ഏഴിമല നേവല്‍ അക്കാദമിയില്‍ സൗജന്യ ബിടെക് പഠനം

Sunday 11 June 2017 11:07 pm IST

കടലോളം തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന ഭാരത നാവികേസനയുടെ കീഴില്‍ കേരളത്തിലെ ഏഴിമല നാവിക അക്കാദമിയില്‍ ശാസ്ത്രവിഷയങ്ങളില്‍ പ്ലസ് ടു വിജയിച്ച സമര്‍ത്ഥരായ ആണ്‍കുട്ടികള്‍ക്ക് സൗജന്യമായി ബിടെക് പഠിക്കാം. സബ് ലെഫ്റ്റനന്റ് പദവിയില്‍ ജോലി നേടാം. ജെ.ഇ.ഇ മെയിന്‍ 2017 ല്‍ യോഗ്യത നേടിയിട്ടുള്ളവര്‍ക്കാണ് അക്കാദമിയുടെ ഈ അവസരം പ്രയോജനപ്പെടുത്താനാവുക. ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍ 2018 ജനുവരിയിലാരംഭിക്കുന്ന 10+2 (ബിടെക് കേഡറ്റ് എന്‍ട്രി) സ്‌കീമിലേക്ക് ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകര്‍ അവിവാഹിതരായ ആണ്‍കുട്ടികളായിരിക്കണം. 1988 ജൂലായ് രണ്ടിനും 2001 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം. ഹയര്‍ സെക്കന്‍ഡറി/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം 70 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി പ്ലസ്ടു വിജയിച്ചിരിക്കണം. പത്ത് അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുണ്ടാകണം. ഉയരം 157 സെ.മീറ്ററില്‍ കുറയരുത്. അതിനനുസൃതമായ ഭാരവും ഉണ്ടായിരിക്കണം. നല്ല കാഴ്കശക്തി വേണം. വൈകല്യങ്ങള്‍ പാടില്ല. ഭാരതപൗരന്മാരെയാണ് പരിഗണിക്കുക. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും നിര്‍ദ്ദേശങ്ങള്‍ക്കും www.joinindiannavy .gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്. ജൂണ്‍ 25 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷയുടെ ഒരു പ്രിന്റൗട്ടും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സര്‍വ്വീസസ് സെലക്ഷന്‍ ബോര്‍ഡ് (എസ്എസ്ബി) മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകുമ്പോള്‍ കൈവശം കരുതണം. ജെ.ഇ.ഇ മെയിന്‍ 2017 അഖിലേന്ത്യാ റാങ്ക് പരിഗണിച്ചാണ് പ്രാഥമിക സെലക്ഷന്‍. അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി എസ്എസ്ബി കോയമ്പത്തൂര്‍, ബാംഗ്ലൂര്‍, വിശാഖപട്ടണം, ഭോപ്പാല്‍ കേന്ദ്രങ്ങളിലായി ജൂലായ്/ഒക്‌ടോബര്‍ മാസത്തില്‍ ഇന്റര്‍വ്യൂ നടത്തും. ഇന്റര്‍വ്യൂ അറിയിപ്പ് ഇ-മെയില്‍, എസ്എംഎസ് മുഖാന്തിരം ലഭ്യമാകും. രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഇന്റര്‍വ്യൂ. 5 ദിവസത്തോളം നീളുന്ന ഇന്റര്‍വ്യുവില്‍ ആദ്യഘട്ടം ഇന്റലിജന്‍സ് ടെസ്റ്റ്, പിക്ചര്‍ പെര്‍സെപ്ഷന്‍സ് ടെസ്റ്റ്, ഗ്രൂപ്പ്ചര്‍ച്ച എന്നിവ നടക്കും. ഇതില്‍ പരാജയപ്പെടുന്നവരെ തിരിച്ചയക്കും. രണ്ടാംഘട്ടം സൈക്കോളജിക്കല്‍ ടെസ്റ്റിംഗ്, ഗ്രൂപ്പ് ടെസ്റ്റിംഗ്, ഇന്റര്‍വ്യു എന്നിവയാണ് നടത്തുക. ഇതില്‍ യോഗ്യത നേടുന്നവരെ വൈദ്യപരിശോധനക്ക് വിധേയരാക്കും. ആദ്യമായി എസ്എസ്ബി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്ക് തേര്‍ഡ് ഏസി റെയില്‍ഫെയര്‍ നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് നാലുവര്‍'ഷം ബിടെക് കോഴ്‌സില്‍ പഠന-പരിശീലനങ്ങള്‍ നല്‍കുന്നതാണ്. അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, മെക്കാനിക്കല്‍, നേവല്‍ ആര്‍ക്കിടെക്ചര്‍, ഇലക്‌ട്രോണിക് ആന്റ് കമ്മ്യൂണിക്കേഷന്‍ ബ്രാഞ്ചുകളിലാണ് ബിടെക് കോഴ്‌സില്‍ പഠനാവസരം. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയാണ് വിജയികള്‍ക്ക് ബിടെക് ബിരുദം സമ്മാനിക്കുക. ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിവയെല്ലാം സൗജന്യമാണ്. പഠന-പരിശീലന ചെലവുകളെല്ലാം നാവികസേന വഹിക്കും. പരിശീലനത്തില്‍ തിളങ്ങുന്നവര്‍ക്ക് സബ്‌ലെഫ്റ്റനന്റ് പദവിയില്‍ 15600-39100 രൂപ ശമ്പള സ്‌കെയിലില്‍ സ്ഥിരം ജോലിയും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ www.j oinindi annavy.g ov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.