ന ടിവി, ഫര്‍ണിച്ചര്‍ എന്നിവയും നശിപ്പിക്കപ്പെട്ടു. അമ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നല്ലളം പോലീസില്‍ പരാതി നല്‍കി. സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ മണക്കടവില്‍ പ്രകടനം നടത്തി. അക്രമിക്കപ്പെട്ട ബിജെപി ഓഫീസുകള്‍ ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന വക്താവ് പി. രഘുനാഥ്, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡന്റ് പൊക്കിണാരി ഹരിദാസന്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍, ജില്ലാ സെക്രട്ടറി സി. അമര്‍നാഥ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകണമെന്ന് പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. വ്യാജപ്രചരണം നടത്തി അക്രമം അഴിച്ചുവിടുകയാണ് സിപിഎം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് പി. പരമേശ്വരന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ഹരിദാസന്‍ നാരങ്ങയില്‍, ഏരിയാ പ്രസിഡന്റ് ആനന്ദറാം, ഫറോക്ക് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് മോഹനന്‍മാസ്റ്റര്‍ തുടങ്ങിയവരും ചെറുവണ്ണൂര്‍ ഓഫീസ് സന്ദര്‍ശിച്ചു. ബിജെപി കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് വസന്തരാജ്, സെക്രട്ടറി നിത്യാനന്ദന്‍, ഏരിയാ പ്രസിഡന്റ് വേലായുധന്‍, ജനറല്‍ സെക്രട്ടറി ധനേഷ്, യുവമോര്‍ച്ച ഏരിയ പ്രസിഡന്റ് രഞ്ജിത്ത് എന്നിവരും അക്രമിക്കപ്പെട്ട മണക്കടവ് ബൂത്ത് കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.