ഒരു ദൃശ്യമാധ്യമത്തിന്റെ കടുംകൈകള്‍

Sunday 11 June 2017 11:20 am IST

ഒരുകാലത്ത് ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളിലെ ഗ്ലാമര്‍താരമായിരുന്നു പ്രണോയ് റോയ്. 1984 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ 1991 ലെ പൊതുതെരഞ്ഞെടുപ്പ് വരെ, ദൂരദര്‍ശന്‍ സ്റ്റുഡിയോയിലെ നിറസാന്നിധ്യമായിരുന്നു ഈ യുവാവ്. ന്യൂദല്‍ഹി ടെലിവിഷന്‍ അഥവാ എന്‍ഡിടിവി എന്ന സ്വന്തം ചാനല്‍ ആരംഭിക്കുന്നതുവരെ പ്രണോയ് റോയിയുടെ തട്ടകം ദൂരദര്‍ശന്റെ ദേശീയ ശൃംഖലയായിരുന്നു. 'വേള്‍ഡ് ദിസ് വീക്ക്' എന്ന പ്രതിവാര വാര്‍ത്താപരിപാടിയിലൂടെ ഈ ക്രൈസ്തവ യുവാവ് ചാനല്‍ പ്രേക്ഷകരുടെ ഇഷ്ട അവതാരകനായി മാറി. കോണ്‍ഗ്രസിനോടും സിപിഎമ്മിനോടും പ്രണോയ് റോയിക്കുള്ള അഭിനിവേശം അന്നും വ്യക്തമായിരുന്നു. ദൂരദര്‍ശന്‍ എന്ന സര്‍ക്കാര്‍ മാധ്യമത്തില്‍ തുടരണമെങ്കില്‍ അധികാരസ്ഥാനത്തിരിക്കുന്നവരെ സുഖിപ്പിക്കണമല്ലോ എന്നോര്‍ത്ത് പ്രേക്ഷകര്‍, റോയിക്കു കോണ്‍ഗ്രസിനോടുളള വിധേയത്വം അത്രയ്ക്ക് ഗൗരവമായി എടുത്തില്ല. സിപിഎമ്മിനോട് അദ്ദേഹത്തിനുള്ള ബഹുമാനം കുടുംബപരമായിരുന്നു. പ്രണോയ് റോയിയുടെ ഭാര്യ രാധികയും, പ്രകാശ് കാരാട്ടിന്റെ പ്രിയപത്‌നി വൃന്ദയും സഹോദരിമാരാണ്. അതുകൊണ്ടുതന്നെ പ്രണോയ് റോയിക്ക് സഭയോടും കോണ്‍ഗ്രസിനോടും സഖാക്കളോടും ഒരു പ്രതേ്യക 'ഇത്' ഉണ്ടെന്നുള്ളത് അദ്ദേഹത്തിന്റെ പരിപാടികള്‍ കാണുന്നവര്‍ക്ക് വ്യക്തമായി അറിയാം. 1980 കളില്‍ 'വേള്‍ഡ് ദിസ് വീക്ക്' എന്ന പരിപാടിക്ക് പ്രണോയ് റോയ് പ്രതിവാരം ദൂരദര്‍ശനില്‍നിന്ന് രണ്ടുലക്ഷം രൂപയാണ് ഈടാക്കിയിരുന്നത്. പ്രസ്തുത പരിപാടികളിലെ ദൃശ്യങ്ങള്‍ ഭൂരിഭാഗവും പഴയതായിരുന്നു. പക്ഷെ കുറ്റം പറയരുതല്ലോ, മികച്ച അവതരണ ശൈലി ഒന്നുകൊണ്ടുമാത്രം പരിപാടി ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി. മറ്റൊരു അനുകൂല ഘടകം കൂടി റോയിയെ സഹായിച്ചു. അന്ന് ദൂരദര്‍ശന്‍ മാത്രമേ ഭാരതത്തിലെ പ്രേക്ഷകര്‍ക്ക് കാണാനുണ്ടായിരുന്നുള്ളൂ. 1989ലോ, 90ലോ മറ്റോ ആണ് കേബിള്‍ ടെലിവിഷന്‍ എന്ന പേരുതന്നെ സാധാരണക്കാരന്‍ കേള്‍ക്കുന്നത്. സ്റ്റാര്‍ ടിവി, ബിബിസി അങ്ങനെ ഏതാനും അന്താരാഷ്ട്ര ടിവി ചാനലുകള്‍ ഭാരതത്തിലെ നഗരങ്ങളില്‍ ഡിഷ് ആന്റിന വഴി ലഭ്യമായി തുടങ്ങി. 