ഹര്‍ത്താല്‍ പൂര്‍ണ്ണം; സമാധാനപരം

Saturday 10 June 2017 10:57 pm IST

കോഴിക്കോട്: സിപിഎം അക്രമത്തിനെതിരെ ഉയര്‍ന്ന ജനകീയ പ്രതിഷേധമായി ജില്ലാ ഹര്‍ത്താല്‍ മാറി. ബിഎംഎസ് ജില്ലാകാര്യാലയം അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ ജില്ലാ ഹര്‍ത്താലിന് ബിഎംഎസ് ആഹ്വാനം ചെയ്തത്. ഹര്‍ത്താല്‍ പൂര്‍ണ്ണവും സമാധാനപരവുമായിരുന്നു. യാതൊരുവിധ അക്രമസംഭവങ്ങളും ഉണ്ടായില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഗ്രാമപ്രദേശങ്ങളില്‍പോലും കടകള്‍ അടച്ച് ജനം ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. സിപിഎം അക്രമത്തിനും അഴിഞ്ഞാട്ടത്തിനും എതിരായ ശക്തമായ താക്കീതായി ഹര്‍ത്താല്‍ മാറി. ഗതാഗതത്തിന് തടസ്സമുണ്ടാക്കില്ലെന്ന് ബിഎംഎസ് നേതാക്കള്‍ അറിയിച്ചിരുന്നെങ്കിലും സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തിയില്ല. അതേസമയം റോഡിലിറങ്ങിയ സ്വകാര്യവാഹനങ്ങള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടായില്ല. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ ഓള്‍ ഇന്ത്യ എന്‍ട്രന്‍സ് പരീക്ഷയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. ബിഎംഎസ്, പ്രഖ്യാപിച്ച ഹര്‍ത്താലിന് ബിജെപി, ഹിന്ദുഐക്യവേദി തുടങ്ങിയ സംഘപരിവാര്‍ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബിജെപി ഓഫീസുകള്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവ ഇന്നലെയും വ്യാപകമായി അക്രമിക്കപ്പെട്ടു. പ്രചരണ ബോര്‍ഡുകളും കൊടിമരവും തകര്‍ത്തു. പലയിടങ്ങളിലും പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയാണ് സിപിഎമ്മുകാര്‍ പ്രകടനങ്ങള്‍ നടത്തിയത്. പോലീസ് കാഴ്ചക്കാരായി നില്‍ക്കുന്ന അവസ്ഥയാണുള്ളത്. സിപിഎമ്മുകാര്‍ നല്‍കുന്ന വ്യാജപരാതികളില്‍പോലും ഉടന്‍ നടപടിയെടുക്കുന്ന പോലീസ് ബിജെപി പ്രവര്‍ത്തകര്‍ നല്‍കുന്ന പരാതികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഹര്‍ത്താലിന്റെ മറവില്‍ സിപിഎം വ്യാപക അക്രമമാണ് വെള്ളിയാഴ്ച ജില്ലയിലുടനീളം നടത്തിയത്. നഗരത്തില്‍ മാത്രം ബിഎംഎസ് ജില്ലാ കാര്യാലയം, എബിവിപി ജില്ലാ കാര്യാലയം, മസ്ദൂര്‍ ഭാരതി കാര്യാലയം, കുരുക്ഷേത്രപ്രകാശന്‍ ബുക്ക്സ്റ്റാള്‍ എന്നിവ അക്രമിച്ചിരുന്നു. ജില്ലയിലുടനീളം ആര്‍എസ്എസ്, ബിജെപി, ബിഎംഎസ് ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെയുള്ള സിപിഎം അക്രമങ്ങള്‍ക്കെതിരെയുള്ള കനത്ത പ്രതിഷേധമായി ഹര്‍ത്താല്‍ മാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.