ക്ഷേത്രമുറ്റത്തിരുന്ന അങ്കണവാടിക്ക് സ്ഥലമാറ്റം ഷാപ്പുമുറ്റത്തേക്ക്

Saturday 10 June 2017 8:41 pm IST

പാലവേലി: രാമപുരം ഗ്രാമ പഞ്ചായത്തിലെ പഴമല വാര്‍ഡില്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിനു സമീപം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കുമാരി കേന്ദ്രം അങ്കണവാടി യാതൊരു കാരണവും കൂടാതെ പാലവേലി ഷാപ്പിനു തൊട്ടടുത്തേയ്ക്കു മാറ്റിയതില്‍ പ്രതിഷേധം വ്യാപകമാകുന്നു. ആര്‍.വി.എം. യൂപി സ്‌കൂള്‍, സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍, രാമപുരത്തു വാര്യര്‍ പഠനകേന്ദ്രം, വായനശാല എന്നിവയെല്ലാം പ്രവര്‍ത്തിക്കുന്ന സ്ഥലത്തുനിന്നാണ് ഒരു കിലോമീറ്റര്‍ ദൂരെ പാലവേലി ഷാപ്പിനു സമീപത്തേയ്ക്ക് മാറ്റിയത്. കുട്ടികള്‍ക്ക് പഠിക്കാന്‍ അനുയോജ്യമായ അന്തരീക്ഷവും, വാഹന സൗകര്യവും എല്ലാം ഉള്ള സ്ഥലത്തുനിന്നാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ അങ്കണവാടി മാറ്റിയത്. കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ പോലും അറിയാതെയായിരുന്നു മാറ്റം. ഷാപ്പ് കൂടാതെ തൊട്ടടുത്ത് ഹോളോബ്രിക്‌സ് കമ്പനിയും പ്രവര്‍ത്തിക്കുന്നുണ്ട്. സിമന്റും, പൊടിപടലങ്ങളും കുട്ടികള്‍ക്ക് ആസ്മ ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ പിടിപെടുവാന്‍ കാരണമാകുമെന്ന ആശങ്കയിലാണ് രക്ഷകര്‍ത്താക്കള്‍. വാണിജ്യ ആവശ്യത്തിനു വേണ്ടി നിര്‍മ്മിച്ച സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലേയ്ക്കാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടിയ്ക്ക് സമീപം മുണ്ടപ്ലാക്കല്‍ ത്രേസ്യക്കുട്ടി അഗസ്തി രണ്ട് വര്‍ഷം മുന്‍പ് മൂന്ന് സെന്റ് സ്ഥലം സൗജ്യമായി നല്‍കുകയും ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അവിടേയ്ക്ക് അങ്കണവാടി മാറ്റുവാന്‍ തീരുമാനിച്ചതിനിടയിലാണ് ചില വ്യക്തികള്‍ ഇടപെട്ട് പാലവേലിയിലേയ്ക്ക് മാറ്റിയത്. അമ്പലം ജംഗ്ഷനു സമീപമുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നതില്‍ ഭൂരിഭാഗവും. പാലവേലിയിലേയ്ക്ക് മാറ്റിയതോടെ രക്ഷകര്‍ത്താക്കളും വിഷമത്തിലായിരിക്കുകയാണ്.മുന്‍പ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കെട്ടിടത്തിലേയ്‌ക്കോ പണി പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടത്തിലേയ്‌ക്കോ അങ്കണവാടി മാറ്റണമെന്ന നാട്ടുകാരുടെയും ശിശുക്ഷേമ സമിതിയുടെയും ആവശ്യം ശക്തമായിരിക്കുകയാണ്. അങ്കണവാടി ഉടന്‍ മാറ്റിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഇവര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.