ഫഹദ് ഫാസിലിന്റെ പേരില്‍ തട്ടിപ്പ്

Thursday 8 June 2017 10:36 pm IST

ആലപ്പുഴ: നടന്‍ ഫഹദ് ഫാസിലിന്റെ പേരില്‍ യുവതികളെ കെണിയില്‍പ്പെടുത്താന്‍ ശ്രമം. അച്ഛനും സംവിധായകനുമായ ഫാസില്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. ഓണ്‍ലൈനുകളിലും, വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഫഹദിന്റെ പേരില്‍ പോസ്റ്റ് പ്രചരിപ്പിച്ചാണ് തട്ടിപ്പിന് ശ്രമം. ഈ പോസ്റ്റില്‍ ഫഹദിന്റെ കുട്ടിക്കാലത്തെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫഹദ് അഭിനയിക്കുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ കുട്ടിക്കാലം അഭിനയിക്കുന്നതിന് രൂപസാദൃശ്യമുള്ള കുട്ടികളെയും, നായികയായി അഭിനയിക്കാന്‍ പതിനഞ്ചിനും മുപ്പത്തിനുമിടയില്‍ പ്രായമുള്ള യുവതികളെയും സഹോദരിമാരായി അഭിനയിക്കാന്‍ താത്പര്യമുള്ളവരെയും ക്ഷണിക്കുന്നുവെന്നാണ് പോസ്റ്റില്‍ പറഞ്ഞിട്ടുള്ളത്. ഇതില്‍ കൊടുത്തിട്ടുള്ള നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ എടുക്കുകയോ, തിരിച്ചു വിളിക്കുകയോ ചെയ്തിട്ടില്ല. കൂടുതല്‍ നടത്തിയ അന്വേഷണത്തില്‍ ഈ നമ്പറിന്റെ ഉടമസ്ഥന്റെ പേരും ഫഹദ് എന്നാണെന്ന് വ്യക്തമായെന്ന് പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ ഒരു സിനിമയുമായി ഫഹദിന് യാതൊരു ബന്ധവുമില്ല. സിനിമാ താത്പര്യമുള്ള കുട്ടികളെയും യുവതികളെയും കെണിയില്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരോ നടത്തുന്ന തട്ടിപ്പാണ് ഇതിന് പിന്നിലെന്നാണ് സംശയമുയരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.