ബൈപ്പാസ് റോഡില്‍ മണ്ണിടിയുന്നു; അപകട ഭീഷണിയില്‍ യാത്രക്കാര്‍

Saturday 10 June 2017 11:45 pm IST

ശ്രീകാര്യം: ബൈപ്പാസ് നിര്‍മാണം നടക്കുന്ന കുഴിവിളയില്‍ റോഡിന്റെ ഇരുവശങ്ങളിലുമുള്ള മണ്ണ് ഇടിയുന്നത് വഴിയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. നാല്‍പ്പത് അടിയോളം കുഴിച്ചാണ് ഇവിടെ ബൈപ്പാസ് റോഡ് നിര്‍മിച്ചിരിക്കുന്നത്. ഇത്രയും പൊക്കത്തില്‍ മണ്ണ് ഇടിഞ്ഞ് ബൈപ്പാസ് റോഡിലേക്ക് വീഴുന്നത് ഇതുവഴിയുള്ള യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ദിവസേന നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്നതിനാല്‍ മണ്ണിടിയുന്നത് അപകടം ക്ഷണിച്ച് വരുത്തുകയാണ്. വെള്ളിയാഴ്ച രാത്രിയാണ് കുഴിവിള ജംഗ്ഷന് സമീപം ആദ്യം മണ്ണിടിഞ്ഞത്. തുടര്‍ന്ന് ശനിയാഴ്ച ഉച്ചയ്ക്കും ഇതേ സ്ഥലത്ത് മണ്ണിടിഞ്ഞു. മണ്ണിടിഞ്ഞ് ബൈപ്പാസ് റോഡിലേക്കാണ് വീഴുന്നത്. നിരന്തരം മണ്ണിടിഞ്ഞിട്ടും അധികൃതര്‍ നടപടി എടുത്തിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. രണ്ടാഴ്ച മുമ്പ് കുഴിവിള യുപിഎസിനു സമീപവും നിര്‍മാണത്തിനിടയില്‍ മണ്ണിടിഞ്ഞ് വീണ് സ്‌കൂളിന്റെ പാര്‍ശ്വഭിത്തി ഉള്‍പ്പെടെ തകര്‍ന്നിരുന്നു. ഇവയുടെ പണി നടന്നുവരവെയാണ് നൂറ് മീറ്റര്‍ മാറി എതിര്‍വശത്ത് വീണ്ടും മണ്ണിടിഞ്ഞത്. മണ്ണിടിഞ്ഞ സ്ഥലത്ത് മഴവെള്ളം വീഴാതിരിക്കാന്‍ ശനിയാഴ്ച വൈകിട്ടോടെ ടാര്‍പ്പാളിന്‍ ഇട്ട് മൂടിയിരിക്കുകയാണ്. മണ്ണിടിഞ്ഞ് വീണതിന്റെ മുകളിലൂടെയാണ് അശാസ്ത്രീയമായ രീതിയില്‍ സ്ഥലവാസികള്‍ക്ക് വേണ്ടിയുള്ള സര്‍വ്വീസ് റോഡ് നിര്‍മിച്ചിരിക്കുന്നത്. ഇതുവഴി വലിയ വാഹനങ്ങള്‍ പോകുന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.