കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

Saturday 10 June 2017 10:55 pm IST

മഞ്ചേശ്വരം: ഉദ്യാവരത്ത് മാടയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. കുഞ്ചത്തൂര്‍ ബിഎസ് നഗര്‍ കൊളക്കയിലെ പി ടി മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ഷരീഫ് (7), മുഹമ്മദിന്റെ മകന്‍ അസ്‌ലം (8), ഹസന്‍കുഞ്ഞിയുടെ മകന്‍ അബ്ദുല്‍ അഫ്രീദ് (12) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് ഇവര്‍ ഉദ്യാവര്‍ ക്ഷേത്രത്തിന് പിറകിലുള്ള പാടത്തോട് ചേര്‍ന്നുള്ള തോടും കുളവും ചേരുന്ന ഭാഗത്ത് കുളിക്കാനായി പോയത്. വൈകുന്നേരം നോമ്പ് തുറയുടെ സമയമായിട്ടും കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൂവരെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഴയായതിനാല്‍ കുളത്തില്‍ ചെളി നിറഞ്ഞിരുന്നു. മൃതദേഹങ്ങള്‍ ചെളിയില്‍ പൂണ്ട നിലയിലായിരുന്നു. വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്ത് തടിച്ചുകൂടി. മംഗല്‍പ്പാടി സി എച്ച് സിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തിയിരുന്നു. മാട ജി എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മുഹമ്മദ് ഷരീഫും അസ്‌ലമും. അബ്ദുല്‍ അഫ്രീദ് ഉദ്യാവാര അല്‍സഖഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. സഫ്രീനയാണ് അഫ്രീദിന്റെ മാതാവ്. സഹോദരങ്ങള്‍: അഷ്‌ക്കര്‍, അറഫാത്ത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.