പാലായില്‍ ദീര്‍ഘദൂര ബസുകള്‍ പാര്‍ക്ക് ചെയ്യുന്നത് നടുറോഡില്‍

Friday 9 June 2017 9:32 pm IST

പാലാ: പാര്‍ക്കിംഗ് അപര്യാപ്തതയും ഗതാഗതക്കുരുക്കും ശാപമായി മാറിയ പാലായില്‍ ദീര്‍ഘദൂര ബസ് സര്‍വ്വീസുകളുടെ നടുറോഡിലെ പാര്‍ക്കിംഗ് റോഡ് ഗതാഗതത്തിന് തടസ്സമാകുന്നുവെന്ന് ആരോപണം. പത്തോളം ദീര്‍ഘദൂര ബസ് സര്‍വ്വീസുകളാണ് ദിനംപ്രതി പാലാ വഴി കടന്നു പോകുന്നത്. മിക്കവാറും ദീര്‍ഘദൂര ബസുകളുടെയും സ്റ്റോപ്പ് ഗവണ്‍മെന്റാശുപത്രി ജംഗ്ഷനിലാണ്. വൈകുന്നേരങ്ങളിലാണ് ബസ്സുകള്‍ പാലാ വഴി വരുന്നത്. ബാംഗ്ലൂര്‍, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ പഠനാവശ്യങ്ങള്‍ക്കും തൊഴിലിനുമായി പോകുന്നവരാണ് അധികവും. ഇവരെ കൊണ്ടുപോയി വിടാന്‍ വരുന്നവരുടെ വാഹനങ്ങളുടെ വരവോടെ ഇവിടെ തിരക്കാവും. ഇതോടെ ഗതാഗതക്കുരുക്കിലാവും ഈ മേഖല. പലരും ബസ് വരുന്നതിനും മണിക്കൂറുകള്‍ മുമ്പേ സ്ഥലത്തെത്തും. ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടുറോഡില്‍ നിര്‍ത്തിയാണ് ആളെ കയറ്റുന്നത് ഇതു വഴിയുള്ള വാഹന ഗതാഗതത്തിനും കാല്‍നടയാത്രയ്ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. നഗരത്തിലുടനീളം എപ്പോഴുമുള്ള പോലീസോ മോട്ടോര്‍ ഗതാഗത വകുപ്പോ ഇതൊന്നും ശ്രദ്ധിക്കാറും നടപടിയെടുക്കാറുമില്ല. ഇതിനു പരിഹാരമായി ദീര്‍ഘദൂര ബസ് സര്‍വ്വീസുകളുടെ സ്റ്റോപ്പ് ബൈപാസിലേയ്ക്ക് അടിയന്തിരമായി മാറ്റണമെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ നിര്‍ദ്ദേശിച്ചു. ദീര്‍ഘദൂര യാത്രക്കാരെ കൊണ്ടുവിടാന്‍ എത്തുന്നവര്‍ വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യപ്രദമായ സ്ഥലസൗകര്യം ഇവിടെയുണ്ട്. ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഇവിടേയ്ക്ക് മാറ്റിയാല്‍ ടൗണില്‍ ഇതുമൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരമാകുമെന്ന് ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി. ഇതോടൊപ്പം ഈ ഭാഗത്ത് ദീര്‍ഘദൂര യാത്രികര്‍ക്കായി ബസ് ബേയും വെയ്റ്റിംഗ് ഷെഡും സ്ഥാപിക്കണമെന്നും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.