മദ്യനയം: യുഡിഎഫിന് നയമില്ല

Saturday 10 June 2017 10:24 pm IST

തിരുവനന്തപുരം: ഇടതു സര്‍ക്കാറിന്റെ മദ്യ നയത്തിനെതിരെ ജനകീയ പ്രക്ഷോഭം നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും യുഡിഎഫിനും മദ്യം വിനയാകുന്നു. നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശനവുമായി രംഗത്തെത്തി. യുഡിഎഫിന്റെ മദ്യ നയം അപക്വമായിരുന്നുവെന്ന് ഫെയിസ്ബുക്കിലൂടെയാണ് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ സ്ഥാപിച്ചത്. എല്‍ഡിഎഫ് മദ്യനയത്തെ സ്വാഗതം ചെയ്തുകൊണ്ടാണ് ഐഎന്‍ടിയുസി ദേശീയ പ്രസിഡന്റ് ചന്ദ്രശേഖരന്‍ കോണ്‍ഗ്രസിനുള്ളിലെ എതിര്‍പ്പ് പരസ്യമാക്കിയത്. ഇവര്‍ക്കു പുറമെ കെ മുരളീധരനും യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തെവിമര്‍ശിച്ച് രംഗത്തുവന്നിരിക്കുകയാണ്. മദ്യനയം കൊണ്ടാണ് ക്ലിഫ് ഹൗസില്‍ നിന്ന് കോണ്‍ഗ്രസിന് കന്റോണ്‍മെന്റ് ഹൗസിലേക്ക് മാറേണ്ടി വന്നതെന്ന മുരളീധരന്റെ വിമര്‍ശനം ഉമ്മന്‍ ചാണ്ടിയെ ഉദ്ദേശിച്ചാണ്. പിണറായി സര്‍ക്കാറിന്റെ മദ്യനയത്തിനെതിരെ ജനകീയ പ്രക്ഷോഭം നടത്തണമെന്ന നിര്‍ദ്ദേശം വന്നപ്പോളും മുരളി വിമര്‍ശനം ഉയര്‍ത്തി. കഴിഞ്ഞ ഒരു വര്‍ഷം നടത്തിയ ഏതെങ്കിലും യുഡിഎഫ് സമരം വിജയിച്ചോ. രാമേശ്വരത്തെ ക്ഷൗരം പോലെ സമരം നടത്തിയിട്ടു കാര്യമില്ല കെ. മുരളീധരന്‍ പറഞ്ഞു. യുഡിഎഫിന്റെ മദ്യനയം വിജയമോ പരാജയമോ എന്ന കാര്യത്തിലുള്ള ചര്‍ച്ചയല്ല വേണ്ടതെന്നായിരുന്നു വി എം സുധീരന്റെ നിലപാട്. മദ്യത്തിനെതിരായ സമരം രാഷ്ടീയ സമരമാക്കുന്നതിനു പകരം പള്ളിയേയും ബിഷപ്പുമാരേയും ഒക്കെ കൂട്ടുപിടിച്ച് സമരം ചെയ്യുന്നത് ശരിയല്ലെന്ന വാദവും യുഡിഎഫ് യോഗത്തിലുണ്ടായി. മദ്യനയത്തിനെതിരായ സമരത്തിന്റെ കാര്യത്തിലും കോണ്‍ഗ്രസിനോ യുഡിഎഫിനോ വ്യക്തമായ നയമോ സമീപനമോ ഇല്ലന്നാണ് നേതാക്കളുടെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.