എന്‍ഡിടിവി: സിബിഐ റെയ്ഡിന് കള്ളപ്പണം വെളുപ്പിക്കലുമായും ബന്ധം

Sunday 11 June 2017 9:40 pm IST

പ്രണോയ് റോയ്

ന്യൂദല്‍ഹി: ഐസിഐസിഐ ബാങ്കിലെ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് എന്‍ഡിടിവി ചെയര്‍മാന്‍ പ്രണോയ് റോയ്, ഭാര്യയും മാനേജിംഗ് ഡയറക്ടറുമായ രാധികാ റോയ്, ഇവരുടെ കമ്പനിയായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ക്കെതിരായ സിബിഐ അന്വേഷണത്തിന് കള്ളപ്പണം വെളുപ്പിക്കലുമായും ബന്ധം. കഴിഞ്ഞ ദിവസം ഇവരുടെ ഓഫീസുകളിലും വസതിയിലുമുണ്ടായ സിബിഐ റെയ്ഡ് കള്ളപ്പണം വെളുപ്പിച്ചതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

2011ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് എന്‍ഡിടിവിക്കെതിരെ കള്ളപ്പണ നിക്ഷേപത്തില്‍ അന്വേഷണം ആരംഭിച്ചത്. ഐസിഐസിഐ ബാങ്കിലെ വായ്പാ തിരിച്ചടവില്‍ 48 കോടി രൂപ അനധികൃതമായി സമ്പാദിച്ചതും ബാങ്കിംഗ് നിയമങ്ങള്‍ ലംഘിച്ചതും ചൂണ്ടിക്കാട്ടിയാണ് പ്രണോയ് റോയ്, രാധികാ റോയ്, ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ സിബിഐ കേസെടുത്തത്. 403.85 കോടി രൂപ പ്രണോയ് റോയ് മറച്ചുവെച്ചതായി സിബിഐ പറയുന്നു. സിബിഐയുടെ പ്രഥമവിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കള്ളപ്പണം വെളുപ്പിച്ചതില്‍ പുതിയ അന്വേഷണത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തയ്യാറാകുമെന്നും സൂചനയുണ്ട്.

രാജ്യത്തിന് അകത്തും പുറത്തും കടലാസ് കമ്പനികളുണ്ടാക്കി വന്‍തോതില്‍ കള്ളപ്പണം ചാനലിലേക്ക് ഒഴുക്കിയെന്ന പരാതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെയും ആദായ നികുതി വകുപ്പിന്റെയും അന്വേഷണം വര്‍ഷങ്ങളായി നടക്കുന്നത്. 1600 കോടി രൂപയുടെ നിക്ഷേപം എന്‍ഡിടിവി വെളിപ്പെടുത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് പറയുന്നു. 2006 വരെ രണ്ട് അനുബന്ധ കമ്പനികളാണ് എന്‍ഡിടിവിക്ക് ഉണ്ടായിരുന്നത്. 2012 ആകുമ്പോഴേക്കും 32 കമ്പനികള്‍ രൂപീകരിച്ചു. മൗറീഷ്യസ്, ഇംഗ്ലണ്ട്, നെതര്‍ലാന്റ്, സ്വീഡന്‍, യുഎഇ തുടങ്ങി വിദേശ രാജ്യങ്ങളിലായിരുന്നു 14 കമ്പനികള്‍. ജീവനക്കാരോ ഓഫീസോ ഇല്ലാത്ത കമ്പനികളായിരുന്നു ഇത്. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ചാനലിലെത്തിച്ചതിന് ശേഷം ഭൂരിഭാഗം കമ്പനികളും ഇല്ലാതാക്കി.

അനുബന്ധ കമ്പനികളിലൂടെ നടത്തിയ നിക്ഷേപങ്ങളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ കൈമാറാന്‍ പ്രണോയ് റോയ് തയ്യാറായില്ല. 2007-2009 കാലത്ത്, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്റ്, ഇംഗ്ലണ്ട്, അമേരിക്ക, സ്വിറ്റ്‌സര്‍ലാന്റ്, നെതര്‍ലാന്റ് എന്നിവിടങ്ങളില്‍ നിന്ന് പണം സ്വരൂപിച്ചതായാണ് കമ്പനി അവകാശപ്പെട്ടത്. എന്നാല്‍ ഇത് വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ടു ജി സ്‌പെക്ട്രം അഴിമതിയില്‍ അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന പി. ചിദംബരത്തിന് ലഭിച്ച പണമുള്‍പ്പെടെ ഇത്തരം കടലാസ് കമ്പനികളിലൂടെ എന്‍ഡിടിവിയിലെത്തിയെന്നാണ് ആരോപണം. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്‍ഡിടിവിക്കെതിരായ അന്വേഷണം വരുംദിവസങ്ങളില്‍ രാജ്യത്ത് വലിയ രാഷ്ട്രീയ ചലനമുണ്ടാക്കുമെന്നാണ് സൂചനകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.