സിപിഎമ്മുകാര്‍ അഴിഞ്ഞാടി; പോലീസ് നോക്കി നിന്നു

Friday 9 June 2017 11:53 pm IST

കോഴിക്കോട്: പട്ടാപ്പകല്‍ സിപിഎം അക്രമികള്‍ കോഴിക്കോട് നഗരത്തില്‍ അഴിഞ്ഞാടി. അക്രമികള്‍ക്ക് അകമ്പടി സേവിച്ച പോലീസ് ഒരിടത്തും അക്രമം തടയാന്‍ തയാറായില്ല. സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവിലായിരുന്നു അക്രമം. ബിഎംഎസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് സിപിഎമ്മുകാര്‍ തകര്‍ത്തു. കല്ലായ് റോഡിലെ എബിവിപി ജില്ലാ കമ്മിറ്റി ഓഫീസ്, കുരുക്ഷേത്ര പ്രകാശന്‍ ബുക്ക് സ്റ്റാള്‍, ബിഎംഎസ് പ്രസിദ്ധീകരണമായ മസ്ദൂര്‍ഭാരതി ഓഫീസ്, സമീപത്തെ ഹോട്ടല്‍ വസന്തവിഹാര്‍, ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ.പി. ജനില്‍കുമാറിന്റെ ചെറുവണ്ണൂരിലെ ഫഌ്‌സ് പ്രിന്റിംഗ് സെന്റര്‍ എന്നിവയ്ക്കുനേരെയും അക്രമമുണ്ടായി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. സിപിഎം ഓഫീസിനുനേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ചാണ് സിപിഎം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിന്റെ ഭാഗമായി നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തവരാണ് നഗരത്തില്‍ അഴിഞ്ഞാടിയത്. റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡില്‍ അപ്‌സര തിയേറ്ററിന് പിന്‍വശത്തുള്ള ബിഎംഎസ് ജില്ലാ കമ്മിറ്റി ഓഫീസാണ് സിപിഎം അക്രമികള്‍ തകര്‍ത്തത്. ഓഫീസിന്റെ മതില്‍ തകര്‍ക്കുകയും ബോര്‍ഡുകളും കൊടികളും നശിപ്പിക്കുകയും ചെയ്തു. ഓഫീസിനകത്ത് കയറി കസേരകളും ഫര്‍ണ്ണിച്ചറുകളും തകര്‍ത്തു. ഫയലുകള്‍ വാരിവലിച്ചിട്ടു. ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തു. തകര്‍ത്ത ഫര്‍ണ്ണിച്ചറുകളില്‍ ചിലത് കിണറിലേക്ക് വലിച്ചെറിഞ്ഞു. ഓഫീസിന്റ അടുക്കള പൂര്‍ണ്ണമായും തകര്‍ത്തു. ഗ്യാസ് തുറന്നിട്ടു. കുളിമുറിയും ടോയ്‌ലറ്റും തകര്‍ക്കുകയും കെട്ടിടത്തിലെ വയറിംഗ് സംവിധാനവും ജലവിതരണ പൈപ്പുകളും തകര്‍ക്കുകയും ചെയ്തു. ഓഫീസിന്റെ ഓടുകള്‍ എറിഞ്ഞു തകര്‍ത്തു, കുടിവെള്ള ടാങ്കും അക്രമികള്‍ തകര്‍ത്തു. അരമണിക്കൂര്‍ നേരം ഓഫീസില്‍ ഭീകരാന്തരീക്ഷം സൃഷ്ടി ക്കുകയായിരുന്നു അക്രമികള്‍. വിവിധ യൂണിറ്റുകളില്‍ നിന്നു പിരിച്ചെടുത്ത ഒന്നര ലക്ഷത്തോളം രൂപയും മിക്‌സിയും ഓഫീസില്‍ നിന്ന് കവര്‍ച്ച ചെയ്തിട്ടുണ്ട്. ഓഫീസിലുണ്ടായിരുന്ന ജില്ലാ സെക്രട്ടറി ഒ.കെ. ധര്‍മ്മരാജന് നേരെ കയ്യേറ്റ ശ്രമവും ഉണ്ടായി. കഴിഞ്ഞ ആഴ്ചയാണ് ബിഎംഎസ് ഓഫീസ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇരുപത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. എബിവിപി കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസും സിപിഎമ്മുകാര്‍ തകര്‍ത്തു. ഓഫീസിന്റെ ബോര്‍ഡ് തകര്‍ത്തു, ഫര്‍ണിച്ചര്‍ നശിപ്പിച്ചു. കല്ലായ് റോഡിലെ കുരുക്ഷേത്ര പ്രകാശന്‍ ബുക്ക് സ്റ്റാള്‍, ബിഎംഎസ് പ്രസിദ്ധീകരണമായ മസ്ദൂര്‍ഭാരതി ഓഫീസ്, എന്നിവയ്ക്കുനേരെയും അക്രമം ഉണ്ടായി. മസ്ദൂര്‍ ഭാരതി ഓഫീസിന്റെയും കുരുക്ഷേത്ര പ്രകാശന്‍ ബുക്ക് സ്റ്റാളിന്റെയും ചില്ലുകള്‍ തകര്‍ത്തു. സിപിഎമ്മുകാര്‍ നടത്തിയ കല്ലേറില്‍ മസ്ദൂര്‍ഭാരതി സബ് എഡിറ്റര്‍ കെ.