മെബൈല്‍ മോഷണം: പ്രതി അറസ്റ്റില്‍

Saturday 10 June 2017 8:54 pm IST

ഗുരുവായൂര്‍: റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും തീവണ്ടിയിലെ യാത്രക്കാരില്‍ നിന്നും മെബൈല്‍ ഫോണുകള്‍ മോഷണം പതിവാക്കിയ പ്രതി ഗുരുവായൂരില്‍ അറസ്റ്റിലായി. കണ്ണൂര്‍ കൂത്തുപ്പറമ്പ് പുതിയേടത്തുക്കണ്ടി വീട്ടില്‍ സുബൈറിനെയാണ് (52)ഗുരുവായൂര്‍ സി.ഐ: യു.എച്ച്. സുനില്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മേയ് 24-ന് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റഷനില്‍ നിന്നും 28-ന് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ നിന്നും വിലകൂടിയ മൊബൈല്‍ മോഷ്ടിച്ച കേസിലെ പ്രതിയാണ് സുബൈര്‍. കഴിഞ്ഞ വര്‍ഷം തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരുടെ മൊബൈല്‍ കവര്‍ന്ന കേസില്‍ മൂന്നുമാസം തടവുശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്നിറങ്ങി വീണ്ടും മൊബൈല്‍ മോഷണം തുടരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച വെളുപ്പിന് ഇന്റര്‍സിറ്റിയിലാണ് ഇയാള്‍ ഗുരുവായൂര്‍ സ്റ്റേഷനില്‍ വന്നിറങ്ങിയത്. മോഷണത്തിന് പദ്ധതിയിടുന്നതിനിടെ പോലിസിന്റെ കയ്യില്‍പ്പെടുകയായിരുന്നു. കഴിഞ്ഞദിവസം പുലര്‍ച്ചെ ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. മോഷ്ടിച്ചെടുത്തതെന്ന് പ്രതി സമ്മതിച്ച മൂന്നു മൊബൈലുകള്‍ പോലീസ് കണ്ടെടുത്തു. പ്രതിയെ പിടികൂടിയ സംഘത്തില്‍ എ.എസ്.ഐ: അറുമുഖന്‍, സീനിയര്‍ പോലീസ് ഓഫീസര്‍ പി.എസ്. അനില്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.വി. വിജിത്, കെ.കെ. ഷൈജു, ഐഞ്ചല്‍ ആന്റണി എന്നിവരുമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.