അടിമാലി പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് തുരുമ്പ് തിന്ന് വാഹനങ്ങള്‍

Friday 9 June 2017 9:48 pm IST

  അടിമാലി: അടിമാലി പോലീസ് സ്‌റ്റേഷന്‍ പരിസരം വാഹനങ്ങളുടെ ശവപ്പറമ്പാകുന്നു. പിടിച്ചെടുത്ത വാഹനങ്ങള്‍ ലേലം ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടില്ല. രണ്ട് വര്‍ഷം മുന്‍പ് ഇവിടെ കൂടിക്കിടന്ന് നശിച്ച വാഹനങ്ങള്‍ മണ്ണ് മാന്തി യന്ത്രം കൊണ്ടുവന്ന് സര്‍ക്കിള്‍ ഇന്‍പെക്ടറുടെ ക്വാര്‍ട്ടേഴ്‌സിന് പിന്നില്‍ കൂട്ടിയിട്ടു. അന്ന് സ്റ്റേഷന്‍ പരിസരം വൃത്തിയായിരുന്നു. രണ്ട് വര്‍ഷത്തിനിടെ വീണ്ടും വാഹനങ്ങള്‍ സ്റ്റേഷന്‍ പരിസരത്ത് കുമിഞ്ഞുകൂടി. വാഹനങ്ങളെ സംബന്ധിച്ച കേസ് കേടതിയിലായതിനാലാണ് ഇവ ലേലം ചെയ്യാന്‍ നടപടി സ്വീകരിക്കാത്തതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ കോടതിയില്‍ തൊണ്ടിമുതല്‍ ഹാജരാക്കിയതിന് ശേഷം ഇത് ലേലം ചെയ്യുന്നതിനുള്ള നടപടികള്‍ അധികാരികള്‍ സ്വീകരിച്ചാല്‍ ഈ പ്രശനത്തിന് പരിഹാരമാകും. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് സംസ്ഥാനത്തെ മിക്ക സ്‌റ്റേഷനുകളിലും നടപ്പാക്കുന്നില്ല. വിലപിടിപ്പുള്ള പല വാഹനങ്ങളുടെയും പ്രധാന ഭാഗങ്ങള്‍ സ്റ്റേഷിനില്‍ നിന്നും കടത്തിക്കൊണ്ട് പോകുന്ന സംഘങ്ങളും ഉണ്ടെന്നാണ് ആക്ഷേപം. പാര്‍ട്‌സുകള്‍ എടുത്തുമാറ്റിയാല്‍ ലേലം ചെയ്യാന്‍ സാധിക്കാതെ വരും. ഈ സാഹചര്യങ്ങളെക്കുറിച്ച് പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.