1996ലാണ് സ്റ്റാര്‍ ടിവി ഉടമ റൂപെര്‍ട്ട് മര്‍ഡോക് ഭാരതവും തന്റെ പ്രവര്‍ത്തന മേഖലകളില്‍ ഉള്‍പ്പെടുത്തുന്നത്. ഭാരതത്തില്‍ 24 മണിക്കൂര്‍ ന്യൂസ് ചാനല്‍ ആരംഭിക്കണമെന്ന ഉദ്ദേശ്യവുമായി ദില്ലിയിലെത്തിയ മര്‍ഡോക്കിന് പ്രണോയ് റോയിയുമായി കരാര്‍ ഒപ്പിടേണ്ടിവന്നു. വാര്‍ത്താചാനല്‍ തുടങ്ങണമെങ്കില്‍ പ്രണോയ് റോയിയുടെ പങ്കാളിത്തത്തോടെ മാത്രം എന്ന് ഭാരതസര്‍ക്കാരിലെ ഉദ്യോഗസ്ഥ വൃന്ദവും രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും മര്‍ഡോക്കിനോട് ആവശ്യപ്പെട്ടു. പ്രതിവര്‍ഷം ഇരുപത് ദശലക്ഷം ഡോളറായിരുന്നു വാര്‍ത്താചാനല്‍ നടത്തുവാന്‍ മര്‍ഡോക് റോയിക്കു നല്‍കിവന്നത്. 1998 ഫെബ്രുവരി മാസത്തില്‍, അന്നത്തെ പ്രധാനന്ത്രി ഐ.കെ. ഗുജ്‌റാളിന്റെ ഭവനത്തിലാണ് എന്‍ഡിടിവി വാര്‍ത്താചാനലിന്റെ ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. റോയി നല്ല ദീര്‍ഘവീക്ഷണമുള്ള ബിസിനസ്സുകാരന്‍ കൂടിയായിരുന്നു. വാര്‍ത്താവിതരണ വകുപ്പു സെക്രട്ടറി ഭാസ്‌കര്‍ ഘോഷിന്റെ ജാമാതാവ് രാജ്ദീപ് സര്‍ദേസായി, ദില്ലിയിലെ പ്രമുഖ സാമൂഹ്യ സേവിക ബര്‍ഖാ ദത്ത്, കേന്ദ്ര സര്‍ക്കാരിലെ തന്ത്രപ്രധാന വകുപ്പ് മേധാവികളായിരുന്ന ഐഎഎസ്, ഐപിഎസ്, ഐആര്‍എസ് ഉദ്യോഗസ്ഥരുടെ മക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവരായിരുന്നു എന്‍ഡിടിവി ചാനലിലെ ലേഖകരും ലേഖികകളും മറ്റ് പത്രാധിപസമിതി അംഗങ്ങളും. 1998 ല്‍ത്തന്നെ ദൂരദര്‍ശനില്‍ നിന്ന് അഞ്ച് കോടി രൂപ നിയമവിരുദ്ധമായി കൈക്കലാക്കി എന്ന കുറ്റത്തിന് റോയിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പക്ഷേ ഈ കേസ് ഭാസ്‌കര്‍ ഘോഷും, ദൂരദര്‍ശനിലെ അന്നത്തെ ഡയറക്ടര്‍ ജനറല്‍ റിതികാന്ത് ബസുവും ചേര്‍ന്ന് ഒതുക്കി എന്നാണ് എന്‍ഡിടിവി നടത്തിയ വന്‍ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തി ഒരു പുസ്തകം തന്നെ പ്രസിദ്ധീകരിച്ച ശ്രീഅയ്യര്‍ എന്ന വ്യവസായ സംരംഭകന്‍ പറയുന്നത്. 2004 മുതല്‍ 2014 വരെ എന്‍ഡിടിവിയുടെ സുവര്‍ണ്ണ കാലമായിരുന്നു. മന്‍മോഹന്‍ മന്ത്രിസഭയിലെ 'കുതന്ത്രങ്ങളുടെ ആശാന്‍' എന്ന് ഖ്യാതിനേടിയ പി. ചിദംബരമായിരുന്നു പ്രണോയ് റോയിയുടെ രക്ഷകനും സുഹൃത്തും. ചിദംബരത്തിനും കോണ്‍ഗ്രസ്സിനും സിപിഎം നേതാക്കള്‍ക്കും ഒരേയൊരു അജണ്ട മാത്രമാണ് ഉണ്ടായിരുന്നത്. എങ്ങനെയെങ്കിലും നരേന്ദ്രമോദിയുടെ രാഷ്ട്രീയ ഭാവി നശിപ്പിക്കുക. അത് പ്രണോയ് റോയ് അംഗീകരിച്ചു. അതിനായി മാത്രമാണ് റോയി രാജ്ദീപ് സര്‍ദേസായി, ബര്‍ഖ ദത്ത് എന്നിവരെ നിയോഗിച്ചത്. പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും റോയി- സര്‍ദേസായി- ദത്ത് കൂട്ടുകെട്ടിന് മോദിക്കെതിരെ ഒന്നും ചെയ്യാനായില്ല. മാത്രമല്ല, എന്‍ഡിടിവിയുടെ വിശ്വസനീയത തകരുകയും ചെയ്തു. ഇടക്കാലത്ത് ഉദയം ചെയ്ത 'ടൈംസ് നൗ' ചാനലും, അവതാരക പ്രതിഭാസം അര്‍ണാബ് ഗോസ്വാമിയും പ്രണോയി റോയിയുടെ ചാനലിനെ തികച്ചും നിഷ്പ്രഭമാക്കി. അതവിടെ നില്‍ക്കട്ടെ! എന്‍ഡിടിവി കമ്പനിയുടെ ഓഹരികള്‍ ഓഹരിവിപണിയില്‍ നിയമവിരുദ്ധമായി കച്ചവടം ചെയ്തും, നികുതി വെട്ടിപ്പിലൂടെയും, ഹവാല ഇടപാടുകളിലുടെയും ആയിരക്കണക്കിനു കോടി രൂപയാണ് പ്രണോയ് റോയിയും ധര്‍മ്മപത്‌നി രാധിക റോയിയും സമ്പാദിച്ചു കൂട്ടിയത്. ഇക്കാര്യം വിശദീകരിക്കണമെങ്കില്‍ പേജുകള്‍ തന്നെ എഴുതേണ്ടിവരും. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ എല്ലാ കമ്പനികളും രജിസ്റ്റര്‍ ചെയ്തിരിക്കണം. അങ്ങനെയുള്ള കമ്പനികള്‍ക്കേ വിപണിയില്‍ നിന്ന് ധനം സ്വരൂപിക്കാന്‍ അവകാശമുള്ളൂ. പ്രസ്തുത കമ്പനികള്‍ പാലിക്കേണ്ടുന്ന ചട്ടങ്ങള്‍ അനവധിയാണ്. പക്ഷേ, എന്‍ഡിടിവി ഇതെല്ലാം കാറ്റില്‍പറത്തിയാണ് പ്രവര്‍ത്തിച്ചത്. മുന്‍ ധനകാര്യമന്ത്രി പി. ചിദംബരത്തിന്റെ ഒത്താശകൂടിയായപ്പോള്‍ പ്രണോയ് റോയിയും ഭാര്യ രാധികാ റോയിയും സര്‍വ്വതും മറന്നു. ഗുജറാത്ത് കലാപത്തെ തുടര്‍ന്നു നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി തോറ്റു തൊപ്പിയിടും എന്നാണ് എന്‍ഡിടിവിയും അന്നു പ്രണോയ് റോയിയുടെ ആശ്രിതനുമായിരുന്ന സര്‍ദേസായി 24 മണിക്കൂറും ഉരുവിട്ടുവന്നത്. തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചപ്പോള്‍, സംസ്ഥാനത്തെ മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ കെട്ടും ഭാണ്ഡവുമായി പലായനം തുടങ്ങിയെന്നും എന്‍ഡിടിവി വാര്‍ത്ത പ്രചരിപ്പിച്ചു. എന്‍ഡിടിവി ചാനലിന്റെ ചീഫ് എക്‌സിക്യൂട്ടിവായ കെ.വി.എല്‍.നാരായണ്‍ റാവു (ഇദ്ദേഹം മുന്‍ കരസേനാ മേധാവി ജനറല്‍ കൃഷ്ണറാവുവിന്റെ പുത്രനാണ്) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു നല്‍കിയ വിവരം അനുസരിച്ചാണെങ്കില്‍, ഒരു സ്വകാര്യ കമ്പനി ചെയ്യാന്‍ പാടില്ലാത്ത പ്രവൃത്തികള്‍ മാത്രമേ എന്‍ഡിടിവി ചെയ്തിട്ടുള്ളൂ. 2016 നുശേഷം പ്രണോയ് റോയിയും, പത്‌നി രാധികാ റോയിയും ദക്ഷിണ ആഫ്രിക്കയിലെ തങ്ങളുടെ കൊട്ടാരസദൃശമായ ബംഗ്ലാവിലാണ് താമസിക്കുന്നതത്രെ. എന്‍ഡിടിവി ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഉത്തരവു പുറപ്പെടുവിച്ച എസ്.കെ.