കോട്ടയം-കുമരകം-ആലപ്പുഴ ആഡംബര ബോട്ട് സര്‍വീസ് ഓണത്തിന്

Saturday 10 June 2017 8:30 pm IST

കോട്ടയം: വേമ്പനാട്ടുകായലിലെ കായല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുളള ജലഗതാഗത വകുപ്പിന്റെ ആഡംബര ബോട്ട് സര്‍വീസ് ഓണത്തിന് തുടങ്ങും. കോട്ടയം-കുമരകം-ആലപ്പുഴ റൂട്ടിലാണ് സര്‍വീസ്. 120 പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന ഇരുനില ബോട്ടാണ് നിര്‍മിക്കുന്നത്. സ്വകാര്യ കമ്പനി നിര്‍മിക്കുന്ന ബോട്ടിന്റെ ഹള്ള് പൂര്‍ത്തിയായി. വൈക്കം-എറണാകുളം റൂട്ടിലും ഇത്തരമൊരു സര്‍വീസ് ജലഗതാഗതവകുപ്പിന്റെ പരിഗണനയിലാണ്. ബോട്ടിന്റെ താഴത്തെ നിലയില്‍ 50 പേര്‍ക്കായി ഗ്ലാസുകൊണ്ട് പ്രത്യേക ക്യാബിന്‍ തിരിക്കും. വിനോദ സഞ്ചാരികളെ ഉദ്ദേശിച്ചാണ് ഈ ഭാഗം. ശീതീകരിച്ച ഈ ഭാഗത്തിരുന്ന് യാത്രയില്‍ കായല്‍ സൗന്ദര്യം നുകരാം. അപ്പര്‍ ഡെക്ക് തുറന്ന ഭാഗമായിരിക്കും. ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസയായിട്ടാണ് ബോട്ട് ഓടിക്കുന്നത്. 1.80 കോടി രൂപയാണ് ബോട്ടിന്റെ നിര്‍മാണ ചെലവ്. കുമരകം കായല്‍ക്കാഴ്ചകളും പക്ഷിസങ്കേതവും പാതിരാമണലും കണ്ട് കായല്‍ വിനോദ സഞ്ചാര കേന്ദ്രമായ ആലപ്പുഴയിലെത്താം. സൗരോര്‍ജം ഉപയോഗിച്ചുളള ബോട്ട് ഭാവിയല്‍ ഓടിക്കാന്‍ പദ്ധതിയുണ്ടെന്ന് ജലഗതാഗത വകുപ്പ് അധികൃതര്‍ പറഞ്ഞു. വൈക്കം-തവണക്കടവ് റൂട്ടിലാണ് സൗരോര്‍ജ ബോട്ട് സര്‍വീസ് ഓടുന്നത്. ഇത് വിജയകരമായതിന്റെ അടിസ്ഥാനത്തിലാണ് സൗരോര്‍ജം പുതിയ സര്‍വീസുകളില്‍ ഉപയോഗപ്പെടുത്തുന്നത്. ഈ ബോട്ട് സര്‍വീസ് വരുന്നതോടെ ഹൗസ് ബോട്ടുകളെ അപേക്ഷിച്ച് കുറഞ്ഞ ചെലവില്‍ കായല്‍ യാത്ര നടത്താന്‍ കഴിയും. നിലവില്‍ ഹൗസ് ബോട്ടുകളും മറ്റ് ജലയാനങ്ങളും സീസണ്‍ അനുസരിച്ചാണ് നിരക്ക്് വാങ്ങുന്നത്. തിരക്കേറിയ സീസണില്‍ സാധാരണക്കാര്‍ക്ക് ഹൗസ് ബോട്ട് യാത്ര അസാധ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.