മോദി-ജിന്‍പിങ് കൂടിക്കാഴ്ച; എന്‍എസ്ജിയില്‍ പൂര്‍ണ അംഗത്വം വേണം

Friday 9 June 2017 1:17 pm IST

അസ്തന: കസാഖിസ്ഥാന്‍ തലസ്ഥാനമായ അസ്തനയില്‍ നടക്കുന്ന ഷാങ്ഹായി കോര്‍പ്പറേഷന്‍ ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി. എന്‍.എസ്.ജിയില്‍ പൂര്‍ണ അംഗത്വം വേണമെന്ന് ഇന്ത്യ കൂടിക്കാഴ്ചക്കിടെ ആവശ്യപ്പെട്ടു. ചമോലിയില്‍ ചൈനീസ് ഹെലികോപ്റ്റര്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച വിഷയവും ഇരു നേതാക്കളും ചര്‍ച്ച ചെയ്‌തെന്നാണ് വിവരം. ചര്‍ച്ചകള്‍ തുടരണമെന്നും ഭിന്നതകളും അഭിപ്രായ വ്യത്യാസങ്ങളും ചര്‍ച്ചകളിലുടെ പരിഹരിക്കണമെന്നും ഇരു നേതാക്കളും കുടിക്കാഴ്ചയില്‍ തീരുമാനിച്ചു. ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഉസ്ബക്കിസ്താന്‍ പ്രധാനമന്ത്രി ഷൗക്കത്ത് മിര്‍സിയോയെവുമായും കൂടിക്കാഴ്ച്ച നടത്തി. സാമ്പത്തിക സഹകരണ മേഖലകളില്‍ ഇന്ത്യ-ഉസ്ബക്ക് ബന്ധം ദൃഢമാക്കുന്നതിനെ കുറിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഉച്ചകോടിക്ക് ശേഷം ഇന്ത്യ-പാക് ചര്‍ച്ചയും നടക്കും. അസ്തനയില്‍ ഒരുക്കിയ ഇന്ത്യന്‍ പവലിയനും മോദി സന്ദര്‍ശിക്കും. അസ്താനയില്‍ കസാക്ക് പ്രസിഡന്റ് നുര്‍സുല്‍ത്താന്‍ നസര്‍ബയേവുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയ പ്രധാനമന്ത്രി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനാവശ്യമായ സഹകരണം വാഗ്ദാനം ചെയ്തിരുന്നു. ആഗോള ജിഡിപിയുടെ 20 ശതമാനവും ലോകജനസംഖ്യയുടെ 40 ശതമാനവും ഉള്‍ക്കൊള്ളുന്ന രാജ്യങ്ങള്‍ അംഗങ്ങളായ ഷാങ്ഹായ് സഹകരണ സംഘടന(എസ്.സി.ഒ)യിലെ സ്ഥിരം അംഗമായി ഉടന്‍ തന്നെ ഇന്ത്യ മാറുമെന്ന് മോദി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. വാണിജ്യം, സാമ്പത്തികം, ഊര്‍ജ്ജം, ഗതാഗതം, ബാങ്കിംഗ്, കണക്ടിവിറ്റി തുടങ്ങിയ വിവിധ മേഖലകളില്‍ പരസ്പരം സഹകരിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് എസ്.സി.ഒ. ചൈന, റഷ്യ, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും പാക്കിസ്ഥാനും യോഗത്തില്‍ ക്ഷണിതാക്കളാണ്. യൂറേഷ്യന്‍ മേഖലയെ ഭീകരവാദ വിമുക്തമാക്കിത്തീര്‍ക്കുന്നതിനുള്ള ഉത്തരവാദിത്വം ഷാങ്ഹായ് അംഗരാജ്യങ്ങളായ എട്ടു രാജ്യങ്ങള്‍ക്കുമുണ്ട്. 1996മുതല്‍ ഷാങ്ഹായ് ഉച്ചകോടിയുടെ നിരീക്ഷണ പദവി ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ പാക്കിസ്ഥാനുമായി ഷാങ്ഹായ് ഉച്ചകോടിക്കിടെ യാതൊരുവിധ ചര്‍ച്ചകളുമുണ്ടാകില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി. സമാധാന ചര്‍ച്ചയും ഭീകരവാദവും ഒരേസമയം പോകില്ലെന്നും സുഷമ പറഞ്ഞു. എന്നാല്‍ കസാക്ക് പ്രസിഡന്റ് വിളിച്ചു ചേര്‍ത്ത അത്താഴ വിരുന്നില്‍ മോദിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും ഒരേ സമയം പങ്കെടുക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.