നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കോടതിവിധിക്ക് വിരുദ്ധം

Sunday 11 June 2017 7:44 am IST

തിരുവനന്തപുരം: ഹാരിസണും മറ്റു കമ്പനികള്‍ക്കും അനുകൂലമായി നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് റിപ്പോര്‍ട്ട് നല്‍കിയതില്‍ ദുരൂഹത. സ്‌പെഷ്യല്‍ ഓഫീസര്‍ എം. ജി. രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി നിയമനിര്‍മ്മാണം നടത്തിയാല്‍ കോടതി വിധിക്കെതിരാവുമെന്നും ഭരണഘടനാനുസൃതമാവില്ലെന്നുമാണ് നിയമ സെക്രട്ടറിയുടെ കണ്ടെത്തല്‍. ഇന്ത്യന്‍ ഇന്റിപെന്‍ഡന്‍സ് ആക്ട് പ്രകാരം ഹാരിസണിനു ഭൂമി കൈവശം വയ്ക്കാനാവില്ലെന്നാണ് രാജമാണിക്യം റിപ്പോര്‍ട്ട്.എന്നാല്‍ നിയമസെക്രട്ടറി പറയുന്നത് മുന്‍ ഉടമകളുമായി ഹാരിസണും മറ്റു കമ്പനികളും ഉണ്ടാക്കിയ കരാറുകള്‍ ‘രാഷ്ട്രീയ മല്ലാത്തതിനാല്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ടിലെ വ്യവസ്ഥകള്‍ ബാധകമാവില്ലെന്നും. ആക്ടിലെ സെക്ഷന്‍ 7(1) (ബി) വ്യാഖ്യാനം ചെയ്താണ് നിയമസെക്രട്ടറിയുടെ കണ്ടെത്തല്‍. എന്നാല്‍ തൊട്ടുമുകളിലുള്ള സെക്ഷന്‍ നിയമസെക്രട്ടറി ബോധപൂര്‍വം വിസ്മരിച്ചു. സെക്ഷന്‍ 6(5) പ്രകാരം സ്വാതന്ത്ര്യത്തിനു മുമ്പോ ശേഷമോ ബ്രിട്ടന്‍ ഉണ്ടാക്കിയ നിയമമോ പ്രമാണങ്ങളോ ഉത്തരവുകളോ നിലനില്‍ക്കില്ലെന്നും ഇന്ത്യയ്ക്ക് ആ രാജ്യത്തിലെ നിയമവ്യവസ്ഥകള്‍ മാത്രമാണ് ബാധകമെന്നും വ്യക്തമായി പറയുന്നു. ഹാരിസണിനെതിരെ ഫെറ ആക്ട് നിലനില്‍ക്കില്ലെന്നാണ് നിയമവകുപ്പ് സെക്രട്ടറിയുടെ വാദം. ആര്‍ബിഐക്കു മാത്രമാണ് വിദേശകമ്പനികളുമായുള്ള കരാറുകളും പണമിടപാടുകളും തര്‍ക്കങ്ങളും തീര്‍പ്പുകല്‍പ്പിക്കാനുള്ള അധികാരമുള്ളൂ, മറ്റൊരു അധികാരസ്ഥാനത്തെ ചുമതലപ്പെടുത്തുന്നത് ഫെറ ആക്ടിന്റെ ലംഘനമാണെന്ന് നിയമസെക്രട്ടറി പറയുന്നു. എല്‍ഐസിയും എസ്‌കോര്‍ട്ട് ലിമിറ്റഡും തമ്മിലുള്ള കേസില്‍, ആര്‍ബിഐ നടപടി ചോദ്യം ചെയ്തതിനെതിരെയുള്ള വിധി വ്യാഖ്യാനിച്ചായിരുന്നു വാദം. എന്നാല്‍ വിദേശകമ്പനികള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കണമെങ്കില്‍ ആര്‍ബിഐ അനുമതി വേണം. ഈ അനുമതി ഹാരിസണ്‍ നേടിയിട്ടില്ല എന്നതാണ് രാജമാണിക്യം റിപ്പോര്‍ട്ടില്‍. ആര്‍ബിഐ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നത് കണ്ടെത്തിയതിനെ റിസര്‍വ് ബാങ്ക് നടപടി ചോദ്യം ചെയ്യാനാവില്ല എന്നാക്കി വ്യാഖ്യാനിച്ചു. ഭൂസംരക്ഷണനിയമത്തിലെ കുടിയായ്മയുടെയും ജന്മിയുടെയും അവകാശം നിക്ഷിപ്തമാകുന്നതിനെക്കുറിച്ചുള്ള വ്യവസ്ഥകള്‍ 30 ഏക്കറില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള പ്ലാന്റേഷനുകള്‍ക്ക് ബാധകമല്ലെന്നും അതിനാല്‍ ഹാരിസണിന്റെ അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാകില്ലെന്നുമാണ് നിയമ സെക്രട്ടറിയുടെ മറ്റൊരു വാദം. 2015 നവംബര്‍ 25ന് ഹൈക്കോടതി ജഡ്ജി പി.വി. ആശ പുറപ്പെടുവിച്ച റഫറന്‍സ് ഓര്‍ഡറില്‍ വിദേശകമ്പനിയായ ഹാരിസണ്‍ പേഴ്‌സണ്‍ എന്ന നിര്‍വചനത്തില്‍ വരില്ലെന്നും ഹാരിസന്റെ കര്‍ഷക കുടിയായ്മ വാദം അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കുന്നുണ്ട്. ഹാരിസണ്‍ ആര്‍ബിഐ അനുമതി നേടിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ബിസിനസ് ചെയ്യാനോ വസ്തു കൈവശം വയ്ക്കാനോ കഴിയില്ലെന്ന് കോടതി പറയുന്നു. ഹാരിസണിന്റെ വാദങ്ങള്‍ നിലനില്‍ക്കില്ലെന്ന് പറഞ്ഞ ഹൈക്കോടതി രാജമാണിക്യത്തിന് ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകാമെന്നും ഉത്തരവിട്ടിരുന്നു. ഹൈക്കോടതി തന്നെ രാജമാണിക്യത്തിന് ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോകാമെന്നു പറയുമ്പോഴാണ് കോടതി നടപടിയിലൂടെ മാത്രമേ ഭൂമി ഏറ്റെടുക്കാനാവൂ എന്ന് നിയമസെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഹാരിസണ്‍ ഭൂമി കൈയ്യേറ്റം അനേ്വഷിച്ച മുന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്റെ അധ്യക്ഷതയിലുള്ള ഉന്നതസമിതി ഹാരിസണ്‍ 76000 ത്തിലധികം ഏക്കര്‍ ഭൂമി കൈവശം വയ്ക്കുന്നത് നിയമങ്ങള്‍ ലംഘിച്ചാണെന്ന് കണ്ടെത്തി. പിന്നീട് ജസ്റ്റിസ് എന്‍. മനോഹരന്‍ കമ്മീഷനും റവന്യൂ അസി. കമ്മീഷണര്‍ പി. സജിത്ത് ബാബു കമ്മീഷന്‍ റിപ്പോര്‍ട്ടും ഹാരിസണ്‍ അനധിക്യതമായിട്ട് ഭൂമി കൈവശം വച്ചിരിക്കുന്നതെന്നും ഇത് ഏറ്റെടുക്കണമെന്നുമാണ് ശുപാര്‍ശ നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.