നോക്കിയ നോക്കിയാലോ

Thursday 8 June 2017 11:13 pm IST

ഒരു കാലത്ത് മൊബൈല്‍ ഫോണെന്നാല്‍ നോക്കിയ ആയിരുന്നു. ഫോണ്‍ വിപണിയില്‍ മറ്റൊരു പേരുപോലും ഏറെക്കാലം റിങ് ചെയ്തില്ല. പക്ഷേ, ഇടക്കാലത്ത് നോക്കിയയ്ക്ക് അതിന്റെ കുത്തക നഷ്ടപ്പെട്ടു. ആന്‍ഡ്രോയ്ഡ് ഫോണുകളുടെ കടന്നുവരവോടെയായിരുന്നു അത്. ഓഹരി മൂല്യം ഇടിഞ്ഞതോടെ നോക്കിയയുടെ ഉപകരണ-സേവന വിഭാഗം മൈക്രോ സോഫ്റ്റ് ഏറ്റെടുത്തു. അങ്ങനെ, ലൂമിയ ബ്രാന്‍ഡില്‍ പുതിയ ഫോണെത്തി. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരുന്നു അത്. അപ്പോഴും തുറന്ന ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് മാറാതിരുന്നത് ഒരു പോരായ്മായി തുടര്‍ന്നു. ഇപ്പോഴിതാ എച്ച് എംഡി ഗ്ലോബല്‍ എന്ന ഫിന്നിഷ് കമ്പനിയിലൂടെ നോക്കിയ അതിന്റെ പഴയ പ്രതാപം വീണ്ടെടുക്കുകയാണ്. ഫീച്ചര്‍ ഫോണുകള്‍ക്കൊപ്പം കിടിലന്‍ ആന്‍ഡ്രോയ്ഡ് ഫോണുകളുമായെത്തുന്ന നോക്കിയയുടെ നെറ്റ്‌വര്‍ക്ക് വീണ്ടും ശരിയായിത്തുടങ്ങുകയാണ്. നോക്കിയയുടെ പുതിയ വരവ് കണ്ട്, പഴയ ആരാധകര്‍ ഒരു കൈ നോക്കിയാലോ എന്ന് ചിന്തിച്ചു തുടങ്ങി. എന്തായാലും നോക്കിയ 3, നോക്കിയ 5, നോക്കിയ 6 ബ്രാന്‍ഡുകളിലായിരിക്കും ഇനി കുറെ ആരാധാകരുടെ ഫോണ്‍ വിളികള്‍. ഈ മാസം 13ന് മൂന്നുഫോണുകളും വിപണിയിലെത്തും. ആന്‍ഡ്രോയ്ഡ് നൂഗ (നൂഗട്ട്)യിലാണ് മൂന്നു മോഡലും പ്രവര്‍ത്തിക്കുക. നോക്കിയ 3 മോഡല്‍ 5 ഇഞ്ച് ഡിസ്‌പ്ലേയാണ്. 1.4 ഗിഗാഹെര്‍ട്‌സ് ഒക്ടാ കോര്‍ പ്രോസസ്സറാണ്. 2 ജിബി റാമും 16 ജിബി ഇന്റേണല്‍ മെമ്മറിയുമുണ്ട്. മുന്‍-പിന്‍ കാമറകള്‍ 8 എംപിയാണ്. ബാറ്ററി 2650 എംഎച്ച്. 9000 രൂപയാകും വില. നോക്കിയ 5 ലെത്തുമ്പോള്‍ 5.2 ഇഞ്ച് ഡിസ്‌പ്ലേയാമണ്. മുന്‍ ക്യാമറ 8 എംപിയും പിന്‍ക്യാമറ 13 എംപിയുമാണ്. 2 ജിബി റാമും 16 ജിബി റോമുമുണ്ട്. 3000 എംഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ്. 1.4 ജിഗാ ഹെര്‍ട്‌സ് ക്വാഡ് കോര്‍ പ്രോസസ്സറാണുള്ളത്. 12,000 രൂപയാണ് പ്രതീക്ഷിത വില. നോക്കിയ 6ന് 5.5 ഇഞ്ച് ഡിസ്‌പ്ലേയാണ്. പിന്‍ക്യാമറ 16 എംപിയും മുന്‍കാമറ 8 എംപിയുമാണ്. 3 ജിബി റാമും 32 ജിബി ഇന്റേണല്‍ മെമ്മറിയുമുണ്ട്. ബാറ്ററി 3000 എംഎഎച്ച് ആണ്. 4ജിയിലാണ് പ്രവര്‍ത്തനം. 16,000 രൂപയായിരിക്കും വില. പുതുപുത്തന്‍ ഫീച്ചറുകളുമായി നോക്കിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകള്‍ കൂടുതലെത്തും. ആപ്പിള്‍ ഐ ഫോണുകളെ വെല്ലുന്നതായിരിക്കും പുതിയ ഫോണെന്നും ടെക്കികള്‍ പറയുന്നു. ആന്‍ഡ്രോയ്ഡ് വെര്‍ഷന് പിന്നാലെ പായുമ്പോഴും ഫീച്ചര്‍ ഫോണുകളെ വലിച്ചെറിയാന്‍ നോക്കിയ തയ്യാറാറല്ല. ഫീച്ചര്‍ ഫോണുകള്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെയുണ്ട്. നോക്കിയ 3310 മോഡല്‍ വിപണിയിലെത്തിക്കാന്‍ വേറെ കാരണങ്ങളില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.