ബോധവത്ക്കരണം ഏറ്റില്ല; ചിറ്റാര്‍ പുഴ വീണ്ടും പഴയ മാലിന്യപുഴ

Saturday 10 June 2017 8:46 pm IST

കാഞ്ഞിരപ്പള്ളി: മഴ കനത്തതോടെ ചിറ്റാര്‍ പുഴയിലെത്തുന്ന മാലിന്യത്തിന്റെ അളവും കൂടി. ഇരു കരകളിലും നിക്ഷേപിച്ചിരുന്ന മാലിന്യം മഴയത്ത് ശക്തമായ നീരൊഴുക്കില്‍ പുഴയിലേക്ക് ഒലിച്ചിറങ്ങുകയാണ്. ഇവയെല്ലാം അഞ്ചിലിപ്പയിലെ തടയിണയുടെ ഭാഗത്ത് അടിയുന്നു. 26-ാം മൈലിലുള്ള പാലത്തിനടിയിലും മാലിന്യങ്ങള്‍ കെട്ടികിടക്കുകയാണ്. സമീപവാസികള്‍ക്ക് പുഴയിലേക്ക് മാലിന്യം വലിച്ചെറിയുന്നതിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് ബോധവത്കരണവും നടത്തിയിരുന്നു. എന്നാല്‍ വീണ്ടും പുഴ പഴയ സ്ഥിതിയില്‍ തന്നെയായെന്ന് അധികൃതര്‍ പറയുന്നു. തുണികളും വീടുകളില്‍ നിന്നുള്ള മാലിന്യങ്ങളുമാണ് പുഴയിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപയോഗശൂന്യമായ സ്‌പോഞ്ചുകളുമാണ് ഇവയിലധികവും. ചിറ്റാര്‍ പുഴ മാലിന്യ വിമുക്തമാക്കാന്‍ പുഴ വൃത്തിയാക്കണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും അധികൃതര്‍ ശുദ്ധീകരണ പദ്ധതികള്‍ നടപ്പാക്കിയിരുന്നില്ല. നിരവധി കുടിവെള്ള പദ്ധതികളും ചിറ്റാര്‍ പുഴയെ ആശ്രയിച്ചാണ് നില നില്‍ക്കുന്നത്. താലൂക്ക് വികസന സമിതിയിലടക്കം ചിറ്റാര്‍ പുഴയെ സംരംക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് ചിറ്റര്‍ പുഴയുടെ ശോചീയാവസ്ഥ പരിഹരിക്കുന്നതിനായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തിയിരുന്നു. ഹോട്ടലുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യം ചിറ്റാര്‍ പുഴയിലേക്ക് തള്ളുന്നത് തടയണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴും പുഴയുടെ അരികിലുള്ള കെട്ടിടങ്ങളിലെ മാലിന്യ കുഴലുകള്‍ പുഴയിലേക്കാണ് നീട്ടി വച്ചിരിക്കുന്നത്. മാലിന്യം തള്ളുന്ന ഭാഗങ്ങളില്‍ സംരക്ഷണ വേലി നിര്‍മ്മിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി പേട്ടക്കവല ഭാഗത്ത് പുഴയരുകില്‍ സംരക്ഷണ വേലി നിര്‍മ്മിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് മറ്റ് ഭാഗങ്ങളിലേക്ക് പദ്ധതി നടപ്പാക്കിയില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. വലിയ തോതില്‍ ചിറ്റാര്‍ പുഴയിലേക്ക് മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.