ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ സെമിയില്‍

Sunday 11 June 2017 9:56 pm IST

ബര്‍മിംഗ്ഹാം: ദക്ഷിണാഫ്രിക്കയെ മലര്‍ത്തിയടിച്ച് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ സെമിയില്‍ കടന്നു. ഗ്രൂപ്പ് ബിയിലെ നിര്‍ണായകമായ മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ശിഖര്‍ ധവാന്റെയും (78) നായകന്‍ വിരാട് കോഹ്ലിയുടേയും (76) അര്‍ധ സെഞ്ചുറി മികവിലാണ് ഇന്ത്യന്‍ ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 38 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ബോളിംഗിലും ബാറ്റിംഗിലും സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് ഇന്ത്യന്‍ ജയം. ദക്ഷിണാഫ്രിക്കയുടെ കുഞ്ഞന്‍ സ്‌കോറിനെ പിന്തുടര്‍ന്ന ഇന്ത്യ അനായാസമായാണ് ലക്ഷ്യത്തിലെത്തിയത്. ഇന്ത്യയെ ഒരിക്കല്‍പോലും പ്രതിരോധിലാക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞില്ല. രോഹിത് ശര്‍മയെ (12) തുടക്കത്തിലേ വീഴ്ത്താനായെങ്കിലും പിന്നീടങ്ങോട്ട് ഡ്രൈവിംഗ് സീറ്റില്‍ ധവാനും കോഹ്ലിയും മാറിമാറി കയറിയിരുന്നു. 83 പന്ത് നേരിട്ട ധവാന്‍ 13 തവണയാണ് പന്തിനെ അതിര്‍ത്തി കടത്തിയത്. ഒരു സിക്‌സും ഉള്‍പ്പെടെ ആകെ നേടിയ 78 റണ്‍സില്‍ 54 റണ്‍സും ബൗണ്ടറിയിലൂടെയാണ് ധവാന്‍ അടിച്ചുകൂട്ടിയത്. ധവാന്‍ പുറത്തായ ശേഷമെത്തിയ യുവരാജ് (24) കൂടുതല്‍ പരിക്കില്ലാതെ ഇന്ത്യയെ വിജയതീരത്ത് എത്തിച്ചു. കോഹ്ലിയും യുവരാജും പുറത്താകാതെ നിന്നു. നേരത്തെ ഓപ്പണര്‍ ഡികോക്കിന്റെ (53) അര്‍ധസെഞ്ചുറി മികവിലാണ് ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റിന് 140 എന്ന നിലയില്‍നിന്നാണ് ദക്ഷിണാഫ്രിക്ക തകര്‍ന്നത്. 44.3 ഓവറില്‍ 191 റണ്‍സിന് എല്ലാവരും പുറത്തായി. ഡികോക്കിനെ കൂടാതെ ഹാഷിം അംലയും (35) ഡുപ്ലസിയും (36) മാത്രമാണ് സ്‌കോര്‍ബോര്‍ഡില്‍ കാര്യമായ സംഭാവ നല്‍കിയത്. മധ്യനിരയേയും വാലറ്റത്തേയും തകര്‍ത്താണ് ദക്ഷിണാഫ്രിക്കയെ ചെറുസ്‌കോറിലേക്ക് ഇന്ത്യ ഒതുക്കിയത്. ഓപ്പണര്‍മാരായ ഡികോകും അംലയും മികച്ച തുടക്കം നല്‍കിയിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് മുതലാക്കാനായില്ല. മൂന്നാമനായെത്തിയ ഡുപ്ലസിയും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. തുടര്‍ച്ചയായ രണ്ട് റണ്ണ് ഔട്ടുകളാണ് ദക്ഷിണാഫ്രിക്കയെ പിടിച്ചുലച്ചത്. ക്യാപ്റ്റന്‍ എബി ഡി വില്ലേഴ്‌സും (16) ഡേവിഡ് മില്ലറും (1) അടുത്തടുത്ത ഓവറുകളില്‍ റണ്‍ ഔട്ടായതോടെ ഇന്ത്യ കളിയില്‍ പിടിമുറുക്കി. ജെപി ഡുമിനി (20) പുറത്താകാതെ നിന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വാലറ്റത്തുനിന്ന് പിന്തുണ ലഭിച്ചില്ല. 24 റണ്‍സ് എടുക്കുന്നതിനിടെയാണ് അവസാന അഞ്ചു വിക്കറ്റുകള്‍ നിലംപൊത്തിയത്. ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ കുറഞ്ഞ സ്‌കോറില്‍ പിടിച്ചുകെട്ടിയത്. ഭുവനേശ്വര്‍ കുമാറും ബുംമ്രയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ മറ്റുള്ളവര്‍ ഓരോ വിക്കറ്റുവീതം വീതംവച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.