മോദി മെട്രോയില്‍ യാത്ര ചെയ്‌തേക്കും

Saturday 10 June 2017 11:19 pm IST

കൊച്ചി: മെട്രോ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനത്തിന് ഒരുക്കം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 17ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം നിര്‍വഹിക്കുക. സുരക്ഷയുടെ ഭാഗമായി ഉദ്ഘാടനച്ചടങ്ങിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. പ്രത്യേക ക്ഷണിതാക്കളായ 3,500 പേര്‍ക്ക് മാത്രമാകും പ്രവേശനം. വെല്ലിങ്ടണ്‍ ഐലന്‍ഡിലെ നാവിക വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലാകും പ്രധാനമന്ത്രിയെത്തുക. നാവികത്താവളത്തിലെയോ നഗരത്തിലെയോ അതിഥി മന്ദിരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തും. തുടര്‍ന്ന് കലൂര്‍ സ്റ്റേഡിയത്തിലെത്തും. ഇതിനു ശേഷം മെട്രോ യാത്രയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലുണ്ട്. നാളെ തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ പരിപാടിയില്‍ അന്തിമരൂപമാകും. സ്റ്റേഡിയത്തിലെ വേദി പൊതുമരാമത്തു വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഇവന്റ് മാനേജ്‌മെന്റ് ടീം ഒരുക്കും. കനത്ത സുരക്ഷയിലാണ് വേദിയുടെയും പന്തലിന്റെയും നിര്‍മ്മാണം. തൊഴിലാളികളുടെ പേരു വിവരങ്ങള്‍ നേരത്തെ തന്നെ പോലീസിന് കൈമാറും. വേദി നിര്‍മ്മാണത്തിനു മുന്നോടിയായി സിസിടിവി സ്ഥാപിക്കും. അവിടെ സന്ദര്‍ശിക്കുന്നവരുടെയും തൊഴിലാളികളുടെയും ദൃശ്യങ്ങള്‍ പകര്‍ത്തും. സുരക്ഷാ സംവിധാനവും ഒരുക്കങ്ങളും വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ മുഹമ്മദ്. വൈ. സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.