ശ്രീവാസ്തവ എന്ന ഇന്‍കം ടാക്‌സ് വകുപ്പ് ഉദ്യോഗസ്ഥനെ അന്നത്തെ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍, പ്രത്യേകിച്ച് ധനമന്ത്രി ചിദംബരം നിഷ്‌ക്കരുണം വേട്ടയാടിയത് മുഖ്യധാരാമാധ്യമങ്ങള്‍ മുക്കിക്കളഞ്ഞു. അഴിമതി, സ്ത്രീപീഡനം, മാനസിക രോഗി എന്നീ വിശേഷണങ്ങള്‍ ചാര്‍ത്തിയാണ് ശ്രീവാസ്തവ എന്ന സത്യസന്ധനായ ഉദ്യോഗസ്ഥനെ ചിദംബരം പീഡിപ്പിച്ചത്. എന്‍ഡിടിവി കമ്പനിയെ സംബന്ധിച്ച് ശ്രീവാസ്തവ അന്വേഷണം നടത്തി കണ്ടെത്തിയ വസ്തുതകള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. അതു മനസ്സിലാക്കുമ്പോഴേ പ്രണോയ് റോയിയുടെയും, പ്രകാശ് കാരാട്ടിന്റെയും വിഖ്യാതമായ ചിരികളില്‍ പുരണ്ടിരിക്കുന്ന കൊടിയ വിഷത്തെക്കുറിച്ചു നമുക്കു മനസ്സിലാകുകയുള്ളൂ. ഹവാല ഇടപാടുകള്‍ക്ക്, കറുത്തപണം വെളുപ്പിക്കുന്നതിന് തുടങ്ങി എല്ലാ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ടിവി ചാനലുകള്‍ മറയാക്കാവുന്നതാണ്. ഉദാഹരണത്തിന് ചാനലുകള്‍ നിര്‍മ്മിക്കുന്ന പരിപാടികള്‍ നൂറിരട്ടി വിലയ്ക്ക് വിദേശ വ്യക്തികള്‍ക്കോ, സംഘടനകള്‍ക്കോ വില്‍ക്കാം. നിയമപ്രകാരം ലഭിക്കുന്ന തുക വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കാം. ഭാരതത്തിലെ ഓരോ ടിവി ചാനലിനെയും കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകേണ്ടത്. ഇവര്‍ക്കു വിദേശത്തുനിന്നും ലഭിക്കുന്ന ധനസഹായവും ഫണ്ടുകളും നിയമവിധേയമാണോ എന്ന് തലനാരിഴകീറി പരിശോധിച്ചാല്‍, ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍ പുറത്തുവരും. 1988ല്‍ അന്നത്തെ രാഷ്ട്രപതി ഗ്യാനി സെയില്‍ സിങ് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെഴുതിയ വിവാദ കത്തിന്റെ കോപ്പി 'ഇന്ത്യന്‍ എക്‌സ്പ്രസ്' ദിനപത്രം പ്രസിദ്ധീകരിച്ചപ്പോള്‍, കേന്ദ്ര കുറ്റാന്വേഷണ ബ്യൂറോയും ദില്ലി പോലീസും 'ഇന്ത്യന്‍ എക്‌സ്പ്രസി'ന്റെ കാര്യാലയങ്ങള്‍ റെയ്ഡ് ചെയ്തതും, എക്‌സ്പ്രസ് കെട്ടിടം ഇടിച്ചുനിരത്താന്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ ഉത്തരവിട്ടതും ഓര്‍മ്മിക്കുന്ന കുറേപ്പേരെങ്കിലും ഇന്നാട്ടില്‍ ജീവിച്ചിരിക്കുന്നുണ്ട്. തുടര്‍ച്ചയായി രാജീവ് ഗാന്ധിവിരുദ്ധ വാര്‍ത്തകള്‍ കാര്യകാരണസഹിതം പ്രസിദ്ധീകരിച്ചിരുന്ന മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ അപകീര്‍ത്തി ബില്‍ തയ്യാറാക്കി അവതരിപ്പിച്ചത് അന്ന് ആഭ്യന്തര സഹമന്ത്രിയായിരുന്ന പി.