പഞ്ചവാദ്യത്തിന്റെ 'പഠിപ്പുര'

Monday 12 June 2017 10:29 am IST

പഞ്ചവാദ്യം മുഴങ്ങുന്ന ഒരു ഗ്രാമം. കയ്യില്‍ താളം പിടിച്ച് സ്വരഭേദങ്ങള്‍ തിരിച്ചെടുത്ത് തിമിലയിലും ഇടയ്ക്കയിലും മദ്ദളത്തിലുമൊക്കെ നാദവിസ്മയം തീര്‍ക്കുന്നവരില്‍ അധികവും കുട്ടികളാണ്. അവരെ അതിലേക്കെത്തിച്ചത് വാദ്യകലയെ പ്രാണനിലേക്ക് ആവാഹിച്ച് അതിനായി മാത്രം ജീവിക്കുന്ന ഒരു ചെറുപ്പക്കാരനും. കൊട്ടുകാരനായ അച്ഛന്റെ കൊട്ടുകാരനായ മകന്‍, സന്തോഷ് ആലംകോട്. ക്ഷേത്രകലയെന്ന നിലയില്‍ ഒതുങ്ങിപ്പോകാതെ ഒരു കലാസംസ്‌കാരത്തെ നാടുമുഴുവന്‍ എത്തിക്കാനുള്ള ഈ ചെറുപ്പക്കാരന്റെ ശ്രമഫലമാണ് മലപ്പുറം ജില്ലയില്‍ വളയംകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യം. ഒരു സാംസ്‌കാരിക ഉത്തരവാദിത്തമെന്ന നിലയില്‍ അത് പ്രാവര്‍ത്തികമാക്കാനുള്ള ഓട്ടത്തിലാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇദ്ദേഹം. ഏതൊരു കലാവിദ്യാലയത്തിനും മാതൃകയാകുന്ന വിധം വാദ്യകല ജനകീയമാക്കുക എന്ന വലിയ സ്വപ്‌നമാണ് സന്തോഷിന് സാക്ഷാത്ക്കരിക്കേണ്ടത്. വാദ്യകലയോടുള്ള അഭിനിവേശവും വാദ്യകലാകാരന്മാരുടെ ദുരിത ജീവിതവുമാണ് സ്‌കൂള്‍ ഓഫ് പഞ്ചവാദ്യം എന്ന ആശയത്തിന് പിന്നില്‍. ഉത്സവകാലങ്ങളില്‍ വാദ്യകലാകാരന്‍, ഉത്സവം കഴിഞ്ഞാല്‍ പെയിന്ററും മെക്കാനിക്കും കൂലിപ്പണിക്കാരനും... അങ്ങനെയാണ് വാദ്യകലാകാരന്മാരുടെ ജീവിതം. ഇതിന് മാറ്റമുണ്ടാകണമെന്നും ഇവര്‍ക്ക് സ്ഥിരമായ ഒരു സങ്കേതവും അംഗീകാരവും വേണമെന്നും സന്തോഷ് ആഗ്രഹിച്ചു. ഒപ്പം സാങ്കേതിക വിദ്യ കവര്‍ന്നെടുത്ത കുഞ്ഞുമനസുകളിലേക്ക് ദൈവീകമായ കല പകര്‍ന്ന് അവരെ ശുദ്ധീകരിക്കണമെന്ന തീവ്രാഭിലാഷവും ഉണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന കലാകാരന്‍മാരെല്ലാം ആ ആഗ്രഹത്തിന് കൂട്ടുനിന്നപ്പോള്‍ വാദ്യകലകള്‍ക്കായി ഒരു പരിശീലനകേന്ദ്രമെന്ന ആഗ്രഹം സഫലമായി. സമാനതകളില്ലാത്ത വാദ്യവിസ്മയമാണ് പഞ്ചവാദ്യം. കേരളത്തിന് മാത്രം അവകാശപ്പെടാവുന്ന ഒരു താള സംസ്‌കാരം. തിമില, മദ്ദളം, എടയ്ക്ക, കൊമ്പ്, ഇലത്താളം എന്നീ അഞ്ച് വാദ്യങ്ങളുടെ സംഗീതാത്മകമായ താളസമന്വയം. ലോകോത്തരമായ വാദ്യവിസ്മയമാണിത്. ചെണ്ടയിലായിരുന്നു ആദ്യപാഠമെങ്കിലും തിമിലയിലാണ് സന്തോഷിന്റെ വൈദഗ്ധ്യം. ആശാനും അപ്പൂപ്പനുമായ ഗോവിന്ദന്‍ കുട്ടി ആശാന്റെ കീഴിലായിരുന്നു ചെണ്ടപഠനം. അഞ്ച് വയസുള്ളപ്പോള്‍ കൊട്ടിത്തുടങ്ങി. പതിനാലു വയസായപ്പോള്‍ കൊട്ടാന്‍ പഠിപ്പിക്കാന്‍ പ്രാപ്തനായി. തിമില ഭ്രാന്തായപ്പോള്‍ കൂടുതല്‍ കൂടുതല്‍ പഠിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ ഗുരുവിന് ഫീസ് നല്‍കാന്‍ കാശില്ലാതെ വന്നപ്പോള്‍ കണ്ടും കേട്ടും ചോദിച്ചുമായി പഠനം. തിമില നാദം തന്നെ വശീകരിച്ചതാണെന്ന് ചിരിയോടെ പറയുന്നു സന്തോഷ്. ഒരു താളത്തില്‍ നിന്ന് തുടങ്ങി ഗതി മാറാതെ അതേ താളത്തിലേക്ക് തിരിച്ചെത്തുന്ന മാന്ത്രികതയുണ്ട് തിമിലയ്ക്ക്. വാദ്യകലാകാരനായിരുന്നു അച്ഛന്‍ ഗംഗാധരന്‍. തിമിലയുമായി അനുജന്‍ അജിത് ആലംകോടും ഇടയ്ക്ക പഠിച്ച് അനുജത്തി ആതിരയും ഇപ്പോള്‍ മേളസംഘത്തിലുണ്ട്. 2010 ല്‍ തുടങ്ങിയ പഞ്ചവാദ്യത്തിന്റെ സ്‌കൂള്‍ ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡില്‍ സ്ഥാനം പിടിച്ചാണ് ഒന്നാം വാര്‍ഷികം ആഘോഷിച്ചത്. 201 കലാകാരന്‍മാര്‍ അണിനിരന്ന പഞ്ചവാദ്യ പ്രണവമാണ് ഈ കലാസ്ഥാപനത്തെ വേള്‍ഡ് റെക്കോഡിലെത്തിച്ചത്. സ്‌കൂള്‍ ഓഫ് പഞ്ചവാദ്യത്തിലെ 101 കുട്ടികള്‍ക്കൊപ്പം മായന്നൂര്‍ മണി, കലാമണ്ഡലം അനന്തകൃഷ്ണന്‍ കടവല്ലൂര്‍ വേലായുധന്‍ തുടങ്ങിയ പ്രഗത്ഭര്‍ അണി നിരന്നു. മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി ഉദ്ഘാടനം ചെയ്ത വാദ്യപ്രണവത്തില്‍ 65 തിമില, 31 മദ്ദളം, 11 എടയ്ക്ക , 40 കൊമ്പ്. 54 ഇലത്താളം എന്നിവയില്‍ 201 കലാകാരന്മാര്‍ കൊട്ടിക്കയറി നാദബ്രഹ്മമൊരുക്കി. തൃശൂര്‍ പൂരത്തിന് പോലും നൂറില്‍ താഴെവരുന്ന കലാകാരന്മാരാണ് പഞ്ചവാദ്യസംഘത്തില്‍. 