ഉദ്ഘാടനത്തിന് മുമ്പേ കടലെടുത്ത് തീരദേശ പോലീസ് സ്റ്റേഷന്‍ കെട്ടിടം

Saturday 10 June 2017 8:54 pm IST

ചാവക്കാട്: തീരദേശ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിന് തിയ്യതി തീരുമാനിച്ച് സ്വാഗതസംഘവും രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഉദ്ഘാടനത്തിന് സേ്റ്റഷന്‍ കെട്ടിടം തന്നെ ഉണ്ടാകുമോയെന്ന ആശങ്ക ശക്തമായി. മുനക്കകടവ് അഴിമുഖത്ത് നിര്‍മിച്ച ചാവക്കാട് തീരദേശ പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം 27 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലുടെ നിര്‍വഹിക്കും. ഇന്നലെ സ്വാഗതസംഘം രൂപീകരിക്കുന്ന യോഗത്തിനെത്തിയ ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും കണ്ടത് സ്റ്റേഷന്റെ പിറകുവശത്ത് സെപ്റ്റിക്ക് ടാങ്കിന്റെ ഒരുഭാഗം പുഴയെടുത്തുപോയ കാഴ്ചയാണ്. മറുഭാഗം ഏതുനിമിഷവും പുഴ കവരുമെന്ന അവസ്ഥയിലും. കെട്ടിടത്തിന്റെ തറക്കുള്ളിലേയ്ക്ക് വെള്ളം അടിച്ചു കയറി മണ്ണൊലിച്ചു തുടങ്ങി. മഴ കനത്ത് പുഴയില്‍ വെള്ളമുയര്‍ന്നാല്‍ നിമിഷ വേഗത്തില്‍ കെട്ടിടം തകര്‍ന്നുവീഴുമെന്ന ഭീതിയാണിപ്പോഴുള്ളത്. ഇതിനു പുറമെ കെട്ടിടത്തിന്റെ പിന്‍വശത്തെ ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്ത നിലയിലാണ്. തീരദേശ പോലീസ് സേ്റ്റഷന്റെ പ്രധാന സഞ്ചാരവാഹനമായസ്പീഡ് ബോട്ടുകള്‍ കെട്ടിയിടാന്‍ ബോട്ട് ജെട്ടി എന്നൊരു സംവിധാനം ഇവിടെ ഉണ്ടാക്കിയിട്ടില്ല . സ്വകാര്യ വ്യക്തി സംഭാവനയായി നല്‍കിയ 10 സെന്റ് സ്ഥലത്താണ് തീരദേശ പോലീസ് സേ്റ്റഷന് വേണ്ടി കെട്ടിടം നിര്‍മ്മിച്ചത്. മൂന്ന് വര്‍ഷം മുമ്പ് തീരുമാനം കൈക്കൊണ്ട് പണിയാരംഭിച്ച കെട്ടിടം രണ്ട് വര്‍ഷമായി ഉദ്ഘാടനത്തിന് തയ്യാറായി കിടക്കുകയാണ.് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷവും നിരവധി തവണ ഉദ്ഘാടനത്തിന് ശ്രമം നടങ്കെിലും വിജയിച്ചില്ല. കഴിഞ്ഞ ജൂണില്‍ അന്നത്തെ ജില്ല സൂപ്രണ്ട് ആര്‍ നിശാന്തിനി സ്ഥലം സന്ദര്‍ശിച്ച് കെട്ടിടത്തിന് സുരക്ഷിത ഭിത്തി കെട്ടാന്‍ ഹാര്‍ബര്‍ വകുപ്പിനോടും ഇറിഗേഷന്‍ വകുപ്പിനോടും നിര്‍ദേശിച്ചിരുന്നു. മൂന്ന് കൊല്ലം മുമ്പ് കെട്ടിടം പണിയുമ്പോള്‍ പുഴ ഭാഗം വളരെ ഇറങ്ങിയ നിലയിലായിരുന്നു. സൗജന്യമായി കിട്ടിയ സ്ഥലത്ത് പുഴയില്‍ നിന്നും വടക്കോട്ട് നല്ല പോലെ മാറിയാണ് കെട്ടിട നിര്‍മ്മാണത്തിന് പദ്ധതി തയ്യാറാക്കിയത്. ശാസ്ത്രീയമായി പഠനം നടത്താതെ കോടിയോളം രൂപ ചെലവഴിച്ചു നിര്‍മ്മിച്ച കെട്ടിടം തകര്‍ച്ചയെ നേരിടുമെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. ഏതുനിമിഷവും തകര്‍ന്നേക്കാവുന്ന കെട്ടിടത്തില്‍ ജീവന്‍ പണയം വെച്ച് ജോലി ചെയ്യാനാകില്ലെന്ന് പോലീസുകാര്‍ മേലധികാരികളെ ധരിപ്പിച്ചു കഴിഞ്ഞു. സ്വാഗതസംഘ രൂപീകരണയോഗത്തില്‍ കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക പലരും പറഞ്ഞെങ്കിലും ആരും അത് കാര്യമായെടുത്തിട്ടില്ല. പഞ്ചായത്ത് റോഡ് കഴിഞ്ഞ് വഴിക്കുള്ള സ്ഥലം സ്വകാര്യ വ്യക്തികളുടെ കൈവശമാണ്. ഇവരില്‍ പലരും സ്റ്റേഷനിലേക്ക് വഴി നല്‍കാന്‍ തയ്യാറായിട്ടില്ല. സ്പീഡ് ബോട്ടുകളും മറ്റുസാമഗ്രികളും അഴിക്കോട് തീരദേശ പോലീസ് സ്റ്റേഷനില്‍ വിശ്രമാവസ്ഥയിലാണ്. ഒരു സിഐ, രണ്ട് എസ്‌ഐ, 29 സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എിവരെയാണ് സ്റ്റേഷനിലേക്ക് നിയമിച്ചിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.