ഫസല്‍ വധം: മാധ്യമങ്ങള്‍ക്ക് മുന്നില്‍ സുബീഷിന്റ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Saturday 10 June 2017 7:44 pm IST

കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ അറസ്റ്റിലായ സിപിഎം നേതാക്കളെ രക്ഷിക്കാനും കേസന്വേഷണം അട്ടിമറിക്കാനും സിപിം നേതൃത്വത്തിന്റെ ഒത്താശയോടെ പോലീസ് നടത്തിയ മൃഗീയമായ മര്‍ദ്ദനവും ഭീഷണിയും മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ സുബീഷ് വെളിപ്പെടുത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ പോലും അമ്പരന്നു പോയി. പരിഷ്‌കൃത സമൂഹത്തിന് ചിന്തിക്കാന്‍ പോലും സാധിക്കാത്ത വിധത്തിലുള്ള ക്രൂരമായ മര്‍ദ്ദനമുറകളാണ് പോലീസ് സ്വീകരിച്ചത്. അടിയന്തിരാവസ്ഥക്കാലത്ത് പോലീസ് അഴിച്ചുവിട്ട ക്രൂരമര്‍ദ്ദനത്തെപ്പോലും നാണിപ്പിക്കുന്ന വിധത്തിലുള്ള പീഡനമാണ് സുബീഷിന് അനുഭവിക്കേണ്ടി വന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി കോലപാതക കേസ് അട്ടിമറിക്കാന്‍ നിയമസമാധാനം ഉറപ്പാക്കേണ്ട പോലീസ് തന്നെ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത് പൊതുജനങ്ങള്‍ക്ക് നിയമസംവിധാനത്തിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുത്തും. മൂന്ന് ദിവസത്തോളം പോലീസ് സുബീഷിനെ കസ്റ്റഡിയില്‍ വെച്ച് പീഡിപ്പിച്ചു. വെള്ളം പോലും നല്‍കാതെ നഗ്നനായി നിര്‍ത്തിയാണ് പീഡിപ്പിച്ചതെന്നാണ് സുബീഷ് പറഞ്ഞത്. തങ്ങള്‍ പറയുന്നതുപോല തന്നെ മൊഴി നല്‍കണമെന്നും അല്ലെങ്കില്‍ കുടുംബത്തോടെ നശിപ്പിക്കുമെന്നും ജീവിതകാലം മുഴുവന്‍ ജയിലഴിക്കുളളില്‍ കഴിയേണ്ടി വരുമെന്നും പറഞ്ഞാണ് ഡിവൈഎസ്പിമാരായ പ്രിന്‍സ് അബ്രഹാം, പി.സദാനന്ദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സുബീഷിനെ മര്‍ദ്ദിച്ചത്. സുബീഷിനെ തലകീഴായി കെട്ടിത്തൂക്കിയ പോലീസ് സംഘം കണ്ണിലും തലയിലും എരിവുള്ള ദ്രാവകം ഒഴിച്ചതായി സുബീഷ് വെളിപ്പെടുത്തിയിരുന്നു. മൂന്നുദിവസം ഭക്ഷണം നല്‍കാതെയും ഉറങ്ങാന്‍ അനുവദിക്കാതെയുമായിരുന്നു മര്‍ദ്ദനം. രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സിയായ സിബിഐ അന്വേഷിച്ച കേസില്‍ അറസ്റ്റിലായ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രതികളെ രക്ഷപ്പെടുത്തുന്നതിന് വേണ്ടിയാണ് സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ സുബീഷിനെ മര്‍ദ്ദിച്ചത്. ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ്-ബിജെപി നേതാക്കളാണെന്ന് പറയണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. അത്തരത്തിലുള്ള മൊഴി നല്‍കിയാല്‍ ആവശ്യമായ പണവും ഭാര്യക്ക് ജോലിയും ജീവിക്കാന്‍ ആവശ്യമായ സാഹചര്യവും ഒരുക്കി നല്‍കാമെന്നും പോലീസ് പറഞ്ഞിരുന്നു. പിന്നീട് താന്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുമെന്ന സാഹചര്യമുണ്ടായപ്പോഴാണ് സുബീഷ് പോലീസ് പറഞ്ഞു നല്‍കിയത് പ്രകാരമുള്ള മൊഴി ആവര്‍ത്തിച്ചത്. ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കേരളത്തില്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്താണ് ഫസല്‍ കൊല്ലപ്പെട്ടത്. കൊലപാതകം നടന്നശേഷം കേസന്വേഷണം അട്ടിമറിക്കാനും ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാനും സിപിഎം ബോധപൂര്‍വ്വം ശ്രമം നടത്തിയിരുന്നു. കേസന്വേഷണം തിരിച്ചുവിടുന്നതിന് വേണ്ടി ഫസലിന്റെ രക്തം പുരണ്ട തൂവാല പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് സമീപം സിപിഎം സംഘം നിക്ഷേപിച്ചിരുന്നു. കൊലപാതകം നടന്നയുടനെ തന്നെ കൊലക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. എന്നാല്‍ കൊലപാതകം നടന്ന് ആഴ്ചകള്‍ക്കകം സിപിഎം ക്രിമിനല്‍ സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ അറസ്റ്റിലായതോടെയാണ് കൊലപാതകത്തിന് പിന്നിലുള്ള യഥാര്‍ത്ഥ ചിത്രം വ്യക്തമായത്. ലോക്കല്‍ പോലീസില്‍ നിന്നും പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തപ്പോഴും അന്വേഷണം എത്തിച്ചേര്‍ന്നത് സിപിഎം നേതൃത്വത്തിലേക്ക് തന്നെയായിരുന്നു. പിന്നീട് കേസന്വേഷണം ശരിയായ ദിശയിലല്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഫസലിന്റെ ഭാര്യ മറിയു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസന്വേഷണം സിബിഐ ഏറ്റെടുത്തത്. തുടര്‍ന്നാണ് സിപിഎം നേതാക്കളായ കാരായി ചന്ദ്രശേഖരനും കാരായി രാജനും ഉള്‍പ്പെടെയുള്ള പ്രതികള്‍ ജയിലഴിക്കുള്ളിലായത്. കണ്ണൂര്‍ ജില്ലയില്‍ വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കുന്നതിന് വേണ്ടി സിപിഎം നേതൃത്വം ബോധപൂര്‍വ്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് ഫസലിന്റെ കൊലപാതകമെന്ന് സിബിഐ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ നിലനില്‍ക്കുന്ന സമാധാനവും സാമൂഹ്യ സമരസതയും അട്ടിമറിക്കുന്നതിനു വേണ്ടിയാണ് സിപിഎം ഇത്തരം ഒരു കൊലപാതകം നടത്തിയത്. യഥാര്‍ത്ഥ പ്രതികള്‍ അറസ്റ്റിലായിട്ടും ഭരണസ്വാധീനമുപയോഗിച്ച് കേസന്വേഷണം അട്ടിമറിക്കാനും നിയമവ്യവസ്ഥയെ വെല്ലുവിളിക്കാനുമാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്. ഇത് പാര്‍ട്ടി അണികളിലും അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.