വേമ്പനാട് കായല്‍ മരണശയ്യയില്‍

Thursday 8 June 2017 11:06 pm IST

ി എ.എച്ച്. സനീഷ് വൈക്കം: അതിരൂക്ഷമായ മലിനീകരണവും കായല്‍ കൈയ്യേറ്റവും വേമ്പനാട് കായലിന് മരണ മണിമുഴക്കുന്നു. കായലിന്റെ വിസ്തൃതി മൂന്നിലൊന്നായി കുറയുകയും മത്സ്യസമ്പത്തില്‍ ഗണ്യമായ കുറവ് ഉണ്ടാവുകയും ചെയ്തു. 35000 ഹെക്ടര്‍ ഉണ്ടായിരുന്ന കായല്‍ ഇന്ന് 12500 ഹെക്ടര്‍ ആയി ചുരുങ്ങിക്കഴിഞ്ഞു. 1975ല്‍ പ്രതിവര്‍ഷ മത്സ്യ ഉല്പാദനം 16000 ടണ്‍ ആയിരുന്നു. 1990 ആയപ്പോഴേക്കും ഇത് 720 ടണ്ണായി കുറഞ്ഞു. 2001 ല്‍ ഇത് 485 ടണ്‍ മാത്രമായി. ഇപ്പോള്‍ നേര്‍ പകുതിയായി. കുട്ടനാട്ടില്‍ ഒരോ കൃഷി സീസണും കഴിയുന്നതോടെ കീടനാശിനികള്‍ ഉള്‍പ്പടെയുള്ള മാലിന്യത്തിന്റെ തോത് കായലില്‍ വര്‍ധിക്കുകയാണ്. അനിയന്ത്രിതമായ ടൂറിസവും കായലിനെ മാലിന്യ കൂമ്പാരമാക്കി . ഇതോടെ ജലം പൂര്‍ണമായും ഉപയോഗയോഗ്യമല്ലാതായി. റംസര്‍ സൈറ്റായി പ്രഖ്യാപിച്ച വേമ്പനാട് കായല്‍ മരണശയ്യിയിലായിട്ടും രക്ഷിക്കാന്‍ സര്‍ക്കാരിന് ഫലപ്രദമായ പദ്ധതികളില്ല. കായലിന്റെ ആവാസ വ്യവസ്ഥ തന്നെ തകര്‍ക്കുന്ന മാരക ജൈവ മാലിന്യങ്ങളുടെ സാന്നിധ്യം വിവിധ ശാസ്ത്രീയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. 13തരം കീട നാശിനികളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. കോളിഫോം ബാക്ടീരിയയുടെ അളവ് നൂറു മില്ലീലിറ്ററില്‍ പതിനായിരത്തിലധികമായി ഉയര്‍ന്നതായി പഠനത്തില്‍ വ്യക്തമാണ്. ഹൗസ് ബോട്ടുകള്‍ ഉള്‍പ്പടെയുള്ളവ പുറംന്തള്ളുന്ന മാലിന്യങ്ങളും മോട്ടോര്‍ ബോട്ടുകള്‍ ഓടുന്നത് മൂലമുള്ള ഡീസലും വലിയ തോതില്‍ കായലിന്റെ ഉപരിതലത്തില്‍ പടരുകയാണ്. കായലിന്റെ പരപ്പില്‍ ഓയില്‍പാട അടിഞ്ഞ നിലയിലാണ്. ഇതോടെ വെള്ളത്തില്‍ കുളിക്കാന്‍ പോലുമാകാത്ത സ്ഥിതിയാണ്. കയര്‍,ചകിരി ഫാക്ടറികളില്‍ നിന്നുളള മാലിന്യക്കുഴലുകളും കായലിലേക്കാണ് തുറന്നിരിക്കുന്നത്. കായലിന്റെ സന്തുലിതാവസ്ഥ നിലനിറുത്തിയിരുന്ന കായല്‍ തുരുത്തുകള്‍ ഇന്ന് ഓര്‍മ്മകള്‍ മാത്രമായി. അവയില്‍ പലതിലും റിസോള്‍ട്ടുകളായി. ബോട്ടുകളില്‍നിന്ന് പുറന്തള്ളുന്ന എണ്ണകലര്‍ന്ന മാലിന്യം കടുത്ത പാരിസ്ഥിക പ്രശ്‌നമാണ് ഉയര്‍ത്തുന്നത്. ഇത് കായല്‍ മല്‍സ്യങ്ങളുടെ പ്രജനനത്തിനും ഭീഷണിയുയര്‍ത്തുന്നു. കായലില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞ് മത്സ്യസമ്പത്ത് കുറയുന്നതായും പല മത്സ്യങ്ങളും വംശനാശ ഭീഷണി നേരിടുതായും പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. 164ഇനം ശുദ്ധജല മത്സ്യങ്ങള്‍ ഉണ്ടായിരുന്ന ഇവിടെ നിലവില്‍ 40 ഇനം മത്സ്യങ്ങളാണ് അവശേഷിക്കുന്നത്. കായലില്‍ സമൃദ്ധ്യമായി കണ്ടിരുന്ന കാളാഞ്ചി, ചെമ്പല്ലി, കോരക്ക,നങ്ക്,കറുപ്പ് മുതലായ മത്സ്യങ്ങള്‍ അപ്രത്യക്ഷമായി കഴിഞ്ഞു. ചെമ്മീന്‍ വര്‍ഗ്ഗത്തില്‍ പെട്ട പലതും നാമാവിശേഷമായി. തണ്ണീര്‍മുക്കം ബണ്ട്് കായലിന്റെ ജൈവവസ്ഥയെ പ്രതികൂലമായി ബാധിക്കുണ്ട്. ബണ്ട് അടയ്ക്കുന്നതിനാല്‍ ഉപ്പുവെള്ളം കയറില്ല. ഇത് ആറ്റു കൊഞ്ചിന്റെയും കക്കയുടെയും പ്രജനനം നടക്കുന്നതിന് തടസമാകുന്നു. 14ഇനം കണ്ടലുകളും 30 ഇനം കണ്ടല്‍ അനുബന്ധ സസ്യങ്ങളും വേമ്പനാട്ടുകയലില്‍ ശേഷിക്കുന്നുണ്ട്. മത്സ്യപ്രജനനത്തിന് താവളമൊരുക്കുന്നതിന് കണ്ടല്‍ വഹിക്കുന്ന പങ്ക് പ്രധാനമാണ്. 189 ഇനം പക്ഷികളെയാണ് കായലില്‍ കണ്ടെത്തിയത്. ഇവയില്‍ 50 ഇനങ്ങള്‍ ദേശാടനപക്ഷികളാണ്. നീര്‍കാക്കകളുടെ മൂന്നാമത്തെ വലിയ താവളമാണ് വേമ്പനാട് കായല്‍. ഇവിടുത്തെ തുരുത്തുകളായിരുന്നു അവയുടെ വിശ്രമകേന്ദങ്ങള്‍. ഇപ്പോള്‍ അനധികൃത കൈയേറ്റം കായലിനെ വീര്‍പ്പുമുട്ടിക്കുകയാണ്. കായല്‍ സംരക്ഷകര്‍ എന്ന പേരില്‍ നടക്കുന്നവര്‍ പലപ്പോഴും കൈയേറ്റക്കരുടെയും, കായല്‍ റിസോര്‍ട്ട് മാഫിയയുടെയും ഏജന്റായി മാറുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.