നേപ്പാളിൽ നടന്ന ഭാരതവിരുദ്ധ നടപടി

Saturday 10 June 2017 4:51 pm IST

നേപ്പാളില്‍ ഒരുവന്‍ ജലവൈദ്യുതപദ്ധതി നിര്‍മിക്കാന്‍ ചീനയുമായി കരാറൊപ്പിട്ട വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ അപ്രധാനമായ രീതിയില്‍ വായിക്കാനിടയായി. ചീനയിലെ ഘേസൗബ ഗ്രൂപ്പ് കോര്‍പ്പറേഷനുമായാണ് 1200 മെഗാവാട്ട് ഉല്‍പ്പാദനശേഷിയുള്ള കരാര്‍. പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹാലിന്റെ ഔദ്യോഗിക വസതിയില്‍ ചീന അംബാസിഡര്‍ യുഹോങ്ങാണ് 2500 കോടി ഡോളറിന്റെ ഉടമ്പടി ഒപ്പിട്ടത്. ബുധി-ഗണ്ഡകി നദികളില്‍ അണക്കെട്ടുകള്‍ നിര്‍മിച്ചുള്ള പദ്ധതി ഭാരതത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. നേപ്പാളില്‍നിന്നുത്ഭവിച്ച് ഭാരതത്തിലെ ഗംഗാ നദീസമുച്ചയത്തില്‍ ചെന്നുചേരുന്ന നദികള്‍ ഒരുപക്ഷേ ഈ ഉപഭുഖണ്ഡത്തിലെ ഏറ്റവും വലിയ ജലവൈദ്യുതോല്‍പാദന സാധ്യതകള്‍ ഉള്ളവയാണ്. കഴിഞ്ഞ അറുപതില്‍പരം വര്‍ഷങ്ങളായി ഭാരതത്തിലെ ഭരണ, രാഷ്ട്രീയ നേതൃത്വം കൈക്കൊണ്ട അലംഭാവപൂര്‍ണമോ ഏതാണ്ട് ശത്രുതാപരമോ ആയ സമീപനംകൊണ്ടാണ് നേപ്പാല്‍ ചീനയിലേക്ക് ഇത്ര നിര്‍ണായകമാംവിധം സഹകരിക്കാന്‍ ഇടയായത്. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ മന്‍മോഹന്‍സിങ് വരെയുള്ള മതേതരത്വ മുഖംമൂടി അണിഞ്ഞ പ്രധാനമന്ത്രിമാര്‍ ഈ ദുരവസ്ഥയ്ക്ക് കാരണക്കാരാണ്. പരമ്പരാഗതമായി, ആയിരക്കണക്കിന് വര്‍ഷങ്ങളായി സാംസ്‌കാരിക ഭാരതത്തിന്റെ ഘടകമായിരുന്നു നേപ്പാള്‍. നമ്മുടെ പുരാണങ്ങളിലും സാഹിത്യത്തിലുമൊക്കെ നേപ്പാള്‍ മറ്റേതു രാജ്യത്തെയുംപോലെ കടന്നുവരുന്നുണ്ട്. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് നടന്ന നവീകരണവേളയില്‍ അനന്തശയന വിഗ്രഹനിര്‍മിതിക്കാവശ്യമായ 12000 സാളഗ്രാമങ്ങള്‍ക്കായി സമീപിച്ചത് നേപ്പാള്‍ രാജാവിനെയാണ്. അവിടത്തെ ഗണ്ഡകീ നദിയിലാണ് സാളഗ്രാമശിലകള്‍ രൂപംകൊള്ളുന്നത്. സാളഗ്രാമം വിഷ്ണുസ്വരൂപമാകുന്നു. ലക്ഷണമൊത്ത സാളഗ്രാമശില കൈവശം വച്ചു പൂജിക്കുന്നത് കേരളീയ ബ്രാഹ്മണ കുടുംബങ്ങള്‍ ദൈവാനുഗ്രഹ കാരണമായി കരുതുന്നു. നേപ്പാള്‍ രാജാവ് സ്വന്തം അംഗരക്ഷകരുടെ അകമ്പടിയോടെയാണ് 12000ത്തില്‍ പരം സാളഗ്രാമങ്ങള്‍ തിരുവനന്തപുരത്തേക്ക് അയച്ചതത്രേ. ശ്രീപത്മനാഭ ദര്‍ശനം നടത്തുമ്പോള്‍ നാം വണങ്ങുന്നത് നേപ്പാളിലെ സാളഗ്രാമ സ്വരൂപത്തെ ആണെന്നര്‍ത്ഥം. കേരളവും നേപ്പാളുമായി അത്ര അടുത്തബന്ധമാണ് സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്നത്. അമൂല്യമായ ഔഷധഗുണങ്ങളുള്ള, കുങ്കുമം, കസ്തൂരി, അഷ്ടവര്‍ഗങ്ങള്‍ എന്നിവയുടെയും ജന്മനാട് നേപ്പാളാകുന്നു. കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് കളഭം തയ്യാറാക്കാന്‍ ആവശ്യമായ കസ്തൂരിയും കുങ്കുമവും നേപ്പാളില്‍നിന്നാണ് വരുത്തിയിരുന്നത്. കേരളത്തിലെ പ്രസിദ്ധമായ പല ക്ഷേത്രങ്ങളിലും ഗര്‍ഭഗൃഹത്തില്‍ പ്രവേശിച്ചു പൂജ ചെയ്യാന്‍ നേപ്പാള്‍ രാജാവിന് അധികാരമുണ്ടായിരുന്നു. ഭാരതഖണ്ഡത്തിലെ 51 രാജാക്കന്മാരുടെ കൂട്ടത്തില്‍ നേപ്പാളും പെട്ടിരുന്നു. സ്ഥലഭേദംകൊണ്ടുള്ള ഗുണലാഭത്തെക്കുറിച്ച് തുള്ളല്‍ പാട്ടുകളില്‍ കുഞ്ചന്‍ നമ്പ്യാര്‍ വിവരിക്കുന്നത് നോക്കുക. ''നേപ്പാളക്ഷിതി തന്നില്‍ വസിക്കും ഭൂപാലന്റെ ലലാടം തന്നില്‍ ചേറുപുരണ്ടതു കണ്ടാലതു വില- പേറില്ലാത്തൊരു കസ്തൂരിക്കുറി എന്നല്ലാതൊരുമനുജന്മാര്‍ക്കും തോന്നുകയില്ല വിചാരിക്കുമ്പോള്‍ കുങ്കുമമണിയും തിരുനെറ്റിക്കൊരു പങ്കം പുരള്‍വാനെന്തവകാശം ശങ്കരശിവശിവ ചേരാതുള്ളതു ശങ്കിച്ചവനൊരബദ്ധക്കാരന്‍ ചെളിയെന്നുള്ളതൊരുത്തനുപോലും കളിയായിപ്പറവാനുംമേലാ.'' അങ്ങനെ പോകുന്നു ആ ഹാസ്യസമ്രാട്ടിന്റെ വചോവിലാസം. ചരിത്രകാലത്തും നേപ്പാളിന് ഭാരതത്തിലെ മറ്റു രാജകുടുംബങ്ങളുമായി കുടുംബന്ധങ്ങളും നയതന്ത്രബന്ധങ്ങളുമുണ്ടായിരുന്നു. മഗധരാജാവ് മഹാപത്മാനന്ദനെതിരായി, ചന്ദ്രഗുപ്തമൗര്യന്റെ നേതൃത്വത്തില്‍ സേനാ സജ്ജീകരണം നടത്താന്‍ ആചാര്യ ചാണക്യന്‍ താവളമാക്കിയത് നേപ്പാളിലായിരുന്നു. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമര നായകന്മാരില്‍ പ്രമുഖനായിരുന്ന നാനാസാഹിബ് പരാജയം കണ്‍മുന്നിലെത്തിയപ്പോള്‍ നേപ്പാളിലേക്ക് പോയി, അപ്രത്യക്ഷമായതായി വിശ്വസിക്കെടുന്നു. അദ്ദേഹം അവിടെ സന്യസ്തജീവിതം നയിച്ചുകഴിഞ്ഞുവത്രെ. കേരളത്തില്‍ കുന്നംകുളത്തു ജനിച്ച് സന്ന്യാസിയും യോഗിയായി 180 