ധര്‍മ്മചിന്തയുടെ തുടക്കവും ആധാരവും

Monday 12 June 2017 12:55 pm IST

ജീവിതത്തില്‍ ആദ്യത്തെ നാലില്‍ ഒരുഭാഗം വിദ്യാഭ്യാസത്തിനുവേണ്ടി വിനിയോഗിയ്ക്കുന്നു, പിന്നെയൊന്ന് ഉദ്യോഗത്തിനും വരുമാനത്തിനുമായും. ഇതുരണ്ടുമാകുമ്പോള്‍, പകുതി കഴിഞ്ഞു. പിന്നത്തെ പകുതി അടുത്തൂണ്‍ പറ്റുന്ന കാലമാണ്. ഇതു ബാഹ്യവൃത്തികളില്‍നിന്നുള്ള വിരാമംമാത്രമേ ആകുന്നുള്ളു. അതോടെ ലൗകികത്വരയില്‍നിന്നും പിന്‍വലിഞ്ഞു സ്വന്തം ആന്തരവ്യക്തിത്വത്തെ പവിത്രവും ആനന്ദകരവുമാക്കാനുള്ള പ്രയത്‌നം തീവ്രമാക്കുകയാണ് വേണ്ടത്.  ബാഹ്യവിരാമം ആന്തരപ്രയത്‌നത്തിന്റെ നാന്ദിയാണ്. നിലവിലുള്ളവര്‍ പെന്‍ഷന്‍പറ്റുമ്പോഴേ പുതിയ തലമുറയ്ക്കു പ്രവൃ ത്തിമണ്ഡലത്തില്‍ പ്രവേശിയ്ക്കാന്‍ അവസരവുമുണ്ടാകൂ.അതുവരെ സ്വന്തം ഉള്‍വ്യക്തിത്വപരിഷ്‌കരണത്തെപ്പറ്റി ചിന്തിയ്ക്കാനോ പ്രവര്‍ത്തിയ്ക്കാനോ കഴിയാതിരുന്ന വിടവു നികത്തിയെടുക്കാന്‍ അടുത്തൂണ്‍പറ്റല്‍ വഴിയൊരുക്കുന്നു. ഇങ്ങനെ ജീവിതത്തിന്റെ പകുതിഭാഗം പഠിപ്പിലും തൊഴിലിലും വരുമാനമുണ്ടാക്കുന്നതിലും, പിന്നെയുള്ളത് ഉള്‍വ്യക്തിത്വപവിത്രീകരണത്തിലുമെന്നത് എങ്ങനെനോക്കിയാലും മൂല്യപ്രദവും സ്വയംപൂരകവുമായ വ്യവസ്ഥയാണ്. ഇതില്‍ കാലോചിതമായി ചില വ്യത്യാസങ്ങളോ പരിഷ്‌കാരങ്ങളോ വരുത്തേണ്ടിവരും, അതില്‍ തെറ്റില്ലതാനും. അതുവിട്ടാല്‍, വര്‍ണാശ്രമഘടന എന്നും പ്രസക്തവും പ്രായോഗികവും തന്നെ.മനുഷ്യരില്‍ ജന്മനാ കാണുന്ന പ്രേരണാവ്യത്യാസങ്ങളെ കണക്കിലെടുത്തുകൊണ്ട്, ഇവയെ പരസ്പരപൂരകമാക്കി, വ്യക്തിയ്ക്കും കുടുംബത്തിനും സമാജത്തിനും വിശ്വത്തിനുതന്നേയും ഭദ്രത ഉറപ്പുവരുത്തുംവിധമാണ് ധര്‍മഘടനയ്ക്കു രൂപംനല്കിയിരിയ്ക്കുന്നത്. ഭാരതീയരെല്ലാവരും ഇതിനെക്കുറിച്ച് അറിഞ്ഞിരിയ്‌ക്കേണ്ടതാണ്. എത്രകണ്ട് ഈ ധര്‍മവ്യവസ്ഥ നടപ്പില്‍വരുത്തി അനുഷ്ഠാനമാക്കിത്തീര്‍ക്കാന്‍ പുറപ്പെടുന്നുവെന്നതാണ് കൂടുതല്‍ മുഖ്യം. ഇതിനു ചിന്തകന്മാരും