സിപിഎം ഓഫീസ് അക്രമത്തില്‍ ദുരൂഹത

Friday 9 June 2017 10:50 pm IST

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ഉണ്ടായ അക്രമത്തില്‍ ദുരൂഹത. ഇന്നലെ പുലര്‍ച്ചെ 1.15 ഓടെയാണ് ഓഫീസിന് നേരെ അക്രമമുണ്ടായത്. അതേ സമയത്തു തന്നെയാണ് ജില്ലാ സെക്രട്ടറി പി. മോഹനന്‍ സ്ഥലത്തെത്തുന്നതും. നാലുപേര്‍ ബോംബെറിഞ്ഞുവെന്നാണ് മോഹനന്‍ പറഞ്ഞത്. എന്നാല്‍ സ്‌ഫോടനമുണ്ടായി എന്നു പറയുന്ന ഓഫീസ് പരിസരത്ത് അതിന്റെ അടയാളങ്ങളോ നാശനഷ്ടങ്ങളൊ ഒന്നുമില്ല. ഇതിന്റെ പേരിലാണ് സിപിഎമ്മുകാര്‍ ഇന്നലെ വ്യാപകമായി അക്രമം അഴിച്ചുവിട്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സിപിഎം നേതാവ് എ. കണാരനെ മുസ്ലിം ലീഗുകാര്‍ അക്രമിച്ചു എന്ന് പ്രചരിപ്പിച്ച് നാദാപുരം മേഖലയില്‍ വന്‍ കലാപം അഴിച്ചുവിട്ടതിന്റെ ആവര്‍ത്തനമാണ് ഇന്നലെ കോഴിക്കോട് നഗരത്തിലും ഉണ്ടായത്. പാതിരാത്രി ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഓഫീസിലെത്തുന്ന സമയം കൃത്യമായി അറിഞ്ഞ് ആര്‍ എസ്എസുകാര്‍ അക്രമം ആസൂത്രണം ചെയ്തുവെന്നാണ് സിപിഎം പ്രചരിപ്പിക്കുന്നത്. പുലര്‍ച്ചെ 1.15 ന് മോഹനന്‍ ഓഫിസിലെത്തുന്ന വിവരം കൃത്യമായറിയാവുന്നത് സിപിഎം നേതാക്കള്‍ക്ക് മാത്രമായിരുന്നു. സംഭവം ഉണ്ടായ ഉടനെ ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞുവെന്ന് പ്രചരിപ്പിച്ചതും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ സംഭവസ്ഥലത്തെത്തിയതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.