പകര്‍ച്ചവ്യാധികള്‍ പടരുന്നു

Saturday 10 June 2017 3:13 pm IST

മലപ്പുറം: മഴ തുടങ്ങിയതോടെ ജില്ലയില്‍ ജലജന്യരോഗങ്ങളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ വ്യക്തിശുചിത്വം, പരിസരശുചിത്വം, ആഹാരശുചിത്വം എന്നീ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജനുവരി മുതല്‍ ജില്ലയില്‍ 31 സ്ഥിരീകരിക്കപ്പെട്ട മഞ്ഞപ്പിത്ത കേസുകളും 917 സംശയിക്കപെടുന്ന മഞ്ഞപ്പിത്ത കേസുകളും 31848 വയറിളക്ക കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഞ്ഞപ്പിത്തം ബാധിച്ച് ഏഴ് പേര്‍ മരണപ്പെട്ടു. മരണപ്പെട്ട വര്‍ എല്ലാവരും കൃത്യമായ വൈദ്യസഹായം തേടാതെ പച്ചമരുന്നുകളും ഭസ്മവും കഴിച്ചവരാണ്. മഞ്ഞപ്പിത്തം ഉണ്ടായാല്‍ സ്വയംചികിത്സയോ, അശാസ്ത്രീയമായ ചികിത്സാ രീതികളോ തേടാതെ ആശുപത്രികളില്‍ പോകേണ്ടാതാണെന്ന് ഡി.എം.ഒ.അറിയിച്ചു. മഞ്ഞപ്പിത്തം പലപ്പോഴും മറ്റുരോഗങ്ങളുടെ ലക്ഷണമാകാം. എലിപ്പനി ഉള്‍പ്പെടെ കരളിനെ ബാധിക്കുന്ന പലരോഗങ്ങളുടെയും ആദ്യ ലക്ഷണം മഞ്ഞപ്പിത്തമാകാം. കൃത്യമായ രോഗനിര്‍ണയം നടത്താതെ ചികിത്സതുടങ്ങുന്നത് പലപ്പോഴും അപകടങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു. ആഹാരം കഴിക്കുന്നതിനു മുന്‍പും, മലമൂത്രവിസര്‍ജ്ജനത്തിനുശേഷവും കൈകള്‍ സോപ്പുപയോഗിച്ചു വൃത്തിയായി കഴുകുക. പഴകിയതും തണുത്തതുമായ ഭക്ഷണം ഒഴിവാക്കുക., ഭക്ഷണ സാധനങ്ങള്‍ ഈച്ച ഇരിക്കാതെ അടച്ചുവെക്കുക, വീടും പരിസരവും ശുചിയാക്കി വെക്കുക, മലമൂത്രവിസര്‍ജ്ജനം ശുചിമുറികളില്‍ മാത്രം, കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക, വയറിളക്കമുണ്ടായാല്‍ പാനീയചികിത്സ നല്‍കുക, മഞ്ഞപ്പിത്തം ഉണ്ടായാല്‍ കൃത്യമായ രോഗനിര്‍ണയെം നടത്തുക, ശാസ്ത്രീയമായ ചികിത്സാരീതികള്‍ മാത്രം സ്വീകരിക്കുക എന്നീ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഡിഎംഒ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.