കാര്‍ഷിക നയപ്രഖ്യാപനവും വിപണനമേളയുമായി ജില്ലാ പഞ്ചായത്തിന്റെ കാര്‍ഷികോത്സവം

Wednesday 11 July 2012 9:39 pm IST

കൊച്ചി: എറണാകുളം ജില്ലയില്‍ കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത്‌ സംഘടിപ്പിക്കുന്ന കാര്‍ഷികോത്സവം 2012ന്‌ ഒരുക്കം പൂര്‍ത്തിയായി. കാക്കനാട്‌ ജില്ലാ പഞ്ചായത്ത്‌ പ്രിയദര്‍ശിനി ഹാളില്‍ 14ന്‌ രാവിലെ പത്തിന്‌ കൃഷിമന്ത്രി കെ.പി. മോഹനന്‍ കാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക്‌ രണ്ടിന്‌ പൊക്കാളി കര്‍ഷക സംഗമത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്‌ നിര്‍വഹിക്കും. കാര്‍ഷികോല്‍പ്പന്നങ്ങളുടെയും യന്ത്രസാമഗ്രികളുടെയും പ്രദര്‍ശനം ബെന്നി ബഹന്നാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലയുടെ കാര്‍ഷികനയവും കാര്‍ഷികോത്സവത്തില്‍ പ്രഖ്യാപിക്കും.
കാര്‍ഷിക സംസ്കാരത്തിന്റെ പ്രോത്സാഹനം ലക്ഷ്യമിട്ട്‌ കലാപരിപാടികളും കാര്‍ഷികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്‌. നാടന്‍പാട്ടുകള്‍, ഞാറ്റുപാട്ടുകള്‍ തുടങ്ങിയവ കര്‍ഷകര്‍ അവതരിപ്പിക്കും. ചര്‍ച്ചകള്‍ക്ക്‌ കേരള കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നേതൃത്വം നല്‍കും. കാര്‍ഷികമേഖലയില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 50 കോടി രൂപയുടെ പദ്ധതികളാണ്‌ ജില്ലാ പഞ്ചായത്ത്‌ നടപ്പാക്കുകയെന്ന്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി പത്രസമ്മേളനത്തില്‍ പറഞ്ഞു. നെല്ല്‌, തെങ്ങ്‌, പച്ചക്കറി തുടങ്ങിയവയുടെ കൃഷി, മൃഗസംരക്ഷണം, ക്ഷീരോല്‍പ്പാദനം, മത്സ്യോല്‍പ്പാദനം തുടങ്ങിയവയില്‍ ജില്ലയെ സ്വയംപര്യാപ്തമാക്കുകയാണ്‌ ലക്ഷ്യം. വിളവില്‍ മികച്ചു നില്‍ക്കുന്ന വിത്തിനങ്ങള്‍, മികവുറ്റ കന്നുകുട്ടികള്‍, നാടന്‍കോഴികള്‍ എന്നിവ കര്‍ഷകര്‍ക്ക്‌ നല്‍കും. കാര്‍ഷിക യന്ത്രവല്‍ക്കരണത്തിന്‌ നൂറ്‌ ശതമാനം വരെ സബ്സിഡി നല്‍കാവുന്ന പദ്ധതികളും ജില്ലാ പഞ്ചായത്ത്‌ നടപ്പാക്കും.
തരിശുനിലങ്ങളില്‍ തീറ്റപ്പുല്‍ക്കൃഷി, കാലിത്തീറ്റ സബ്സിഡി എന്നിവയിലൂടെ പാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കും. നേരൃമംഗലം കൃഷിഫാമില്‍ 50 ഹെക്ടറില്‍ തീറ്റപ്പുല്‍ കൃഷി ചെയ്യാന്‍ കൃഷി വകുപ്പ്‌ പദ്ധതി തയാറാക്കിയിട്ടുണ്ട്‌. നാടന്‍ കോഴി പാര്‍ക്കും ഇവിടെ സ്ഥാപിക്കും. തൊഴിലുറപ്പ്‌ പദ്ധതിയില്‍ നെല്‍കൃഷി, ക്ഷീരോല്‍പ്പാദനം എന്നിവ കൂടി ഉള്‍പ്പെടുത്തിയത്‌ ഈ മേഖലയ്ക്ക്‌ വന്‍ പ്രയോജനം ചെയ്യുമെന്നും എല്‍ദോസ്‌ കുന്നപ്പിള്ളി അഭിപ്രായപ്പെട്ടു.
ഭൂതത്താന്‍കെട്ടിന്‌ സമീപം പോരുകുളത്ത്‌ മത്സ്യവിത്തുല്‍പ്പാദന കേന്ദ്രം സ്ഥാപിക്കാനും ജില്ലാ പഞ്ചായത്തിന്‌ പദ്ധതിയുണ്ട്‌. ജില്ലയില്‍ ആറായിരം ഹെക്ടര്‍ സ്ഥലത്ത്‌ മത്സ്യക്കൃഷി നടപ്പാക്കുന്നതിനായി 2.5 കോടി രൂപയാണ്‌ വകയിരുത്തിയിരിക്കുന്നത്‌. നാളികേരോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ക്ക്‌ പുറമെ തെങ്ങുകയറ്റത്തില്‍ പരിശീലന പരിപാടിയും ആവിഷ്കരിക്കും. കൊപ്ര ഉണക്കുയന്ത്രങ്ങള്‍ ബ്ലോക്ക്‌ അടിസ്ഥാനത്തില്‍ വിതരണം ചെയ്യുമെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വ്യക്തമാക്കി.
വൈസ്‌ പ്രസിഡന്റ്‌ ബിന്ദു ജോര്‍ജ്‌, വികസനകാര്യ സ്റ്റാന്റിങ്‌ കമ്മറ്റി ചെയര്‍മാന്‍ ബാബു ജോസഫ്‌, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്‌ കമ്മറ്റി ചെയര്‍മാന്‍ കെ.കെ. സോമന്‍, പ്രോഗ്രാം കോ ഓഡിനേറ്റര്‍ എം.പി. രാജന്‍, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി അബ്ദുള്‍ കലാം ആസാദ്‌, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ ആശാദേവി വര്‍മ്മ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.