ലേറെ വര്‍ഷക്കാലം ജീവിച്ച ശിവപുരിബാബ അവസാനകാലം കഴിച്ചുകൂട്ടിയത് നേപ്പാളിലെ ബിരേന്ദ്ര രാജാവിന്റെ അതിഥിയായിട്ടായിരുന്നു. ജനസംഘത്തിന്റെയും പിന്നീട് ബിജെപിയുടെയും സമുന്നത നേതൃസ്ഥാനങ്ങള്‍ വഹിച്ച രാജമാതാ വിജയരാജേസിന്ധ്യയുടെ ജനന സ്ഥലവും നേപ്പാള്‍ തന്നെ. ബ്രിട്ടീഷുകാരുടെ കുടിലമായ സാമ്രാജ്യ രാജ്യനീതിയുടെ ഫലമായിട്ടാണ് നേപ്പാള്‍ ഭാരതത്തില്‍നിന്ന് ഭിന്നമാണെന്ന അവസ്ഥയുണ്ടായത്. മറ്റു നാട്ടുരാജ്യങ്ങളെപ്പോലെ അവര്‍ നേപ്പാളിനെ തങ്ങളുടെ ഭരണത്തിന്‍ കീഴിലാക്കാതെ പരമാധികാരമുള്ള രാജ്യമാക്കി നിര്‍ത്തി. തിബത്തിനും തങ്ങളുടെ സാമ്രാജ്യത്തിനുമിടയിലെ 'ബഫര്‍‌സ്റ്റേറ്റ്' ആക്കിനിര്‍ത്തുന്നതിലായിരുന്നു അവരുടെ കുടിലരാജ്യനീതിക്കു താല്‍പര്യം. അവര്‍ക്ക് ബാഹ്യലോകവുമായി ബന്ധപ്പെടണമെങ്കില്‍ ഭാരതത്തില്‍ കൂടിയേ സാധ്യമാകൂവെന്ന അവസ്ഥയുണ്ടാക്കി. ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കു നേപ്പാളികളെ മതംമാറ്റാന്‍ അനുവാദം നല്‍കാതിരുന്നതാണ് രാജാവ് ചെയ്ത ഒരു വ്യവസ്ഥ. ബ്രിട്ടീഷ് സേനയിലേക്കു ലോകത്തിലെ ഏറ്റവും രണ്ട് ശൂരരായ പടയാളികളാണെന്ന് പലവട്ടം തെളിയിച്ച ഗൂര്‍ഖകളെ തെരഞ്ഞെടുക്കാന്‍ ബ്രിട്ടനുമായി രാജാവ് കരാറുണ്ടാക്കി. ഒന്നും രണ്ടും ലോകയുദ്ധങ്ങളില്‍ തങ്ങളുടെ മേന്മ അവര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ബ്രിട്ടീഷുകാര്‍ ഭാരതംവിട്ടുപോയപ്പോള്‍ നേപ്പാളുമായുള്ള ബന്ധം സ്വതന്ത്രഭാരത സര്‍ക്കാരിനുവന്നു. മതപരവും ധാര്‍മികവും സാംസ്‌കാരികവുമായി ഒരേ കുടുംബമായി നേപ്പാളിനെ കാണാന്‍ ദല്‍ഹിയില്‍ അധികാരമേറ്റ നെഹ്‌റുവിനും കോണ്‍ഗ്രസിനും ഉണ്ടായിരുന്ന വൈമനസ്യമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. രാജവാഴ്ചക്കെതിരെ അവിടത്തെ ജനങ്ങളെ തയ്യാറാക്കാനും മതേതരത്വത്തിന്റെ പേരില്‍ അവരില്‍ ഹിന്ദുധര്‍മത്തോട് അവഹേളന മനോഭാവം സൃഷ്ടിക്കാനുമായി നീക്കങ്ങള്‍. ഉത്തരഭാരതത്തിലെ സര്‍വകലാശാലകളില്‍ ഉപരിപഠനത്തിന് നേപ്പാളി വിദ്യാര്‍ത്ഥികള്‍ക്ക് ധാരാളം സൗകര്യങ്ങള്‍ നല്‍കുകയും അങ്ങനെയെത്തിയവരെ സോഷ്യലിസ്റ്റ്, ഇടതുപക്ഷ ചിന്താഗതിക്കാരാക്കാനുള്ള ബോധനം നല്‍കുകയുമായിരുന്നു