ലങ്കന്‍ വ്യോമസേനാപരിശീലകരെ തിരിച്ചയക്കണമെന്ന്‌ വീണ്ടും ജയലളിത

Friday 13 July 2012 9:40 pm IST

ചെന്നൈ: ബംഗളൂരുവില്‍ പരിശീലനത്തിനെത്തിയ ശ്രീലങ്കന്‍ വ്യോമസേനാംഗങ്ങളെ തിരിച്ചയക്കണമെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജെ.ജയലളിത കേന്ദ്രത്തോട്‌ വീണ്ടും അഭ്യര്‍ത്ഥിച്ചു. ശ്രീലങ്കന്‍ സര്‍ക്കാരിനോട്‌ ഇന്ത്യകാണിക്കുന്ന വിധേയത്വം പരിതാപകരമാണെന്നും അവര്‍ പ്രസ്താവനയിലൂടെ പറഞ്ഞു. ചെന്നൈയ്ക്കടുത്തുള്ള തന്വാരം വ്യോമ ആസ്ഥാനത്താണ്‌ ശ്രീലങ്കന്‍ വ്യോമസേനയില്‍ നിന്നുള്ളവര്‍ക്ക്‌ പരിശീലനം നല്‍കാന്‍ ആദ്യം തീരുമാനിച്ചത്‌. എന്നാല്‍ എഐഎഡിഎംകെ, ഡിഎംകെ, എംഡിഎംകെ തുടങ്ങി തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളെല്ലാം ഇതിനെതിരെ ശക്തമായി രംഗത്ത്‌ വന്നിരുന്നു. തുടര്‍ന്ന്‌ ഇവരെ പരിശീലനത്തിനായി ബംഗളൂരുവിലെ യെലഹാങ്ക വ്യോമാസ്ഥാനത്തെത്തിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ക്ക്‌ ഇന്ത്യയില്‍ പരിശീലനം നല്‍കുന്നത്‌ അവസാനിപ്പിക്കണമെന്നും തിരികെ ലങ്കയിലേക്ക്‌ അയക്കണമെന്നുമാണ്‌ ജയലളിതയുടെ ആവശ്യം. ലങ്കന്‍ പരിശീലകരെ തിരിച്ചയക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താത്തതിന്‌ യുപിഎ സഖ്യകക്ഷിയംഗമായ ഡിഎംകെയേയും ജയലളിത വിമര്‍ശിച്ചു. തമിഴ്‌ പുലികള്‍ക്കെതിര ലങ്കന്‍ സര്‍ക്കാര്‍ നടത്തിയ യുദ്ധത്തില്‍ ലങ്കയിലെ നൂറ്‌ കണക്കിന്‌ തമിഴ്‌ വംശജരെ സൈന്യം ക്രൂരമായി പീഡിപ്പിച്ചതിനെത്തുടര്‍ന്നാണ്‌ ശ്രീലങ്കക്കെതിരെ തമിഴ്‌നാട്‌ ശക്തമായ നിലപാട്‌ സ്വീകരിച്ചത്‌.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.