കറുകച്ചാല്‍ പോലീസ്‌ ക്വാര്‍ട്ടേഴ്സ്‌ കാടുകയറി നശിക്കുന്നു

Tuesday 12 July 2011 11:21 pm IST

കറുകച്ചാല്‍: പോലീസുകാര്‍ക്ക്‌ താമസത്തിനായി വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നിര്‍മ്മിച്ച കറുകച്ചാലിലെ പോലീസ്‌ ക്വാര്‍ട്ടേഴ്സ്‌ താമസിക്കാന്‍ ആളുകളില്ലാതെ കാടുകയറി നശിക്കുന്നു. ൧൭ഓളം ക്വാര്‍ട്ടേഴ്സുകള്‍ ഉണ്ടെങ്കിലും നാലെണ്ണത്തില്‍ മാത്രമാണ്‌ താമസക്കാരുള്ളത്‌. ഇതിലെ താമസക്കാര്‍ പാമ്പിനേയും മറ്റും പേടിച്ചാണു കഴിയുന്നത്‌. ഒരു കാലത്ത്‌ എല്ലാ ക്വാര്‍ട്ടേഴ്സുകളിലും പോലീസ്‌ ഉദ്യോഗസ്ഥര്‍ താമസിച്ചിരുന്നെങ്കിലും ഇന്ന്‌ മിക്കവരും വാടകക്കോ സ്വന്തം വീടുകളിലോ ആയിട്ടാണു താമസം. ക്വാര്‍ട്ടേഴ്സുകളില്‍ താമസമില്ലാതായതോടെ പ്രദേശമാകെ കാടുകയറി വിഷപാമ്പുകളുടെ താവളമായി മാറിയിരിക്കുകയാണ്‌. ഒരു കാലത്ത്‌ ക്വാര്‍ട്ടേഴ്സിലെ താമസക്കാര്‍ പരിസരം വൃത്തിയാക്കി കപ്പ, ചേന, ചേമ്പ്‌ എന്നുവേണ്ട എല്ലാ കൃഷികളും ചെയ്തിരുന്നു. ഇപ്പോള്‍ താമസക്കാരില്ലാത്തതോടെ കാടുകയറി മൂടിയിരിക്കുന്നു. കറുകച്ചാല്‍ ടൌണില്‍തന്നെയുള്ള ക്വാര്‍ട്ടേഴ്സ്‌ വനമേഖലയയില്‍ നിന്നും ഇഴജന്തുക്കള്‍ മെയിന്‍ റോഡിലേക്ക്‌ വരുന്നതും ഭീഷണിയാണ്‌. പോലീസ്‌ സ്റ്റേഷനിലേക്ക്‌ ഉള്ള റോഡിലും രാത്രികാലങ്ങളില്‍ വിഷപാമ്പുകള്‍ വന്നുകിടക്കാറുണ്ട്‌. അതുപോലെ ഇവിടെയുള്ള വന്‍മരങ്ങളില്‍ കടന്നല്‍കൂടുകളും ഉണ്ട്‌. ഏതെങ്കിലും പക്ഷികള്‍ കടന്നല്‍ കൂട്ടില്‍ ചെന്നുപെട്ടാല്‍ കടന്നലിളകി പ്രദേശത്താകെ എത്താനും സാദ്ധ്യതയുണ്ട്‌. കൂടാതെ വന്‍മരങ്ങളും ക്വാര്‍ട്ടേഴ്സുകളുടെ ഇടയില്‍ അപകടാവസ്ഥയിലുണ്ട്‌. നേരത്തെ ഒരു മരം ഒടിഞ്ഞ്‌ പഴയ പോലീസ്‌ സ്റ്റേഷനു സൈഡിലേക്കു വീണിരുന്നു. ക്വാര്‍ട്ടേഴ്സുകള്‍ ഒഴിഞ്ഞുകിടക്കുന്നതുകൊണ്ട്‌ എച്ച്‌.ആര്‍.എ ഇനത്തില്‍ സര്‍ക്കാരിന്‌ വന്‍തുകയാണ്‌ വര്‍ഷം തോറും നഷ്ടമാകുന്നത്‌. കുടിവെള്ളപ്രശ്നമാണെന്നു പറയുന്നുണ്ടെങ്കിലും അതിനുള്ള പരിഹാരം ഉണ്ടാക്കിയും ക്വാര്‍ട്ടേഴ്സുകളുടെ അറ്റകുറ്റപ്പണികളും നടത്തിയും ഇവ നിലനിര്‍ത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്‌.