പി. അഖിലേഷിന് പരിക്കേറ്റു. അഖിലേഷിനെ കോഴിക്കോട് ബീച്ച് അശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊട്ടടുത്ത ഹോട്ടല്‍ വസന്തവിഹാറില്‍ അതിക്രമിച്ചു കയറി ചില്ലുകളും ഫര്‍ണിച്ചറും തകര്‍ത്തു. മുറികളില്‍ കയറി താമസക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും അക്രമം ഉണ്ടായി. ദിന്യുഇന്ത്യന്‍ എക്‌സ്പ്രസ്സ് ഫോട്ടോഗ്രാഫര്‍ സനേഷ്, കേരള ഭൂഷണം ഫോട്ടോഗ്രാഫര്‍ ശ്രീജേഷ്, മാധ്യമം ഫോട്ടോഗ്രാഫര്‍ അഭിജിത്ത് എന്നിവരെ കയ്യേറ്റം ചെയ്യുകയും ക്യാമറ തകര്‍ക്കുകയും ചെയ്തു. പൂളാടിക്കുന്നില്‍ സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രിയുടെ കൂറ്റന്‍ കട്ടൗട്ട് സിപിഎം സംഘം തച്ചുതകര്‍ത്തു. കൊടികളും വ്യാപകമായി നശിപ്പിച്ചു. തലക്കൂളത്തൂരിലെ ബിജെപി ഓഫീസിന് നേരെയും അക്രമം ഉണ്ടായി. ബിജെപി വാഴയൂര്‍ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് തീവെച്ചു നശിപ്പിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് കാരാട് അങ്ങാടിയില്‍ ബിജെപി പ്രതിഷേധ പ്രകടനം നടത്തി. രണ്ടു ദിവസമായി ജില്ലയില്‍ സിപിഎം വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. ബിജെപി ചെറുവണ്ണൂര്‍ ഏരിയാകമ്മറ്റി ഓഫീസ് ഏഴിന് രാത്രി ഏട്ട് മണിയോടു കൂടി സിപിഎം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ അക്രമിസംഘം അടിച്ചു തകര്‍ത്തു. ഓഫീസിന്റെ ജനല്‍ചില്ലുകള്‍, കസേരകള്‍, മറ്റു ഫര്‍ണിച്ചറുകള്‍ തുടങ്ങി ഫാന്‍ ഉള്‍പ്പടെ ഓഫീസ് പൂര്‍ണ്ണമായും തകര്‍ത്തു. ഇതേ ദിവസം രാത്രി പത്ത് മണിയോടുകൂടി ബിജെപി മണക്കടവ് ബൂത്ത് കമ്മറ്റി ഓഫീസ് സിപിഎം അക്രമിസംഘം സംഘടിച്ചെത്തി തകര്‍ത്തു. പുറത്തെ ഗ്ലാസ്സുകള്‍ പൂര്‍ണ്ണമായും കല്ലെറിഞ്ഞുതകര്‍ത്തു. അന്നുതന്നെ വടകര എടോടിയില്‍ ബിജെപി വടകര നിയോജകമണ്ഡലം കമ്മറ്റി ഓഫീസും അക്രമിച്ചു. ഓഫീസ് സാമഗ്രികള്‍ തകര്‍ത്തു. ആര്‍എസ്എസ് വടകര ജില്ലാ കാര്യാലയത്തിന് നേരെ രണ്ട് തവണയാണ് അക്രമണം ഉണ്ടായത്. വ്യാഴാഴ്ച വൈകീട്ട് പ്രകടനമായി എത്തിയ നൂറോളം വരുന്ന സിപിഎമ്മുകാര്‍ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ കാര്യാലയം ആക്രമിച്ചു. ജനല്‍ചില്ലുകള്‍ തകര്‍ത്തു, സംഘപ്രവര്‍ത്തകരായ ബിജു(32), നിധീഷ്(27), അനന്തു(27) എന്നിവര്‍ക്ക് പരിക്കേറ്റു ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പൂലര്‍ച്ചെ മൂന്നരമണിയോടു കൂടി കാര്യാലയത്തിനുനേരെ വീണ്ടും അക്രമണം ഉണ്ടായി. അക്രമികള്‍ കാര്യാലയത്തിലേക്ക് ബോംബ് എറിയുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.