201 പേരെ അണിനിരത്തിയായിരുന്നു വാദ്യപ്രണവം. അഞ്ച് മാസത്തെ കഠിന പ്രയത്‌നം വേണ്ടിവന്നു ആദ്യബാച്ചിനെ ഇതിലേക്കായി ഒരുക്കാന്‍. അരങ്ങേറ്റക്കാര്‍ക്ക് കരുത്തേകാനാണ് പ്രഗത്ഭരെ താളപ്രമാണിമാരാക്കിയത്. ഒരു ഗ്രാമം മുഴുവന്‍ ആ താളസമന്വയത്തിന്റെ ഭാഗമായി. സോപാനം എന്ന കലാ സ്‌കൂളിനായി ഗ്രാമീണര്‍ അണി നിരന്നപ്പോള്‍ അത് ഒന്നരകീലോമീറ്ററോളം വരുന്ന വന്‍ ഘോഷയാത്രയായി. രണ്ട് വര്‍ഷമായപ്പോള്‍ തണ്ടിലം എന്ന ഗ്രാമത്തില്‍ രണ്ടാം സ്‌കൂളായി. അഞ്ച് വര്‍ഷത്തിനുള്ളില്‍ മലപ്പുറം, പാലക്കാട് , തൃശൂര്‍ ജില്ലകളിലായി 14 സ്‌കൂളുകളിലായി ഒരു സമ്പൂര്‍ണ പഞ്ചവാദ്യ കലാകേന്ദ്രപഠനമായി സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യം വളര്‍ന്നു. വാദ്യകല പരിശീലിക്കാന്‍ എത്തിയ കുട്ടികളുടെ എണ്ണം ആയിരത്തോളമെത്തി. പാരമ്പര്യത്തനിമ കാത്തുസൂക്ഷിക്കുന്നതിനൊപ്പം വഴി മാറി ചിന്തിക്കാനും സന്തോഷ് തയ്യാറായതാണ് ഈ കലാകേന്ദ്രത്തിന്റെ വിജയത്തിന് കരുത്തേകിയത്. ജാതിമത, ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ പ്രായപരിധിയില്ലാതെ വാദ്യകലയെ സ്‌നേഹിക്കുന്നവര്‍ക്കായി അവസരമൊരുക്കിയാണ് വാദ്യകലയുടെ അലിഖിത പരിമിതികള്‍ മറികടന്നത്. മൂല്യശോഷണം അനുവദിക്കാതെ പൗരാണിക രീതികള്‍ നിലനിര്‍ത്തിയും രസവഴികളില്‍ നിന്ന് മാറി സഞ്ചരിച്ചുമാണ് അത് സാധ്യമാക്കിയത്. ഉന്മാദം നിറയ്ക്കുന്ന ആസുരതയല്ല, മനസ്സിനെ സ്വച്ഛമാക്കുന്ന ശാന്തതാളമാണ് പഞ്ചവാദ്യത്തിന്റേത്. കല മനസ്സിനെ ശാന്തമാക്കുമെന്നും അത് സാത്വികമായ ജീവിതശൈലിയിലേക്ക് മനുഷ്യനെ നയിക്കുമെന്നും വിശ്വസിക്കുന്നവരുടെ പിന്തുണയാണ് സോപാനത്തിന്റെ ശക്തി. ദൈവീകമായ ഈ കലാപരിശീലനം കുഞ്ഞുങ്ങള്‍ക്ക് നന്മയിലേക്കുള്ള വാതായനമാണെന്ന് ഇവര്‍ പറയുന്നു. മേളപ്പെരുക്കങ്ങളില്‍ മനസ്സു കോര്‍ത്ത് താളം പിടിച്ച് അതുള്‍ക്കൊള്ളാന്‍ സോപാനത്തിന്റെ പഠനകേന്ദ്രമുള്ള ഗ്രാമത്തിലെ കുഞ്ഞുങ്ങള്‍ പോലും ശീലിച്ചുകഴിഞ്ഞു. തീരെ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളില്‍ ഒരു വാദ്യസംസ്‌കാരം വളര്‍ത്തിയ സോപാനം പഞ്ചവാദ്യത്തിനൊപ്പം തായമ്പകയും പരിശീലിപ്പിക്കുന്നുണ്ട്. ലോകോത്തരമായ വാദ്യവിസ്മയമാണ് ചെണ്ട തീര്‍ക്കുന്നത്. വലംകൈയിലെ കോലും ഇടംകൈയിലെ വിരലുകളും തീര്‍ത്ത കാലബോധത്തിന്റെ താളസമന്വയത്തിലാണ് ചെണ്ടമേളം ലഹരിയാകുന്നത്. കൊട്ടിക്കയറുന്ന മേളത്തില്‍ ലയിച്ച്, നിറഞ്ഞ പ്രോത്സാഹനവുമായി കുട്ടികളുടെ രക്ഷിതാക്കളും ഒപ്പമുണ്ട്. കൈയും മെയ്യും മനസ്സും അര്‍പ്പിച്ച് കുട്ടികള്‍ നാദവിസ്മയം തീര്‍ക്കുമ്പോള്‍ കണ്ണും കാതും നല്‍കി കൂട്ടിരുന്ന് അവര്‍ അതേറ്റുവാങ്ങുന്നു. താളബോധത്തില്‍ അധിഷ്ഠിതമാകുന്ന ഒരു സംസ്‌കാരമുണ്ടെന്നും അത് ജീവിതശൈലിയെ ശുദ്ധീകരിക്കുമെന്നും ഇവരും ഉറച്ചുവിശ്വസിക്കുന്നു. ഇതിനിടെ 2015 നവംബറില്‍ കേരളത്തില്‍ ആദ്യമായി 101 അംഗ സംഘത്തിന്റെ തായമ്പക മഹാമഹം 'താളവൈഖരി' സംഘടിപ്പിച്ചു സോപാനം. തായമ്പകയില്‍ ലിംക റെക്കോഡ് തകര്‍ത്ത ഗീരീഷ് ആലങ്കോടും സോപാനത്തിലെ മറ്റ് അധ്യാപകരും ചേര്‍ന്നാണ് ഇതിലേക്കായി കുട്ടികളെ പരിശീലിപ്പിച്ചെടുത്തത്. വാദ്യകുലപതി മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, പഞ്ചവാദ്യ കുലപതി കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി, എന്നിവരുടെ നേതൃത്വത്തിലായിരുന്നു തായമ്പക മഹാമഹത്തിന്റെ അവസാനവട്ട പരിശീലനം. ഇതിന് പിന്നാലെ 33 വനിതകളെ അണി നിരത്തി വനിതാ പഞ്ചവാദ്യസംഘവുമുണ്ടായി. തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളെയാണ് കലാലോകത്തേക്ക് ആനയിച്ച,് ജീവിക്കാന്‍ മറ്റൊരു വഴികൂടി കാട്ടിക്കൊടുത്ത് സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യം മാതൃകയായത്. സന്തോഷിന്റെ അര്‍പ്പണമനോഭാവവും ആത്മവിശ്വാസവും തന്നെയായിരുന്നു വിപ്ലവകരമായ ആ തീരുമാനത്തിന് പിന്നിലും. അവധി ദിവസങ്ങളില്‍ ഫീസ് വാങ്ങാതെയായിരുന്നു പരിശീലനം. 13 മാസം കൊണ്ടാണ് ഇടയ്ക്കയും കൊമ്പും കൈയിലേന്തി പഞ്ചവാദ്യത്തിലെ ആദ്യവനിതാസംഘം കാഴ്ച്ചക്കാരെ വിസ്മയിപ്പിച്ചത്. കേരളത്തിലെ പാരമ്പര്യ-പാരമ്പര്യേതര വാദ്യകലകളേയും കലാകാരന്മാരേയും പരിചയപ്പെടുത്തുന്ന വാദ്യോത്സവം നിളാതീരത്ത് സംഘടിപ്പിച്ചതായിരുന്നു മറ്റൊരു സംഭാവന. മലപ്പുറം എടപ്പാള്‍ പെരുമ്പറപ്പ് ക്ഷേത്രത്തില്‍ മെയ് ഏഴ് മുതല്‍ 12 വരെയായിരുന്നു വാദ്യോത്സവം. ആദിവാസി വിഭാഗങ്ങളുടെ തനത് മേളങ്ങള്‍ക്കൊപ്പം കോല്‍ക്കളിയും അറബനമുട്ടുമെല്ലാം വാദ്യോത്സവത്തില്‍ അവതരിപ്പിക്കപ്പെട്ടു. വ്യത്യസ്ത സംസ്‌കാരങ്ങളില്‍ ജീവിക്കുന്ന മനുഷ്യന്റെ താളബോധത്തിന്റെ നേരനുഭവമായി അക്ഷരാര്‍ത്ഥത്തില്‍ ആ വാദ്യോത്സവം. വാദ്യോപകരണങ്ങളുടെ നിര്‍മ്മാണവുമെന്ന ആശയവും സന്തോഷും കൂട്ടരും പ്രാവര്‍ത്തികമാക്കിക്കഴിഞ്ഞു. മലപ്പുറത്തെ വളയംകുളത്തും കല്ലൂരിലുമായി രണ്ട് വാദ്യകലാനിര്‍മ്മാണകേന്ദ്രങ്ങളുണ്ട്. ഇടയ്ക്ക,തിമില, ചെണ്ട, ചെണ്ടക്കോല്‍, തിമിലവട്ടം തുടങ്ങിയവ ഇവിടെ നിര്‍മ്മിക്കുന്നു. ഉപജീവനത്തിനായി പല വേഷം കെട്ടേണ്ടി വരുന്ന വാദ്യകലാകാരന്മാര്‍ക്ക് ഒരു വരുമാനമാര്‍ഗ്ഗം കൂടിയാണ് ഈ വാദ്യകലാനിര്‍മ്മാണകേന്ദ്രങ്ങള്‍. വാദ്യകലകള്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കുന്നില്ലെന്ന പരാതിയുണ്ട് സന്തോഷിന്. വാദ്യകല വിശദമായി പ്രതിപാദിക്കുന്ന ശാസ്ത്രീയ ഗ്രന്ഥങ്ങളില്ല. പഠനത്തിനും ഗവേഷണത്തിനും സങ്കേതങ്ങള്‍ അത്യപൂര്‍വ്വം. വാദ്യകലകളുടെ പരിശീലനവും പഠനവും സാധ്യമാക്കുന്ന ഒരു വലിയ ഗവേഷണകേന്ദ്രം എന്ന സ്വപ്‌നവും നെഞ്ചിലൊതുക്കിയാണ് ഇദ്ദേഹത്തിന്റെ യാത്ര. സ്വന്തമായി സംഗീതമല്ല താളമാണ് കേരളത്തിനുള്ളത്. വ്യത്യസ്തമായ താളങ്ങളും മേളങ്ങളും. ഏറ്റവും പുരാതനമായ ഫ്യൂഷനെന്ന വിശേഷണം നല്‍കാം നമ്മുടെ പഞ്ചവാദ്യത്തിന്. ആ നാദവിസ്മയം തിരിച്ചറിഞ്ഞ് നിലനിര്‍ത്തി ലോകത്തിന് സമ്മാനിക്കുകയാണ് സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യം. ഈ കലാക്ഷേത്രത്തിലെ കുരുന്നുകളാണ് വാദ്യകലയിലെ നാളത്തെ പ്രതീക്ഷ. അവര്‍ക്കായി പ്രാര്‍ത്ഥിക്കാം, അനുഗ്രഹിക്കാം. ഒപ്പം കൃതജ്ഞതയോടെ സ്മരിക്കാം, അവരെ വാദ്യകലയിലേക്ക് കൈപിടിച്ചാനയിച്ച് അതിനായി ജീവിതം സമര്‍പ്പിച്ച് രാവെളുക്കുവോളം ഓടിനടക്കുന്ന സന്തോഷ് ആലംകോട് എന്ന യഥാര്‍ത്ഥ കലാകാരനെ. ആ കലാകാരന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ഒപ്പമുണ്ടാകട്ടെ കലാകേരളം.