പ്രാദേശിക വികസന ഫണ്ട്‌ ചെലവഴിക്കാത്ത എംഎല്‍എ മാര്‍ രാജിവെക്കണം: കെ. സുരേന്ദ്രന്‍

Friday 13 July 2012 9:54 pm IST

കാസര്‍കോട്‌ : സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പ്രാദേശിക വികസന ഫണ്ട്‌ വിനിയോഗിക്കാത്ത കാസര്‍കോട്‌ എം എല്‍ എ എന്‍ എ നെല്ലിക്കുന്നും, മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുല്‍റസാഖും ഉത്തരവാദിത്വം ഏറ്റെടുത്ത്‌ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന്‌ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ കാസര്‍കോട്‌ പ്രസ്‌ ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മണ്ഡലത്തിന്റെ വികസന കാഴ്ചപ്പാടിനെക്കുറിച്ച്‌ ഒരു ധാരണയുമില്ലാത്ത രണ്ട്‌ എം എല്‍ എ മാരും വികസന ഫണ്ടില്‍ നിന്ന്‌ ഒരു രൂപപോലും ചിലവഴിക്കാതെ ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി വാദിക്കാന്‍ യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിന്റെ വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുമെന്ന്‌ ജനങ്ങള്‍ക്ക്‌ വാഗ്ദാനം നല്‍കി അവരുടെ വോട്ടു വാങ്ങി വിജയിച്ച എം എല്‍ എ മാര്‍ തങ്ങളുടെ ഉത്തരവാദിത്വം വിസ്മരിക്കുകയാണ്‌. ഇതു ജനങ്ങളോടുള്ള വഞ്ചനയും, വെല്ലുവിളിയുമാണ്‌.
പി ബി അബ്ദുല്‍റസാഖിന്‌ ഫണ്ടിനെക്കുറിച്ചും, വികസനത്തെക്കുറിച്ചും യാതൊരു കാഴ്ചപ്പാടുമില്ല. നിയമസഭാ നടപടികള്‍ പോലും അറിയാത്ത ആളാണ്‌ മഞ്ചശ്വേരം എം എല്‍ എ. തീവ്രവാദ ബന്ധമുള്ള കേസുകളില്‍പ്പെടുന്നവരെ മോചിപ്പിക്കുന്നതിന്‌ അധികൃതരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇരു എം എല്‍ എ മാര്‍ക്കും സമയമുണ്ട്‌. എന്നാല്‍ വികസന കാര്യത്തില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന ജില്ലയിലെ മണ്ഡലങ്ങളെ ശ്രദ്ധിക്കാന്‍ ഇരുവരും തയ്യാറാവുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്തെ മറ്റ്‌ 138 എം എല്‍ എ മാരും ഫണ്ട്‌ യഥാവിധം വിനിയോഗിച്ച്‌ തങ്ങളുടെ മണ്ഡലത്തിന്റെ വികസനത്തിന്‌ ലക്ഷ്യമിടുമ്പോള്‍ കാസര്‍കോട്‌, മഞ്ചേശ്വരം എം എല്‍ എ മാര്‍ക്ക്‌ ബിസിനസ്‌ ആവശ്യത്തിന്റെ പേരില്‍ ഗള്‍ഫ്‌ യാത്ര നടത്താനാണ്‌ താല്‍പ്പര്യമെന്നും അദ്ദേഹം ആരോപിച്ചു.
കെ ടി ജയകൃഷ്ണന്‍ മാസ്റ്ററെ വധിച്ചത്‌ താനാണെന്ന്‌ ടി.കെ രജീഷ്‌ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ പുന:രന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത്‌ എന്തുകൊണ്ടാണെന്ന്‌ വ്യക്തമാക്കണം. ടി പി വധം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും സി പി എമ്മിന്റെ ഉന്നത നേതാക്കളാണെന്ന്‌ മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യത്തിനു മറുപടിയായി സുരേന്ദ്രന്‍ പറഞ്ഞു. എം എം മണിയുടെ വെളിപ്പെടുത്തലുണ്ടായപ്പോള്‍ സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട്‌ അയച്ചെങ്കിലും ജയകൃഷ്ണന്‍ മാസ്റ്ററുടെയും, സി പി എം പ്രവര്‍ത്തകന്‍ കാര്യാട്ടുപുറത്തെ സജീവന്റെയും മരണത്തെക്കുറിച്ച്‌ എന്തുകൊണ്ടാണ്‌ സര്‍ക്കാര്‍ അന്വേഷണം നടത്താതിരിക്കുന്നത്‌. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുന്ന കാര്യം പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ ശ്രീകാന്തും സംബന്ധിച്ചു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.