യെച്ചൂരിയുടെ സങ്കടം

Saturday 10 June 2017 8:31 pm IST

സീതാറാം സര്‍വേശ്വര സോമയാജലു യെച്ചൂരിക്ക് ഇപ്പോള്‍ കഷ്ടകാലമാണ്. മോഹങ്ങള്‍ മുരടിച്ചിട്ടും മോതിരക്കൈ മുരടിച്ചിട്ടും ഒന്നുകൂടി പൂക്കാനാണ് ഈ അറുപത്തഞ്ചാം വയസ്സിലും യെച്ചൂരിയുടെ മനസ്സ് കൊതിക്കുന്നത്. ഒരു കൈയില്‍ രാഹുലിനെയും മറുകൈയില്‍ തന്നെയും പിടിച്ച് സോണിയാമ്മ പാര്‍ലമെന്റ് മന്ദിരത്തിന്റെ അങ്കണത്തില്‍ ചുറ്റിയടിക്കുന്നത് സ്വപ്‌നം കണ്ടാണ് പാവത്തിന്റെ നടപ്പ്. അവസാനം കൂടിയ പൊളിറ്റ് ബ്യൂറോയിലും ആ മോഹത്തിന് പാര പണിയാന്‍ ആളുണ്ടായി. ഇനി ഈ ജന്മത്തില്‍ എവിടെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ലോക്‌സഭയിലെത്താമെന്ന പ്രതീക്ഷയില്ല. അങ്ങനെങ്ങാനും മത്സരിച്ചാല്‍ നാല് വോട്ട് തികച്ചുകിട്ടുമെന്ന വിശ്വാസവുമില്ല. പിന്നെ എംപി ആവണമെങ്കില്‍ സോണിയ കനിയണം. ഒരു എംപി എങ്കിലും ആയില്ലെങ്കില്‍ ആര് വക വെയ്ക്കാനാണ്. വഴിയേ പോന്ന പിള്ളേരുവരെ പാര്‍ട്ടി ഓഫീസില്‍ കയറി തല്ലുന്ന കാലമാണ്. അത്രയ്ക്ക് കേമമാണ് പാര്‍ട്ടിയുടെ അവസ്ഥ. സംഭവം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എന്നൊക്കെ പറയുമെങ്കിലും കൊടിയുടെ പടം കാണണമെങ്കില്‍ കേരളത്തിലോ ത്രിപുരയിലോ പോകണം. കേരളത്തിലെ വമ്പന്മാരുടെ പോത്തിറച്ചിക്കൊതി മൂലം ബംഗാളില്‍ കയറാന്‍ പറ്റാത്ത അവസ്ഥയായിട്ടുണ്ട്. പോത്തിനേം കാളേനെമൊക്കെ വലിച്ചുകേറ്റുന്നവരുമായി കൊഞ്ചിക്കുഴഞ്ഞിട്ട് ബംഗാളിലേക്ക് വന്നേക്കരുതെന്നാണ് അവിടുത്തെ സഖാക്കളുടെ കല്‍പന. ദല്‍ഹിയിലെ എകെജി ഭവനില്‍ കേറിവന്ന് തനിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും തല്ലാന്‍ ഓങ്ങുകയും ചെയ്തത് ആരാണെന്ന് യെച്ചൂരിക്ക് ഇപ്പോഴും പിടികിട്ടിയിട്ടില്ല. സോണിയേടെ കയ്യും പിടിച്ച് രാജ്യസഭേലേക്ക് പോകാന്‍ ആരെയും അനുവദിക്കില്ലെന്ന് കേരളാ സ്റ്റാലിന്‍ പിണറായി വിജയനും കൂട്ടരും കട്ടായം പറഞ്ഞതോടെ ആകെ ഇരുട്ടിലായ സമയത്താണ് ആക്രോശവും മുദ്രാവാക്യം വിളിയുമായി ആ പിള്ളേര്‍ കടന്നുകൂടിയത്. തല്ലിയതാണോ തള്ളിയതാണോ എന്നൊന്നും പിടികിട്ടിയില്ല. നിലത്ത് വീണത് മാത്രം ഓര്‍മ്മയുണ്ട്. എന്തായാലും തള്ളിയിട്ടതാണെങ്കില്‍ അത് ആ വന്നവന്മാരല്ലെന്നും യെച്ചൂരിക്ക് മനസ്സിലായിട്ടുണ്ട്. തനിക്ക് ഒരു മേല്‍ഗതി ഉണ്ടാവുന്നത് ഒട്ടും ദഹിക്കാത്ത മൂന്നാലെണ്ണമാണ് കെട്ടിയോനും കെട്ടിയോളും അടക്കം അവിയല്‍ പിബി എന്നും പറഞ്ഞ് ചുറ്റിനുമുള്ളത്. അപ്പോള്‍പ്പിന്നെ സംശയം പലവഴിക്കായി. മലയാളത്തിലെ വേണു, ഷാനിമാരുടെ നിര്‍ത്താതുള്ള കലമ്പല്‍ കണ്ടപ്പോഴാണ് യെച്ചൂരിക്ക് പോലും ആര്‍എസ്എസിനുമേല്‍ കുതിരകയറണമെന്ന് തോന്നിയത്. വര്‍ഷങ്ങളായി ദല്‍ഹിയില്‍ കുടികിടപ്പായ ഒരു ചാനല്‍വംശം ആ പിള്ളേരുടെ പിന്നാലെ നടന്നിട്ടും അവന്മാര്‍ ആര്‍എസ്എസ് ആണെന്ന് പറയാഞ്ഞതിന്റെ ഇച്ഛാഭംഗം തീര്‍ന്നുകിട്ടിയത് താനും ഗാന്ധിയും ഒരുപോലെയാണെന്നും ഇപ്പോള്‍ കൂക്കിവിളിച്ചേച്ച് പോയവന്മാര്‍ ഗോഡ്‌സെയുടെ കൂട്ടുകാരാണെന്നും ഗോഡ്‌സെ ആര്‍എസ്എസുകാരനാണെന്നുമൊക്കെ രാത്രിച്ചര്‍ച്ചയില്‍ കേരളത്തിലെ എമണ്ടന്‍ ബുദ്ധിജീവികള്‍ വിളിച്ചുപറയുന്നത് കേട്ടപ്പോഴാണ്. എംപി ആയില്ലെങ്കിലെന്താ ഗാന്ധി ആയില്ലേ. യെച്ചൂരിക്ക് പൊറുക്കാനാവാതെ പോയത് മറ്റൊന്നാണ്. വന്നുകയറിയ പിള്ളേര്‍ രണ്ട് തന്നിട്ട് പോയെങ്കിലും സാരമില്ലായിരുന്നു. അവന്മാര്‍ യെച്ചൂരിയുടെ മുന്നില്‍ നിന്ന് 'ഭാരത്മാതാ കീ ജയ്' എന്നു വിളിച്ചുകളഞ്ഞു. യെച്ചൂരിക്കാണെങ്കില്‍ ഈ വിളി കേള്‍ക്കുന്നതേ തലവേദനയാണ്. ആര്‍എസ്എസുകാര്‍ വരുന്നിടത്തും പോകുന്നിടത്തുമൊക്കെ വിളിക്കുന്ന ഒരു വിളിയാണിത്. അതുകൊണ്ടുതന്നെ അത് വെറുക്കപ്പെടേണ്ടതാണെന്നാണ് യെച്ചൂരിയന്‍ പോളിസി. അതുകൊണ്ടാണ് ആ മഹാനായ ദേശസ്‌നേഹി ഇതിനിടയിലെപ്പോഴോ പാക്കിസ്ഥാന് സിന്ദാബാദ് വിളിച്ചാല്‍ എന്താണ് കുഴപ്പം എന്ന് ഉച്ചത്തില്‍ ആത്മഗതം ചെയ്തുപോയത്. അതിന്റെ കുഴപ്പം അത്ര ചെറുതല്ലെന്ന് ഇപ്പോഴാണ് കുറേശ്ശെ സഖാവിന് മനസ്സിലായിത്തുടങ്ങിയത്. യെച്ചൂരിക്ക് മാത്രമല്ല, യെച്ചൂരിയുടെ പാര്‍ട്ടിക്കും ഇപ്പറഞ്ഞ ഭാരത് മാതാകീ ജയ് വിളി അത്ര സുഖിക്കുന്നതല്ല. പാര്‍ട്ടിയുടെ ഒരു നയമനുസരിച്ച് അത്ര വലിയ പവിത്രതയൊന്നും ദേശീയതയ്ക്ക് ഇല്ല. അവരൊക്കെ സാര്‍വദേശീയതയുടെ ആളുകളാണ്. അതിനിടയിലെന്ത് ഭാരതം. സാധിച്ചിരുന്നേല്‍ പണ്ടേ ഇത് മുറിച്ച് പതിനേഴ് കഷ്ണമാക്കിയേനെ. അങ്ങനെങ്ങാനും സംഭവിച്ചെങ്കില്‍ രണ്ടുമൂന്ന് രാജ്യത്തെങ്കിലും പാര്‍ട്ടിക്ക് പ്രധാനമന്ത്രിമാരുണ്ടായേനെ. ഇതിപ്പോ ഇത്രേം വലിയൊരു രാജ്യത്ത് എങ്ങനെ കുത്തിയാലും ഇനി ഒരു പ്രധാനമന്ത്രിയെന്നൊക്കെ പറയുന്നത് നടപ്പുള്ള കാര്യമല്ല. അല്ലെങ്കില്‍ പിണറായീടെ കൂട്ട് ഉളുപ്പില്ലാണ്ടാവണം. പുള്ളിക്കാരന്‍ ഇപ്പോള്‍ത്തന്നെ തിരുവനന്തപുരത്തെ പ്രധാനമന്ത്രിയാണെന്ന മട്ടിലാണ് നടപ്പ്. യെച്ചൂരിയുടെ പാര്‍ട്ടി ഇതുകൊണ്ടൊക്കെ രാജ്യത്തിന് എതിരാണ്. സൈന്യത്തിന് എതിരാണ്. അതുകൊണ്ടാണ് ജെഎന്‍യുവിലെ കുട്ടിസഖാക്കന്മാര്‍ കശ്മീരിനും കേരളത്തിനുമൊക്കെ സ്വാതന്ത്ര്യം വേണമെന്നും ഭാരതം നശിച്ച് മണ്ണടിയട്ടെ എന്നുമൊക്കെ വിളിച്ചുകൂവിയപ്പോള്‍ യെച്ചൂരി ഒപ്പം നിന്നത്. ജെഎന്‍യുവില്‍ അഫ്‌സല്‍ഗുരുവിന് അനുസ്മരണം നടത്തിയപ്പോഴും ഹൈദരാബാദ് സര്‍വകലാശാലയില്‍ യാക്കൂബ് മേമന് മയ്യത്ത് നമസ്‌കാരം നടത്തിയപ്പോഴും കോള്‍മയിരണിഞ്ഞത് യെച്ചൂരി സഖാവിന്റെ വിപ്ലവം തുടിച്ചുനില്‍ക്കുന്ന ശരീരമായിരുന്നു. ഭാരതത്തിലെ മുസ്ലിങ്ങളെക്കുറിച്ച് യെച്ചൂരി സഖാവിനും പാര്‍ട്ടിക്കുമുള്ള ധാരണ ഒരു പ്രശ്‌നമാണ്. യെച്ചൂരി കരുതിയിരിക്കുന്നത് മുസ്ലിങ്ങളെല്ലാം സിപിഎമ്മുകാരെപ്പോലെ രാജ്യത്തിനും സൈന്യത്തിനും എതിരെ സംസാരിക്കുന്നവരാണെന്നാണ്. അതുകൊണ്ടാണ് എടുത്തുചാടി പാവം ഭീകരന്മാര്‍ക്ക് വേണ്ടി കുരവയിടുന്നത്. മേമനെ തൂക്കിലേറ്റിയപ്പോള്‍ യെച്ചൂരിയുടെ സംശയം അയാള്‍ ഒരു മുസ്ലിമായതുകൊണ്ടാണ് കോടതി അയാളെ തൂക്കാന്‍ വിധിച്ചതെന്നാണ്. സകലമാന ഭീകരസംഘടനകളും യെച്ചൂരിയന്‍ തിയറി അനുസരിച്ച് മുസ്ലിങ്ങളുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. അതുകൊണ്ടാണ് ഹിസ്ബുള്‍ മൂജാഹിദീന്‍ കമാണ്ടര്‍ മുതല്‍ അബ്ദുള്‍ നാസര്‍ മദനി വരെയുള്ള മനുഷ്യദ്രോഹികള്‍ക്കുവേണ്ടി നാണവും മാനവുമില്ലാതെ പാവം പോയി കുടപിടിക്കുന്നത്. ഇങ്ങനെയൊക്കെ ചെയ്തും പറഞ്ഞും ഒരു രാജ്യസഭാ എംപി ആയി കാലം കഴിക്കാമെന്ന അഖിലേന്ത്യാസെക്രട്ടറിയുടെ മോഹത്തിന്റെ കടയ്ക്കലാണ് ആദ്യം പിണറായിയും പിന്നെ എകെജി ഭവനില്‍ മുദ്രാവാക്യം വിളിച്ച ദല്‍ഹിയിലെ പയ്യന്മാരും വെട്ടിയത്. എംപി ആകണമെന്ന മോഹം പിണറായിയും കൂട്ടരും തകര്‍ത്തപ്പോള്‍ അതിര്‍ത്തി കാക്കുന്ന സൈനികരെ അധിക്ഷേപിച്ചാല്‍ ആസ്ഥാനത്ത് കയറിയും പ്രതിഷേധിക്കുമെന്ന് ദല്‍ഹിയിലെ കുട്ടികളും കാട്ടിക്കൊടുത്തു. യെച്ചൂരിയന്‍ വൃത്തികേടുകള്‍ക്കുമേല്‍ പൊതുജനം ഒരു നിരീക്ഷണക്യാമറ പിടിപ്പിച്ചിരിക്കുന്നുവെന്ന് സാരം. പഴയതുപോലെ മാന്യനെന്ന് പറഞ്ഞ് തടി തപ്പാമെന്ന ധാരണ നടപ്പില്ലെന്ന് ചുരുക്കം. ഇനി എംപി ആവാന്‍ ഒരു വഴി സോണിയയുടെ പാര്‍ട്ടിയില്‍ അങ്ങ് വിലയം പ്രാപിക്കുക എന്നതാണ്. അതും ഇപ്പോള്‍ വേണം. വൈകിച്ചാല്‍ ആ പാര്‍ട്ടിയും പൊടി പോലുമുണ്ടാവില്ല കണ്ടുപിടിക്കാന്‍. പ്രധാനമന്ത്രിയാകാന്‍ നോമ്പ് നോറ്റിരുന്ന രാഹുല്‍ മോന്‍ ഗീതയും ഉപനിഷത്തും പഠിക്കാന്‍ തുടങ്ങിയത് കാണുന്നുണ്ടാവുമല്ലോ അല്ലേ?    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.