കസാഖിസ്ഥാനില്‍ മോദി-ഷെരീഫ് അപ്രതീക്ഷിത കണ്ടുമുട്ടല്‍

Friday 9 June 2017 12:50 pm IST

അസ്താന : ഖസാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും കുശലാന്വേഷണം നടത്തി. കസാഖിസ്ഥാന്‍ പ്രസിഡന്റ നൂര്‍ സുല്‍ത്താന്‍ നസര്‍ബയേവ് നല്‍കിയ വിരുന്നിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. ഷെരീഫിന്റെ ആരോഗ്യത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും മോദി കുശലന്വേഷണം നടത്തിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 17 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും നേര്‍ക്കുനേര്‍ കാണുന്നത്. 2015 ലെ പാരീസ് കാലാവസ്ഥാ ഉച്ചകോടിക്കിടെയായിരുന്നു മുമ്പ് ഇരുവരും കണ്ടത്. കുല്‍ഭൂഷണ്‍ ജാദവ് കേസ് അടക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ ഉലച്ചില്‍ സംഭവിച്ച സാഹചര്യത്തിലാണ് ഇരു രാഷ്ട്ര തലവന്മാരും തമ്മില്‍ അനൗദ്യോഗികമായി കണ്ടുമുട്ടിയത്. അതേസമയം, മോദി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തില്‍ തീരുമാനമായില്ല. ഇരു രാഷ്ട്രത്തലവന്മാരും ചര്‍ച്ചയുണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അങ്ങനെയൊരു തീരുമാനം ഉണ്ടായിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് ഗോപാല്‍ ബഗ്ലെ പറഞ്ഞത്. ഷാങ്ഹായ് സഹകരണ സമിതി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് നരേന്ദ്ര മോദി ഖസാഖിസ്ഥാനിലെത്തിയത്. ചൈനീസ് പ്രസിഡന്റ് സി ജെന്‍ പിങ്ങുമായും മോദി കൂടിക്കാഴ്ച നടത്തും. ഷാങ്ഹായ് സഹകരണ സമിതിയില്‍ ഇപ്പോള്‍ നിരീക്ഷണ പദവി മാത്രമാണ് ഇപ്പോള്‍ ഇന്ത്യയ്ക്കും പാകിസ്ഥാനുമുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.