പ്രധാനതന്ത്രം. ഭാരതം മതേതര ഭരണഘടന സ്വീകരിച്ചതോടെ, ലോകത്തെ ഏകഹിന്ദുരാജ്യം നേപ്പാളായിത്തീര്‍ന്നു. അവിടെ മതപരിവര്‍ത്തനം നിഷിദ്ധമായിരുന്നെങ്കിലും ഭാരതത്തിലെത്തിയ വിദ്യാര്‍ത്ഥികളെ പാതിരിമാര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നടത്തിവന്ന പലജീവകാരുണ്യസംഘങ്ങളും നേപ്പാളില്‍ പ്രവര്‍ത്തനാനുമതി നേടി പ്രച്ഛന്ന മതംമാറ്റ ശ്രമങ്ങള്‍ നടന്നുവന്നു. ഈ വിപത്തുകള്‍ പ്രാന്തപ്രചാരകനായിരുന്ന ഭാവുറാവു ദേവറസിന്റെ ശ്രദ്ധയില്‍ പെടാതിരുന്നില്ല. അദ്ദേഹം അവിടത്തെ സര്‍വകലാശാലകളിലെ നേപ്പാളി വിദ്യാര്‍ത്ഥി സമൂഹത്തില്‍ ഭാവാത്മകവും സാര്‍വഭൗമവുമായ ഹൈന്ദവതയുടെ സന്ദേശം എത്തിക്കാന്‍ ശ്രമമാരംഭിച്ചു. ക്രമേണ അതിനു ഫലവുമുണ്ടായി. നേപ്പാളില്‍ കാട്മണ്ഡുവിലും മറ്റു നഗരങ്ങളിലും ആ വിദ്യാര്‍ത്ഥികള്‍ സംഘത്തെ മാതൃകയാക്കിക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പല സംഘാധികാരിമാരും നേപ്പാളിലേക്കുള്ള തീര്‍ത്ഥയാത്രകളെ ഫലപ്രദമായി ഉപയോഗിച്ചു. ഭാരതത്തിലെയും അവിടത്തെയും ജനങ്ങളും സാംസ്‌കൃതികവും ധാര്‍മികവുമായ ഏകതയും ദാര്‍ഢ്യവും വളര്‍ത്താനും അതിനെ പ്രബലമാക്കാനും അതുപകരിച്ചു. 1964 കാലത്ത് പൂജനീയ ഗുരുജി പശുപതിനാഥദര്‍ശനത്തിനുപോയ ആ അവസരത്തില്‍ അദ്ദേഹം മഹേന്ദ്ര രാജാവിനെയും സന്ദര്‍ശിച്ചു. ഹിന്ദുസമാജത്തെ കരുത്തുറ്റതാക്കാനുള്ള സംഘത്തിന്റെ ശ്രമങ്ങളുടെ കാര്യങ്ങള്‍ ശ്രീഗുരുജി രാജാവിനെ ധരിപ്പിച്ചു. സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചു. 1965 ലെ മകരസംക്രമ ഉത്സവത്തില്‍ അതിഥിയായി പങ്കെടുക്കാന്‍ ശ്രീഗുരുജി അദ്ദേഹത്തെ ക്ഷണിക്കുകയും അതു സ്വീകരിക്കപ്പെടുകയും ചെയ്തു. അദ്ദേഹം ദല്‍ഹിയില്‍ തിരിച്ചെത്തിയശേഷം പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയെ സന്ദര്‍ശിക്കുകയും കാഠ്മണ്ഡുവിലെ സന്ദര്‍ശനവും രാജാവിനെ നാഗ്പൂരിലേക്ക് ക്ഷണിച്ചതും അദ്ദേഹം അത് സ്വീകരിച്ചതും അറിയിക്കുകയും ചെയ്തു. അനൗപചാരികവും സ്വകാര്യവും ആയ സന്ദര്‍ശനത്തിന് മുന്‍പ് പലതവണ നേപ്പാള്‍ രാജാക്കന്മാര്‍ ഭാരതത്തില്‍ വന്ന്, ധാര്‍മിക സമ്മേളനങ്ങളില്‍ പങ്കെടുത്ത കീഴ്‌വഴക്കങ്ങളും