ദേശവിരുദ്ധ ഡോക്യുമെന്ററികള്‍ക്ക് പ്രദര്‍ശനാനുമതി വേണം

Saturday 10 June 2017 10:12 pm IST

തിരുവനന്തപുരം: ദേശീയതയെയും രാജ്യതാത്പര്യത്തെയും വെല്ലുവിളിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വീണ്ടും രംഗത്ത്. തിരുവനന്തപുരത്ത് ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചിത്ര മേളയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സംവിധായകന്‍ കമലിന്റെ ദേശവിരുദ്ധ മുഖം മറനീക്കിയത്. ദേശവിരുദ്ധ ഡോക്യുമെന്ററികള്‍ക്ക് മേളയില്‍ പ്രദര്‍ശനാനുമതി നല്‍കണമെന്ന ആവശ്യവും കമല്‍ ഉന്നയിച്ചു. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാത്ത ചിത്രങ്ങള്‍ സാധാരണ മേളകളില്‍ പ്രത്യേക അനുവാദത്തോടെ മാത്രമേ പ്രദര്‍ശിപ്പിക്കാറുള്ളൂ. ഇക്കുറി മേളയില്‍ സെന്‍സര്‍ ചെയ്യാത്ത മൂന്ന് ഡോക്യുമെന്ററികളുടെ പ്രദര്‍ശനത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയില്ല. രോഹിത് വെമുലയെ കുറിച്ച് പി.എന്‍. രാമചന്ദ്ര സംവിധാനം ചെയ്ത ദി അണ്‍ബെയ്‌റബിള്‍ ബീയിങ് ഓഫ് ലൈറ്റ്‌നസ്, ജെഎന്‍യു വിദ്യാര്‍ഥി പ്രക്ഷോഭത്തെ ആധാരമാക്കി മലയാളി കാത്തു ലൂക്കോസ് സംവിധാനം ചെയ്ത മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്, കശ്മീരിനെക്കുറിച്ച് എന്‍.സി. ഫാസില്‍-ഷാന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ സംവിധാനം ചെയ്ത ഇന്‍ ദി ഷെയ്ഡ്‌സ് ഓഫ് ഫാളന്‍ ചിനാര്‍ എന്നീ ഡോക്യുമെന്ററികള്‍ക്കാണ് അനുമതി നിഷേധിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കമല്‍ രംഗത്തുവന്നത്. രാജ്യതാത്പര്യത്തിനും ദേശീയ മാനബിന്ദുക്കള്‍ക്കും ഉപരി ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് വിലകല്‍പ്പിക്കണമെന്ന വാദമാണ് കമല്‍ ഉന്നയിച്ചത്. ആവിഷ്‌കാരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും കമല്‍ ആരോപിച്ചു. ചലച്ചിത്ര അക്കാദമിയുടെ പ്രതിഷേധം കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. ആവിഷ്‌കാരസ്വാതന്ത്ര്യം അടിച്ചമര്‍ത്തുമോ എന്ന് കണ്ടറിയണമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.