ധര്‍മതത്പരരുംതന്നെ വേണം ഉത്തരംനല്കാന്‍. ഭൂമുഖത്തു നന്നേ ചെറിയതുമുതല്‍ വളരെ വലിയതുവരെ ഒട്ടനവധി ജീവരാശികളുണ്ട്. കാലില്ലാത്തവയില്‍നിന്നുതുടങ്ങി, ഒന്നും രണ്ടും മൂന്നും നാലും അനേകവും കാലുകളുള്ളവയേയും ഇതില്‍ കാണാം. ഒട്ടകം, കണ്ടാമൃഗം, ആന, സിംഹം എന്നീ പ്രബലമൃഗങ്ങളുണ്ട്. ഏറ്റവും വലിയ ജന്തു തിമിംഗിലമാണ്. ടണ്‍കണക്കിനു തൂക്കമുള്ള ഇവ കരയില്‍പ്പെട്ടാല്‍ സ്വന്തംഭാരംകൊണ്ട് ശ്വാസകോശം ഞെരുങ്ങി ശ്വസനപ്രക്രിയതന്നെ തടസ്സപ്പെടുമത്രെ. സ്തനപായിയാണ് ഈ ബൃഹജ്ജലജീവി. ഭൂമിയ്ക്കു സമാന്തരമായാണ് ഇവയ്‌ക്കെല്ലാം നട്ടെല്ല്. കുരങ്ങുമാത്രമാണ് ഇതിന് ഒരളവുവരെ വ്യതിയാനം. നാലുകാലില്‍ നടന്ന് ഓടിച്ചാടി സഞ്ചരിയ്ക്കുന്ന കുരങ്ങന്മാര്‍ക്കു തലയുയര്‍ത്തി ഇരിയ്ക്കാനും നില്ക്കാനും കഴിയും. മനുഷ്യരുടെ കഥ അങ്ങനെയല്ല. അവര്‍ രണ്ടുകാലില്‍ സഞ്ചരിയ്ക്കുന്നവരാണ്. പിടിയ്ക്കാനും, കൈവേലചെയ്യാനും മറ്റുമേ കൈകള്‍ ഉപയോഗിയ്ക്കാറുള്ളു. പ്രവര്‍ത്തനവേളകളിലൊക്കെ അവര്‍ ഇരിയ്ക്കയോ നില്ക്കയോ ആണ് പതിവ്. അതുവഴി അവരുടെ ദേഹം ഭൂമിയില്‍ കുത്തനെയാകും നില്ക്കുക; എന്നുവെച്ചാല്‍ ഉത്തമാംഗമെന്നുപറയുന്ന തല അവരില്‍ എപ്പോ ഴും മുകളിലാണ്.  തലയാണ് മനുഷ്യജീവിതത്തില്‍ പ്രധാനം. ഇത് അങ്ങനെത്തന്നെയല്ലേയെന്ന് ഓരോരുത്തനും സ്വയം ചോദിച്ചുനോക്കേണ്ടതാണ്.ഈ അടിസ്ഥാനത്തില്‍ നരജന്മം മറ്റുള്ളവയില്‍നിന്നും വ്യത്യസ്തമാണെന്നു സമ്മതിയ്ക്കാതെ വയ്യ. എവിടംകൊണ്ടാണ് ഇതെന്നുകൂടി വ്യക്തമായറിയണം. ആഹാരനിദ്രാഭയമൈഥുനാനിസമാനി ചൈതാനി നൃണാം പശൂനാംജ്ഞാനം നരാണാമധികോ വിശേഷോജ്ഞാനേന ഹീനാഃ പശുഭിഃ സമാനാഃ (ഹിതോപദേശം)ആഹാരം, ഉറക്കം, മറ്റുള്ളവയില്‍നിന്നുള്ള ഭയം, ദാമ്പത്യബന്ധം, ഇവയൊക്കെ മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും സമമാണ്. മൃഗങ്ങളേക്കാള്‍ ശ്രേഷ്ഠമാണ് മനുഷ്യജന്മമെന്ന് ഇതിന്റെ പേരില്‍ പറഞ്ഞുകൂടാ. മറിച്ച്, പലപ്പോഴും മനുഷ്യന്‍ കളവും ചതിയും ബലവും പ്രയോഗിച്ചു കൂടുതല്‍ ക്രൂരവും വഞ്ചനാപരവുമായി പ്രവര്‍ത്തിയ്ക്കുന്നു എന്നുകൂടി പറയാം. മനുഷ്യന്റെ വിശേഷത അപ്പോള്‍ എവിടംകൊണ്ടാണെന്നു ചോദിയ്‌ക്കേണ്ടിവരുന്നു. മനുഷ്യജന്മവൈശിഷ്ട്യം അറിവിലാണ്, ജ്ഞാനത്തിലാണ്. വിവേകമാണ് അതിന്റെ തുടക്കം. ജ്ഞാനമില്ലാതെ ജീവിയ്ക്കുന്നവര്‍ മൃഗതുല്യര്‍ തന്നെ. ജീവിതമെന്ത്, അതിലെ ലക്ഷ്യമെന്ത്, അതെങ്ങനെ കൈവരിയ്ക്കാം? തിന്നും കുടിച്ചും ഉറങ്ങിയും ജീവിച്ചാല്‍പ്പോരാ. ജീവിതത്തിന്റെ അര്‍ഥവും മൂല്യവും ലക്ഷ്യവും ഉള്‍ക്കൊള്ളുന്ന നിത്യക്രമങ്ങള്‍ ആവശ്യമാണ.് അവയെന്തെല്ലാം?ഇങ്ങനെ പലതരത്തിലും വിചിന്തനംചെയ്തു കടഞ്ഞെടുത്ത തത്ത്വമൂല്യസിദ്ധാന്തങ്ങളെയാണ് ധര്‍മ്മമെന്നു പറയുന്നത്, അവയെ പിന്തുടരുന്നതു ധര്‍മ്മാചരണവും. ധര്‍മ്മത്തിന്റെ ഉദ്ദേശ്യം മനുഷ്യജീവിതത്തെ ചിട്ടപ്പെടുത്തി മൂല്യബദ്ധമാക്കുന്നതത്രെ. ഈ മൂല്യങ്ങള്‍ക്ക് അവനവന്‍, സ്വകുടുംബം, സമാജം, ഇഹപരലോകങ്ങള്‍, ഇങ്ങനെ എല്ലാറ്റിനോടും ബന്ധവും പ്രസക്തിയുമുണ്ട്. അനാദിയായ നമ്മുടെ ധര്‍മ സിദ്ധാന്തങ്ങള്‍ ഇതൊക്കെ ഉള്‍ക്കൊള്ളുന്നതത്രെ. ഇതില്‍ പ്രധാനഘടകങ്ങളാണ് വര്‍ണവും ആശ്രമവും. വര്‍ണസിദ്ധാന്തം മനുഷ്യരാശിയെ മനസ്സിന്റേയും ബുദ്ധിയുടേയും സ്വഭാവമനുസരിച്ചു തരംതിരിയ്ക്കുന്നു. ആശ്രമമെന്നതാകട്ടെ, ഓരോ വ്യക്തിയുടേയും ജീവിതത്തെ നാലു ദശകളാക്കി തിരിച്ച് ഓരോന്നിലും അനുവര്‍ത്തിയ്‌ക്കേണ്ട ചിട്ടകള്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്യുന്നു. നാലുവര്‍ണങ്ങള്‍ കസേരക്കാലുകള്‍പോലെവര്‍ണമെന്ന വാക്കിനു നിറമെന്നാണല്ലോ അര്‍ഥം. ദേഹത്തിന്റെ നിറം ഉടനടി വ്യക്തമാണ്. കണ്ണാണ് അതുനോക്കി തിട്ടപ്പെടുത്താന്‍. ഉള്‍നിറം ഇന്ദ്രിയങ്ങള്‍ക്കു വെളിവാവില്ല. ആലോചിച്ച് അനുമാനിച്ചുവേണം മനസ്സിന്റേയും ബുദ്ധിയുടേയും നിറം കണ്ടെത്താന്‍.ഭാരതഭൂമിയില്‍ ഇതുസംബന്ധിച്ച ആലോചനാഗവേഷണങ്ങള്‍ വേദകാലംമുതല്‌ക്കേ നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് അവ അന്നുമുതലിന്നോളം നമ്മുടെ സമാജത്തിനെ സ്വാധീനിച്ചുനില്ക്കുന്നതും!