ചിദംബരമാണ്. ദേശീയ തലത്തില്‍ പ്രതിഷേധം വ്യാപകമായപ്പോള്‍, ബില്‍ പിന്‍വലിക്കാന്‍ രാജീവ് ഗാന്ധി നിര്‍ബന്ധിതനായി. ഇതാദ്യമല്ല, എന്‍ഡിടിവി വിവാദങ്ങളില്‍ ഇടംപിടിക്കുന്നത്. തെറ്റായ വാര്‍ത്ത പ്രക്ഷേപണം ചെയ്തതിനെ തുടര്‍ന്ന്, ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് ബ്രോഡ്കാസ്റ്റിംഗ് കൗണ്‍സിലും കേന്ദ്ര വാര്‍ത്താപ്രക്ഷേപണ മന്ത്രാലയവും ചാനലിനോട് ഒരു ദിവസത്തേക്ക് സംപ്രേഷണം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടത്. അന്നും മാധ്യമസ്വാതന്ത്ര്യം എന്ന ഉമ്മാക്കി കാണിച്ച് റോയിയും ഭാര്യയും കാരാട്ടും വൃന്ദയും (അവയ്‌ലബിള്‍ പൊളിറ്റ് ബ്യൂറോ) സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചു. സ്വന്തം മകളെ പുറംലോകത്തിനുമുന്നില്‍, സഹോദരിയായി അവതരിപ്പിച്ചും, കിട്ടിയ അവസരം മുതലാക്കി ആ പുത്രിയെ കഴുത്തുഞെരിച്ചു കൊന്നതും അടുത്തകാലത്ത് നമ്മള്‍ വായിക്കുകയും കാണുകയും ചെയ്ത സംഭവമാണ്. ഇന്ദ്രാണി മുഖര്‍ജി/ പീറ്റര്‍ മുഖര്‍ജി എന്ന മാധ്യമ കുടുംബത്തിന്റേതാണ് ഈ സംഭാവന. ഇന്ദ്രാണിയും പീറ്ററും ഇന്നും ജയിലിലാണ്. എത്രയോ ടെലിവിഷന്‍ ചാനല്‍ അവതാരകരാണ് ദുരൂഹ മരണത്തിന് ഇരയാകുന്നത്. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളായി തള്ളിക്കളയരുത്. നിയമവിരുദ്ധ പ്രവൃത്തികളില്‍ ഇടപെടുമ്പോഴും, സത്യത്തിനു നിരക്കാത്ത പ്രവൃത്തികള്‍ ചെയ്യുമ്പോഴും, അത് ദുരന്തത്തിലേക്കുള്ള വിശാലമായ പാതയാണെന്ന് മനസ്സിലാക്കാനുള്ള കഴിവ് മാധ്യമ പ്രവര്‍ത്തകര്‍ക്കുവേണം. മലയാളത്തിലെ പ്രഥമ ഉപഗ്രഹ ചാനല്‍ സ്ഥാപകന് എന്തുപറ്റിയെന്ന് വായനക്കാര്‍ അന്വേഷിച്ചു കണ്ടുപിടിക്കുക! ഒരു കാര്യംകൂടി പറയട്ടെ. 1998 വരെ സ്വകാര്യ ഉപഗ്രഹ ചാനലുകള്‍ക്ക് ഭാരതത്തില്‍ നിന്ന് സംപ്രേഷണം ചെയ്യാന്‍ അനുമതി ഇല്ലായിരുന്നു. 1998 മുതല്‍ 2004 വരെ രാജ്യം ഭരിച്ച അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരാണ് എല്ലാ സ്വകാര്യ ടിവി ചാനലുകള്‍ക്കും ഭാരതത്തില്‍നിന്ന് ഒരു തടസ്സവും കൂടാതെ സംപ്രേഷണത്തിനുള്ള അനുമതി നല്‍കിയത്. ഇന്ന് ആര്‍ക്കുവേണമെങ്കിലും ചാനല്‍ തുടങ്ങാം. ഈര്‍ക്കിലി പാര്‍ട്ടിയായ സിപിഐവരെ ചാനല്‍ മേഖലയിലേക്ക് ഇറങ്ങുന്നു. നരേന്ദ്രമോദി സര്‍ക്കാരിനെതിരെ നുണപ്രചാരണം നടത്തുന്നതിനുള്ള ലൈസന്‍സ് നരേന്ദ്രമോദി സര്‍ക്കാര്‍തന്നെ നല്‍കുന്ന അസാധാരണ കാഴ്ച ഭാരതത്തിലെ പ്രേക്ഷകര്‍ക്ക് കാണാം! (മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും 'പയനിയര്‍' പത്രത്തിന്റെ തമിഴ്‌നാട് പ്രതിനിധിയുമാണ് ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.