കര്‍ഷകരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കും; കേന്ദ്ര മന്ത്രി

Sunday 11 June 2017 9:56 pm IST

പാലക്കാട്: രാജ്യത്തെ ഭക്ഷ്യവ്യവസായ രംഗം ഊര്‍ജ്ജിതമാക്കി കര്‍ഷകരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയാണ് കേന്ദസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ഭക്ഷ്യസംസ്‌കരണ-വ്യവസായ മന്ത്രി ഹര്‍സിമ്രത്ത് കൗര്‍ ബാദല്‍ പറഞ്ഞു. കഞ്ചിക്കോട് കിന്‍ഫ്ര മെഗാ ഫുഡ്പാര്‍ക്കിന്റെ ശിലാസ്ഥാപന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. 2022-ഓടെ കര്‍ഷകരുടെ വരുമാനം നിലവിലുളളതിന്റെ ഇരട്ടിയാക്കുന്നത് ലക്ഷ്യമിട്ടുളള പ്രവര്‍ത്തനമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തി വരുന്നത്. ഭാരതത്തില്‍ കാര്‍ഷികോത്പാദനം 10 ശതമാനം മാത്രമെ നടക്കുന്നുള്ളൂ. കേരളത്തില്‍ എറണാകുളം, കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളിലെ അനുബന്ധ സംസ്‌കരണശാലകളും കൂടി ചേരുമ്പോള്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ ശേഖരണവും സംസ്‌ക്കരണവും ഒരു യൂണിറ്റിനു കീഴില്‍ വരും. കേരളത്തിലെ രണ്ടു മെഗാ ഫുഡ്പാര്‍ക്കുകളും സജീവമാകുന്നതോടെ 500 കോടിയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. അതുവഴി 5000 യുവാക്കള്‍ക്ക തൊഴില്‍ ലഭ്യമാകുന്നതിന് പുറമെ 25000 ത്തോളം കര്‍ഷകര്‍ക്ക് പാര്‍ക്കുകള്‍ തൊഴില്‍-സാമ്പത്തിക ഭദ്രത ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സുഗന്ധവ്യജ്ഞന ഉത്പാദകര്‍ക്ക് കൂടി ഗുണം ചെയ്യുന്ന 6000 കോടിയുടെ ഒരു കാര്‍ഷിക പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാകും. സ്വകാര്യ യൂണിറ്റുകളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കി എല്ലാ സംസ്ഥാനങ്ങളിലേയും കര്‍ഷകര്‍ക്ക് ഗുണകരമായ തരത്തില്‍ സബ്‌സിഡി പ്രദാനം ചെയ്തുകൊണ്ടാവും പദ്ധതി ആവിഷ്‌കരിക്കുക. കാര്‍ഷിക വ്യവസായത്തില്‍ ഊന്നിയുളള പൊതുവികസനമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു ഫുഡ്പാര്‍ക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ റബ്ബര്‍, കുരുമുളക് പോലുളള അപൂര്‍വ കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണി പ്രതിസന്ധിയിലാണ്. അവയുടെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കും. സംസ്ഥാനത്ത് ലഭ്യമാകുന്ന തേങ്ങ, ചക്ക തുടങ്ങിയ നാടന്‍ ഉത്പന്നങ്ങള്‍ ശേഖരിച്ചും സംസ്‌ക്കരിച്ചും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കാന്‍ സംസ്‌കരണ കേന്ദങ്ങള്‍ സ്ഥാപിക്കും. കിന്‍ഫ്രകെഎസ്.ഐ.ഡി.സി എന്നിവയിലൂടെ തൊഴിലവസരങ്ങള്‍ കൂടി ലക്ഷ്യമിട്ടുളള പദ്ധികള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുക. വ്യവസായ സംരംഭകര്‍ക്ക് കാലതാമസം കൂടാതെ കാര്യങ്ങള്‍ നടപ്പാക്കാനുളള വ്യവസായ സൗഹൃദാന്തരീക്ഷം സംജാതമാക്കും.ഫുഡ്പാര്‍ക്ക് 2018 മെയില്‍ സമയബന്ധിതമായി പൂര്‍ത്തായാക്കും. മന്ത്രി എ.സി. മൊയ്തീന്‍ വിശിഷ്ട പ്രഭാഷണം നടത്തി. കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി ആദ്യ അലോട്ട്‌മെന്റ് കൈമാറലും വിശിഷ്ട പ്രഭാഷണവും നിര്‍വഹിച്ചു. എം.ബി. രാജേഷ് എം.പി, കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടി, തദ്ദേശ സ്ഥാപന പ്രതിനിധികളായ മാധുരി പത്മനാഭന്‍, കെ.പി. ഷൈജ, എ. തങ്കമണി, കെ. ഉണ്ണികൃഷ്ണന്‍, നിതിന്‍ കണിച്ചേരി, ചിന്നസ്വാമി, വി.ി. ഉദയകുമാര്‍, എം. പുഷ്പ, ബിജു. സി, എല്‍. ഗോപാലന്‍, സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍, ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണദാസ്, ഐ.യു.എം.എല്‍ ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുള്ള, പോള്‍ ആന്റണി ഐ.എ.എസ്, കിന്‍ഫ്ര പ്രൊജക്ട്‌സ് ജനറല്‍ മാനേജര്‍ ഡോ. ടി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.