നാലുവര്‍ണങ്ങള്‍ കസേരക്കാലുകള്‍പോലെയാണ് സമാജത്തിന.്  ഉള്‍ഗ്രഥനത്തോടെ, പാരസ്പര്യവും കെട്ടുറുപ്പുമായി സമാജം പ്രവര്‍ത്തിച്ചു മുന്നേറണമെങ്കില്‍ ഈ നാലും ആവശ്യമാണ്. ബുദ്ധിജീവികള്‍, ഭരണവിദഗ്ധര്‍, വ്യവസായകുശലന്മാര്‍, മെയ്യൂക്കുമായി പ്രവര്‍ത്തിയ്ക്കുന്നവര്‍, എല്ലാവര്‍ക്കും ആദര്‍ശംരചിച്ചുകൊണ്ട് ഒതുങ്ങി ആന്തരധനവുമായി കഴിയുന്നവര്‍, ഇങ്ങനെ വിവിധ വിഭാഗക്കാരുണ്ടെങ്കിലേ സമാജം ശക്തവും സമ്പന്നവുമാകൂ. ഈ വൈവിധ്യം നാം ആവശ്യപ്പെട്ടതുകൊണ്ട് നിലവില്‍വരുത്താന്‍ സാധ്യമല്ല. പ്രകൃതി രചിക്കുന്ന വൈവിധ്യത്തെ ചികഞ്ഞുനോക്കി കണ്ടെത്തി വിലയിരുത്തുകയും, അതനുസരിച്ചു പ്രവര്‍ത്തനമണ്ഡലങ്ങള്‍ ചിട്ടപ്പെടുത്തി ഓരോരുത്തര്‍ക്കും വേണ്ടത്ര ഉത്സാഹവും ആത്മനിര്‍ബന്ധവും നല്കയും മാത്രമാണ് ധര്‍മചിന്തകന്മാര്‍ ചെയ്യുന്നത്.  ഈ പശ്ചാത്തലത്തില്‍വേണം വര്‍ണക്രമങ്ങളെപ്പറ്റിയുള്ള നിര്‍വചനങ്ങളെ ഗ്രഹിയ്ക്കാന്‍. ഇക്കാര്യത്തില്‍ വികാരാധീനതയല്ല, വിശേഷബുദ്ധിയും വിവേകവുമാണ്് അനുവാചകരെ നയിയ്‌ക്കേണ്ടത്.അവനവന്റെ മനസ്സിനും ബുദ്ധിയ്ക്കും ചേരുംവിധമുള്ള ജീവിതക്രമവും ജീവനോപായവും പിന്തുടരുക, അതുവഴി മറ്റുള്ളവര്‍ക്ക്, സമാജത്തിനുതന്നെ, പൂരകമായി കഴിയുക, അതേസമയം ചുറ്റുമുള്ള സമ്മിശ്രജനതതിയെ സമഞ്ജസമായി കണ്ട് ആസ്വദിച്ച്, ആകാവുന്നതു വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും മറ്റും സഹായിയ്ക്കുക, എതിര്‍പ്പിനുപകരം എല്ലായിടത്തും ഇണക്കം പുലര്‍ത്തുക, താനുള്‍ക്കൊള്ളുന്ന സമാജത്തെ ഉദ്ബുദ്ധവും ഭദ്രവും ശക്തവുമാക്കുക, ഇതൊക്കെയാണ് ധര്‍മനിര്‍വചനംകൊണ്ട് ചിന്തകന്മാര്‍ ഉദ്ദേശിയ്ക്കുന്നതെന്നു പ്രത്യേകം ശ്രദ്ധിയ്ക്കണം.

സ്വാമി ഭൂമാനന്ദതീര്‍ഥര്‍ രചിച്ച ധര്‍മമൂല്യങ്ങള്‍ ഭാഗവതവാക്യങ്ങളില്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന്