ഇന്ത്യയുടെ വിയോജിപ്പ് ചൈനയെ അറിയിച്ചു

Friday 9 June 2017 10:47 pm IST

അസ്താന(കസാക്കിസ്ഥാന്‍): ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയെക്കുറിച്ചുള്ള ഇന്ത്യയുടെ വിയോജിപ്പുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിങ്ങിനെ അറിയിച്ചു. ആണവ വിതരണ ഗ്രൂപ്പിലെ ഇന്ത്യയുടെ അംഗത്വ വിഷയവും ഷാങ്ഹായ് ഉച്ചകോടിക്കിടയിലെ മോദി-സീ ജിന്‍ പിങ് കൂടിക്കാഴ്ചയില്‍ വിഷയമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സജീവമാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയെന്ന് കൂടിക്കാഴ്ചയെപ്പറ്റി മോദി പ്രതികരിച്ചു. ഷാങ്ഹായ് ഉച്ചകോടിയിലെ ഇന്ത്യന്‍ സ്ഥിരാംഗത്വത്തിന് ചൈനയ്ക്ക് നന്ദി പറഞ്ഞ മോദി, ചൈനയുടെ പിന്തുണയാണ് അംഗത്വത്തിന് ഇന്ത്യയെ സഹായിച്ചതെന്നും അറിയിച്ചു. വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതിയുടെ ഭാഗമായ ബംഗ്ലാദേശ്, ചൈന, ഇന്ത്യ, മ്യാന്മാര്‍ ഇടനാഴി(ബിസിഐഎം)യില്‍ ഇന്ത്യ ചേരണമെന്ന ആവശ്യം ചൈനീസ് പ്രസിഡന്റ് മുന്നോട്ട് വെച്ചു. അടുത്തമാസം ജര്‍മ്മനിയിലെ ഹംബര്‍ഗില്‍ ജി-20 ഉച്ചകോടിയില്‍ ഇരു രാഷ്ട്രത്തലവന്മാരും തുടര്‍ ചര്‍ച്ചകള്‍ നടത്തും. സപ്തംബറില്‍ ചൈനയിലെ സിയമെനില്‍ ബ്രിക്‌സ് ഉച്ചകോടിയിലും മോദി-പിങ് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. കസാഖ്സ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ രാഷ്ട്രത്തലവന്മാരുമായി ഉഭയകക്ഷി ചര്‍ച്ച നടത്തിയ മോദി അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തില്‍ അംഗമാകാന്‍ കസാക്കിസ്ഥാനെ ക്ഷണിച്ചു. ഇന്ത്യയുടെ ഏറ്റവും വലിയ യുറേനിയം ദാതാവാണ് കസാക്കിസ്ഥാന്‍. ഈ സഹകരണം തുടരാന്‍ ധാരണയായി. ഹൈഡ്രോ കാര്‍ബണ്‍ മേഖലയിലെ സഹകരണവും ചര്‍ച്ച ചെയ്തു. ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഷവക്കത്ത് മിര്‍സിയോയെയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സാമ്പത്തികം, വ്യാപാരം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.