അദ്ദേഹം ധരിപ്പിച്ചു. അനൗദ്യോഗിക പരിപാടിയായതിനാല്‍ അതിന് തടസ്സമുണ്ടാവില്ലെന്ന ധാരണയാണ് ശാസ്ത്രിജി നല്‍കിയത്. പരിപാടിക്ക് വേണ്ട തയ്യാറെടുപ്പുകള്‍ നാഗ്പൂരില്‍ ആരംഭിച്ചു. അതിനെ തുരങ്കം വെയ്ക്കാന്‍ കോണ്‍ഗ്രസ്, ഇടതുപക്ഷ കരുനീക്കങ്ങള്‍ തകൃതിയായിത്തീര്‍ന്നു. ബ്രിക്‌സ്, ലിങ്ക് തുടങ്ങിയ പ്രച്ഛന്ന കമ്യൂണിസ്റ്റ് വാരികകളും, പത്രമുതലാളിമാരും ബുദ്ധിജീവി, രാഷ്ട്രീയ സാംസ്‌കാരിക നായകന്മാരും കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് നേതാക്കളുടെ ശിഖണ്ഡികളായി രംഗത്തിറങ്ങി. അവരുടെ നിരന്തരമായ വിഷലിപ്ത അപവാദ പ്രചാരണങ്ങളുടെ സമ്മര്‍ദ്ദം താങ്ങാനാവാതെ അവസാനമണിക്കൂറുകളില്‍ ഭാരത സര്‍ക്കാര്‍ ബിരേന്ദ്ര രാജാവിനോട് സന്ദര്‍ശനം വേണ്ടെന്നുവയ്ക്കാന്‍ അപേക്ഷിച്ചു. താന്‍ നാഗ്പൂരില്‍ ചെയ്യാനുദ്ദേശിച്ച പ്രസംഗത്തോടൊപ്പം വിശാലഹിന്ദു സമാജത്തെ അഭിസംബോധന ചെയ്യാന്‍ പിന്നീട് അവസരമുണ്ടാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ടുള്ള സന്ദേശം രാജപ്രതിനിധി നാഗ്പൂരിലെത്തിച്ചു. ഭാരതത്തിലെയും നേപ്പാളിലെയും ദേശീയ ജനതകള്‍ തമ്മിലുള്ള ഹൃദയംഗമമായ ഇടപെടല്‍ സുഗമമാക്കുന്നതിന് വഴിതെളിക്കുമായിരുന്നു ഒരു സുവര്‍ണാവസരമാണങ്ങനെ നഷ്ടമാക്കപ്പെട്ടത്. തുടര്‍ന്ന് നേപ്പാള്‍ ജനതയെയും രാജാവിനെയും ശത്രുതയിലാക്കുന്നതിന് ഇടതുപക്ഷവും ഭാരതസര്‍ക്കാരും ചേര്‍ന്ന് നടന്നുവന്ന പ്രത്യക്ഷവും പരോക്ഷവുമായ പരിശ്രമങ്ങള്‍ അനവധിയാണ്. അവര്‍ക്ക് വാണിജ്യവ്യാപാരബന്ധങ്ങള്‍ക്ക് ബാഹ്യലോകത്തെ സമീപിക്കാനുള്ള മാര്‍ഗങ്ങളായ ബംഗാളിലെ തുറമുഖങ്ങള്‍ വിലക്കപ്പെട്ട അവസരങ്ങളുണ്ടായി. കമ്യൂണിസവും നക്‌സലിസവും തീവ്രവാദവും അങ്ങോട്ട് കയറ്റുമതി ചെയ്യപ്പെട്ടു. അവിടത്തെ തീവ്രവാദികള്‍ക്ക് ഭാരതത്തില്‍ താവളം നല്‍കപ്പെട്ടു. രാജഭരണം, അട്ടിമറിക്കപ്പെട്ടു. മറ്റു പരിവര്‍ത്തന സംഘങ്ങള്‍ക്ക് പല വേഷങ്ങളില്‍ വിളയാടാന്‍ അവസരമുണ്ടായി. പാക്, ഇസ്ലാമിക, വിമാന റാഞ്ചികള്‍ക്കും ഭീകരന്മാര്‍ക്കും കള്ളനോട്ടുകാര്‍ക്കും അവിടം സ്വര്‍ഗതുല്യമായി. രാജാവിനെ പുറത്താക്കി കമ്യൂണിസ്റ്റ് വാഴ്ച തുടങ്ങിയപ്പോള്‍, പ്രധാനമന്ത്രിയായ പ്രചണ്ഡ സകല കീഴ്‌വഴക്കങ്ങളെയും ലംഘിച്ച്, ആദ്യ സന്ദര്‍ശനം ദല്‍ഹിയിലേക്കല്ല ബീജിങ്ങിലേക്കാണ് നടത്തിയത്. അദ്ദേഹത്തിന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ ഭാരതത്തെ പ്രതിനിധീകരിച്ച സംഘത്തില്‍ യച്ചൂരി സീതാരാമ സോമയാജിയുമുണ്ടായിരുന്നുവെന്നോര്‍ക്കണം. ഇപ്പോഴിതാ ഭാരതത്തിലേക്കൊഴുകുന്ന ഗണ്ഡകീ നദിയില്‍ അണക്കെട്ടു നിര്‍മിക്കാന്‍ നേപ്പാള്‍ ചീനയെ ചുമതലപ്പെടുത്തിയിരിക്കുന്നു. ആ സമയത്ത് ജനസംഘം നേതാവ് ദീനദയാല്‍ ഉപാധ്യായ ഓര്‍ഗനൈസര്‍ വാരികയിലെഴുതിയ കുറിപ്പോടെ ഇതവസാനിപ്പിക്കാം. ഭാരത സര്‍ക്കാരിന്റെ അനിച്ഛമൂലം നേപ്പാളിലെ മഹേന്ദ്ര രാജാവിന്റെ നാഗ്പൂര്‍ സന്ദര്‍ശനം ഉപേക്ഷിക്കപ്പെട്ടു. ഇപ്രകാരം ഭാരതത്തെയും നേപ്പാളിനെയും ബന്ധിപ്പിക്കുന്ന ഹിന്ദുത്വബന്ധത്തെ ശക്തമാക്കുന്നതിനുള്ള ഒരവസരം നഷ്ടമായി. ഇക്കാര്യത്തില്‍ ഭാരത സര്‍ക്കാരിന്റെ നടപടി നയതന്ത്ര വിവരക്കേടു നിറഞ്ഞതും പക്വതാരഹിതവുമാകുന്നു. സര്‍ക്കാര്‍ രാജ്യഹിതത്തെ കണക്കിലെടുക്കുകയോ മിത്ര വിദേശ ഭരണത്തോട് സാധാരണ മര്യാദ കാണിക്കുകയോ ചെയ്തില്ല. ഇക്കാര്യം അറിവില്ലായിരുന്നുവെന്ന വിദേശ മന്ത്രാലയത്തിന്റെ പ്രസ്താവന പച്ചക്കള്ളമാകുന്നു. വിശിഷ്യ അവരുടെ മുദ്രാവാക്യം സത്യമേവ ജയതേ ആയിരിക്കെ. വിദേശവിഭാഗം കമ്യൂണിസ്റ്റ് പ്രചാരതന്ത്രത്തിന്റെ പണിപ്പുരയായിരിക്കയാണെന്ന് സര്‍വവിദിതമാണ്. ഇക്കാര്യത്തെ കമ്യൂണിസ്റ്റ് പത്രങ്ങളുടെ നെഞ്ചത്തടിയും നിലവിളിയും ദൂരെ കേള്‍ക്കാമായിരുന്നു. ഭാരതവും നേപ്പാളുമായി ബന്ധം മെച്ചമായപ്പോഴൊക്കെ, ഇക്കൂട്ടര്‍ക്ക് കണ്ണില്‍ കരടുപോയതുപോലെ ആയിരുന്നു. അവര്‍ ഇരു സര്‍ക്കാരുകളെയും തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചുവരികയാണ്. ഈ ബീജിങ് ഭക്തര്‍ക്ക് വിദേശ വകുപ്പ് എന്തിന് ശിങ്കിടിപിടിക്കുന്നുവെന്നും മനസ്സിലാകുന്നില്ല... സര്‍ക്കാരിന്റെ നടപടിയെ ഞാന്‍ കഠിനമായി അധിക്ഷേപിക്കുന്നു. ഇതു ചെയ്ത രീതി കണക്കിലെടുത്ത്, സര്‍ക്കാര്‍ നേപ്പാളിനും ആര്‍എസ്എസ് പ്രമുഖനും ഹിന്ദുക്കള്‍ക്കും തങ്ങളുടെ ഈ നടപടിമൂലമുണ്ടായ നഷ്ടത്തിന് പരിഹാരം നല്‍കണമെന്നു ഞാന്‍ ആശിക്കുന്നു. (1965 ജനുവരി 15).