ബോംബേറില്‍ ദുരൂഹത: സമഗ്ര അന്വേഷണം വേണം

Friday 9 June 2017 11:35 pm IST

കോഴിക്കോട്: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബോംബെറിഞ്ഞു എന്ന സംഭവത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സിപിഎം ഓഫീസിനു നേരെ അതി പുലര്‍ച്ചെ നടന്ന അക്രമത്തിന് തൊട്ടുപിന്നാലെ ആര്‍എസ്എസ് വടകര ജില്ലാ കാര്യാലയത്തിന് നേരെ ബോംബേറുണ്ടായി. കോഴിക്കോട്ടെ അക്രമം ആര്‍എസ്എസ്‌കാരാണ് നടത്തിയതെന്ന നിരുത്തരവാദപരമായ പ്രഖ്യാപനമാണ് സിപിഎം ജില്ലാ സെക്രട്ടറിയില്‍ നിന്നുണ്ടായത്. പ്രതികളെ പ്രഖ്യാപിക്കുകയും വിധി പ്രസ്താവിക്കുകയും ചെയ്ത നേതാവ് ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റതിനു ശേഷം ജില്ലയില്‍ വ്യാപകമായ അക്രമമാണ് ജില്ലയിലുണ്ടാകുന്നത്. അക്രമമുണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സ്ഥലത്തെത്തിയതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. കണ്ണൂര്‍ മാതൃകയിലുള്ള അക്രമം കോഴിക്കോട്ടും വ്യാപിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംഘടനകളുടെ ഓഫീസുകള്‍ അക്രമിക്കുകയും നഗരത്തില്‍ അഴിഞ്ഞാടുകയും ചെയ്ത സിപിഎം അക്രമിസംഘം പത്രപ്രവര്‍ത്തകരെയും വെറുതെ വിട്ടില്ല. പോലീസ് നോക്കി നില്‍ക്കുമ്പോഴാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്. ജില്ലയില്‍ കലാപത്തിനുള്ള ഒരുക്കുകൂട്ടലാണ് നടക്കുന്നത്. കാല്‍നടയാത്രക്കാരെപോലും അക്രമിക്കുകയാണ്. അക്രമമുണ്ടാകുമെന്ന് മുന്‍കൂട്ടി അറിഞ്ഞിട്ടും പോലീസ് ജാഗ്രത പാലിക്കുന്നില്ല. ബിഎംഎസ് ഓഫീസ്, എബിവിപി ഓഫീസ്, കുരുക്ഷേത്ര പുസ്തക വിതരണ ശാല, മസ്ദൂര്‍ ഭാരതി ഓഫീസ് എന്നിവക്ക് നേരെയുണ്ടായ അക്രമം സിപിഎം നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് നടന്നത്. പട്ടാപ്പകല്‍ നടന്ന കയ്യേറ്റം തടയാന്‍ പോലീസിന് കഴിഞ്ഞില്ലെന്നത് ഗൗരവം വര്‍ദ്ധിപ്പിക്കുകയാണ്. സിപിഎം അക്രമത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അവര്‍ പറഞ്ഞു. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് എന്‍.കെ. ബാലകൃഷ്ണന്‍, വിഭാഗ് സേവാ പ്രമുഖ് എം. പ്രദീപന്‍, ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി ജയചന്ദ്രന്‍, ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.